

ഇന്നലെ നേട്ടത്തിലായിരുന്ന വിപണി ഇന്ന് നഷ്ടത്തിലേക്ക് വീണു. ഓഗസ്റ്റ് 15 ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നിക്ഷേപകർ ജാഗ്രതയോടെയുളള സമീപനമാണ് സ്വീകരിക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തിങ്കളാഴ്ച 1,202.65 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇത് ആഭ്യന്തര വിപണിയില്‍ സമ്മർദം വർദ്ധിപ്പിച്ചു.
ദുര്‍ബലമായ ആഗോള സൂചനകളും വിപണി നഷ്ടത്തിലാകാനുളള കാരണമാണ്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് എന്നിവയുൾപ്പെടെ പ്രധാന ഏഷ്യൻ വിപണികൾ താഴ്ന്നു. യുഎസ് വിപണികളും തിങ്കളാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. യുഎസ് ഉപഭോക്തൃ വില സൂചിക ഡാറ്റ പുറത്തുവരാനിരിക്കുന്നത് വിപണിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവും വിപണി സമ്മര്‍ദത്തിലാകാനുളള കാരണമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 0.33 ശതമാനം ഉയർന്ന് 66.85 യുഎസ് ഡോളറിലെത്തി.
ജൂലൈയിലെ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഇളവ് വരുത്തിയതിനാൽ ഇന്ത്യയുടെ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.76 ശതമാനത്തിൽ എത്തുമെന്നാണ് റോയിട്ടേഴ്‌സ് പോൾ പ്രവചിക്കുന്നത്.
സെൻസെക്സ് 0.46 ശതമാനം (368.49 പോയിന്റ്) ഇടിഞ്ഞ് 80,235.59 ലും നിഫ്റ്റി 0.40 ശതമാനം (97.65 പോയിന്റ്) ഇടിഞ്ഞ് 24,487.40 ലും എത്തി
ഓട്ടോ, ഫാർമ, മെറ്റൽ, ഓയിൽ & ഗ്യാസ്, ഐടി, മീഡിയ എന്നിവ 0.3 ശതമാനം മുതല്‍ 0.7 ശതമാനം വരെ ഉയർന്നു.
റിയൽറ്റി, എഫ്എംസിജി, പ്രൈവറ്റ് ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 0.8 ശതമാനം വരെ ഇടിഞ്ഞു.
മിഡ്ക്യാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് ബൈ കോള്‍ നല്‍കിയ ശേഷം ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഓഹരികൾ 3 ശതമാനം വരെ നേട്ടമുണ്ടാക്കി. ഓഹരിക്ക് 21 ശതമാനം വരെ വർദ്ധനവിനുളള സാധ്യതയുളളതായി ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നു. ഓഹരി 2,202 രൂപയിലാണ് ക്ലോസ് ചെയ്തത്.
മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര, എം ആൻഡ് എം, എൻടിസിപി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബാറ്റ ഇന്ത്യ ഓഹരി 4 ശതമാനത്തിലധികം ഇടിഞ്ഞു. ജൂൺ പാദത്തിൽ പാദരക്ഷ നിർമ്മാതാക്കൾ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. കമ്പനിയുടെ അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 52 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനി 174 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി 1,133 രൂപയില്‍ ക്ലോസ് ചെയ്തു.
ബജാജ് ഫിനാൻസ്, എച്ച്‌യുഎൽ, ട്രെന്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, നെസ്‌ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫാക്ട് ഓഹരി 4.06 ശതമാനം നേട്ടത്തില്‍ 951.90 രൂപയിലെത്തി. കിറ്റെക്സ് ഗാര്‍മെന്റ്സ് (5%), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ (2.95%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (2.67%) തുടങ്ങിയ ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പോപ്പീസ് കെയര്‍ ഏകദേശം 5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഓഹരി 36.86 രൂപയില്‍ ക്ലോസ് ചെയ്തു. സി.എസ്.ബി ബാങ്ക് (-5.82%), മുത്തൂറ്റ് മൈക്രോഫിന്‍ (-3.96%), കല്യാണ്‍ ജുവലേഴ്സ് (-2.70%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.
Stock market closing analysis 12 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine