രണ്ടാം നാളിലും പച്ച തൊടാതെ സെന്‍സെക്‌സ്; നഷ്ടം വരിച്ച് ഫാക്ട്, രൂപ റെക്കോഡ്‌ താഴ്ചയില്‍

പുതിയ ആഴ്ചയിലെ രണ്ടാം ദിനത്തിലും നഷ്ടത്തിലേക്ക് നടന്നു കയറി സെന്‍സെക്‌സ്. ഇന്ന് 76,680.90 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത്. പിന്നീട് ദിവസം മുഴുവന്‍ 76,296.44നും 76,860.53നുമിടയില്‍ ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവിൽ 33.49 ഇടിവോടെ 76,456.59 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.

അതേ സമയം നിഫ്റ്റി ഇന്ന് 23,283.75 എന്ന താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 23,206.65നും 23,389.45നുമിടയില്‍ നിലനിന്നു. വ്യാപാരാന്ത്യം 5.65 പോയിന്റിന്റെ നേരിയ നേട്ടത്തോടെ 23,264.85ലെത്തി.
രൂപയിന്ന് ഡോളറിനെതിരെ റെക്കോഡ് താഴ്ചയിലെത്തി. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായതാണ് രൂപയിലും സമ്മര്‍ദ്ദമുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ച് ഇടപെടല്‍ നടത്തിയത് രൂപയെ കൂടുതല്‍ വീഴ്ചയിലേക്ക് പോകാതെ പിടിച്ചു നിറുത്തി. നിലവില്‍ ഡോളറിനെതിരെ 0.1 ശതമാനം ഇടിഞ്ഞ് 83.56ലാണ് രൂപയുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ 83.57 എന്ന റെക്കോഡ് താഴ്ചയ്ക്കടുത്താണ് നിലവില്‍ രൂപ.
ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇടിവിലേക്ക് പോയ യൂറോപ്യന്‍ വിപണികള്‍ ഇന്ന് നേരിയ തിരിച്ചു വരവ് നടത്തി. എന്നാല്‍ യു.എസിലെ പണപ്പെരുപ്പക്കണക്കുകളിലേക്കും നാളെ നടക്കുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗത്തിലേക്കും നിക്ഷേപകര്‍ ശ്രദ്ധ തിരിച്ചിട്ടുണ്ട്.
വിവിധ മേഖലകളുടെ പ്രകടനം
ബി.എസ്.ഇ സ്‌മോള്‍ക്യാപ് സൂചിക ഇന്ന് 0.95 ശതമാനവും മിഡ്ക്യാപ് സൂചിക 0.74 ശതമാനവും മുന്നേറി. എന്നാല്‍ മുഖ്യ വിഭാഗങ്ങളായ ബാങ്ക്, ധനകാര്യ സേവനം, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, എഫ്.എം.സി.ജി എന്നിവ നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ, റിയല്‍റ്റി, ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ നേട്ടത്തിലുമായിരുന്നു.
എന്‍.എസ്.സി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.81 ശതമാനം, 0.55 ശതമാനം എന്നിങ്ങനെ മുന്നേറി.

വിവിധ സൂചികകളുടെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 3,969 ഓഹരികള്‍ വ്യാപാരം നടത്തിയതിൽ 2,461 ഓഹരികളും നേട്ടത്തിലായി. 1,402 ഓഹരികളുട വില ഇടിഞ്ഞു. 106 ഓഹരികളുടെ വില മാറിയില്ല. 254 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില താണ്ടിയത്. 22 ഓഹരികള്‍ താഴ്ന്ന വില തൊട്ടു.
ഇന്ന് നാല് വീതം ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും ലോവര്‍ സര്‍ക്യൂട്ടിലുമുണ്ടായിരുന്നു.

ബി.എസ്.ഇ സൂചികയിലെ 30ല്‍ 15 ഓഹരികളും ഇന്ന് ചുവപ്പണിഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി, സണ്‍ഫാര്‍മ, എന്നിവയാണ് ഇന്ന് സൂചികകളെ താഴ്ക്ക് വലിച്ചത്.

അതേ സമയം എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി ഇന്ത്യ, എന്‍.ടി.പി.സി, അള്‍ട്രടെക് സിമന്റ് എന്നിവ വിപണിക്ക് പിന്തുണ നല്‍കി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ 13,722 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. 11,150 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 16,934 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14,610 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു.

നിഫ്റ്റി 50യില്‍ 22 ഓഹരികള്‍ നഷ്ടം രുചിച്ചു. കോട്ടക് മഹീന്ദ്ര ബാങ്ക്. ഡിവിസ് ലബോറട്ടറീസ്, ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. ഒ.എന്‍.ജി.സി, ടാറ്റ് മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, മാരുതി സുസുക്കി എന്നിവ നിഫ്റ്റി 50യിലെ കരുത്തരായി.

കുതിച്ചും കിതച്ചും ഇവര്‍
ഓഹരി വില്‍പ്പന വഴിയോ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴിയോ കടപത്രങ്ങളിറക്കി ഒന്നോ അതിലധികം തവണകളായോ 300 കോടി ഡോളര്‍ സമാഹരിക്കാന്‍ എസ്.ബി.ഐയ്ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിച്ചു. ഓഹരിയില്‍ ഇന്ന് 0.8 ശതമാനം വര്‍ധനയുണ്ടായി.

ഗെയില്‍ മദ്ധ്യപ്രദേശിലെ ഈഥൈന്‍ പ്ലാന്റിനായി 60,000 കോടിരൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഗെയില്‍ ഓഹരികള്‍ മൂന്ന് ശതമാനം ഉയര്‍ന്നു. വിദേശ ബ്രോക്കറേജായ ജെ.പി മോര്‍ഗന്‍ ഓഹരിയുടെ ലക്ഷ്യവില 250 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 20 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സര്‍ക്കാരിന്റെ നയതീരുമാനങ്ങളിലും വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലും മറ്റ് ആഗോള വാര്‍ത്തകളിലുമാണ് വിപണിയുടെ ശ്രദ്ധ. അതിനാല്‍ നിക്ഷേപകര്‍ ലാര്‍ജ്ക്യാപ് ഓഹരികളില്‍ ലാഭഭമെടുപ്പ് നടത്തുകയാണ്.

ഇന്ന് നേട്ടം കുറിച്ചവര്‍

ഓയില്‍ ഇന്ത്യ, ഒ.എന്‍.ജി.സി, പെട്രോനെറ്റ് എല്‍.എന്‍.ജി, ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റെയില്‍ വികാസ് നിഗം ലിമിറ്റഡ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ നേട്ടക്കാരുടെ പട്ടികയിലിടം പിടിച്ചത്.
എംകെ(Emkay) അനലിസ്റ്റുകള്‍ അനുകൂല റേറ്റിംഗ് നല്‍കിയതാണ് ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്.

ഇന്ന് നഷ്ടം കുറിച്ചവര്‍

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ്, എഫ്.എ.സി.ടി, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, അവന്യൂ സൂപ്പര്‍മാര്‍ട്ട് എന്നിവയാണ് നഷ്ടത്തില്‍ മുന്നിലെത്തിയത്.
ഇന്നവേറ്റീവ് സൊല്യൂഷന്‍സിനായി ഗൂഗ്ള്‍ ക്ലൗഡുമായി കരാര്‍ ഒപ്പുവച്ച പെര്‍സിസ്റ്റന്റ് സിസ്റ്റംസ് രണ്ട് ശതമാനം ഉയര്‍ന്നു.
ഇന്‍ഡിഗോ പ്രമോട്ടര്‍മാര്‍ രണ്ട് ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡില്‍ വഴി വിറ്റഴിച്ചേക്കുമെന്ന സൂചനകള്‍ ഓഹരിയിൽ മൂന്ന് ശതമാനം ഇടിവുണ്ടാക്കി.

പി.എന്‍.സി ഇന്‍ഫ്രാ ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടന്നതോടെ ഓഹരി 10 ശതമാനം ഇടിഞ്ഞു.

ഉണർവില്ലാതെ കേരള ഓഹരികൾ
കേരള കമ്പനികളില്‍ വമ്പന്‍ ഓഹരികളൊന്നും വിലയ മുന്നേറ്റമോ വീഴ്ചയോ കാഴ്ചവച്ചില്ല. ഫെഡറല്‍ ബാങ്ക് ഓഹരിക്ക് ബ്രോക്കറേജുകള്‍ 'ബൈ' റേറ്റിംഗ് നല്‍കിയിരുന്നു. ഓഹരി വില ഇന്ന് രണ്ട്ശതമാനത്തോളം ഉയര്‍ന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, നിറ്റ ജെലാറ്റിൻ, ടി.സി.എം എന്നീ ഓഹരികള്‍ ഇന്ന് 4-5 ശതമാനം ഉയര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പ്രൈമ അഗ്രോ, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, എഫ്.എം.സി.ജി, പ്രൈമ ഇന്‍ഡസ്ട്രീസ്, പോപ്പീസ് കെയര്‍ എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയ കേരള കമ്പനി ഓഹരികള്‍.


Related Articles
Next Story
Videos
Share it