സെൻസെക്സ് നഷ്ടത്തിൽ; കുതിച്ച് സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും

ഇന്ത്യയുടെയും അമേരിക്കയുടെയും ജൂണിലെ റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ സംബന്ധിച്ച ആശങ്ക ശക്തമായതിനെ തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് കുറിച്ചിട്ടത് നഷ്ടം. കണക്കുകള്‍ വൈകാതെ പുറത്തുവരും. സെന്‍സെക്‌സ് ഇന്ന് 223.94 പോയിന്റ് (0.34 ശതമാനം) ഇടിഞ്ഞ് 65,393.50ലും നിഫ്റ്റി 55.10 പോയിന്റ് (0.28 ശതമാനം) താഴ്ന്ന് 19,384.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പണപ്പെരുപ്പത്തില്‍ നേരിയ വര്‍ദ്ധനയുണ്ടായാല്‍ പോലും ഇന്ത്യയുടെ റിസര്‍വ് ബാങ്കും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും അടിസ്ഥാന പലിശനയം കടുപ്പിച്ചേക്കുമെന്ന ഭീതിയാണ് നിക്ഷേപകരെ വലയ്ക്കുന്നത്. ഏപ്രില്‍-ജൂണ്‍പാദ പ്രവത്തനഫലങ്ങള്‍ പുറത്തുവരാനിരിക്കേ ഐ.ടി, ബാങ്കിംഗ് ഓഹരികളിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദവും ഇന്ന് ഓഹരി സൂചികകളുടെ ഇടിവിന് വഴിയൊരുക്കി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

ടി.സി.എസ് പ്രവര്‍ത്തനഫലം പുറത്തുവിട്ട് കഴിഞ്ഞു. സംയോജിത ലാഭം 17 ശതമാനം ഉയര്‍ന്ന് 11,074 കോടി രൂപയിലും വരുമാനം 13 ശതമാനം വര്‍ദ്ധിച്ച് 59,381 കോടി രൂപയിലുമെത്തി. ഓഹരിയൊന്നിന് 9 രൂപ വീതം ലാഭവിവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച കണക്കുകളാണ് കമ്പനി പുറത്തുവിട്ടതെങ്കിലും ഓഹരികള്‍ ഇന്ന് 0.38 ശതമാനം നഷ്ടത്തിലാണുള്ളത്.
നിരാശപ്പെടുത്തിയവര്‍
ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ടു. എന്‍.ടി.പി.സി., എല്‍ ആന്‍ഡ് ടി എന്നിവയും നിരാശപ്പെടുത്തി.
ഇന്ന് ഏറ്റവുമധികം നിരാശപ്പെടുത്തിയവ

എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിച്ച എച്ച്.ഡി.എഫ്.സിയുടെ അവസാന വ്യാപാര ദിനമായിരുന്നു ഇന്ന്. നാളെ എച്ച്.ഡി.എഫ്.സി ഓഹരി ഡീലിസ്റ്റ് ചെയ്യും. 0.80 ശതമാനം നഷ്ടത്തോടെയാണ് എച്ച്.ഡി.എഫ്.സി ഓഹരികളുടെ വിടപറയല്‍.
നിഫ്റ്റിയില്‍ ബാങ്ക്, ഓട്ടോ, ധനകാര്യം, ഐ.ടി., ലോഹം, സ്വകാര്യബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്. ഐ.ടി സൂചിക 0.71 ശതമാനം ഇടിഞ്ഞു. എല്‍.ടി.ഐ മൈന്‍ഡ്ട്രീ, ഡോ.ലാ പാത്ത് ലാബ്‌സ്, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ആദിത്യ ബിര്‍ള ഫാഷന്‍, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍. ജി.എസ്.ടി സെസ് ഏർപ്പെടുത്തിയ നടപടിയാണ് വാഹന ഓഹരികളെ ബാധിച്ചത്.
പിടിച്ചുനിന്നവര്‍
പ്രതികൂല സാഹചര്യത്തിനിടയിലും നിഫ്റ്റി മിഡ്ക്യാപ്പ് ഇന്ന് 0.43 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.76 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ, എഫ്.എം.സി.ജി., ഫാര്‍മ, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളും പിടിച്ചുനിന്നു. പി.എസ്.യു ബാങ്കോഹരികള്‍ 0.83 ശതമാനം ഉയര്‍ന്നു.
കോട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, നെസ്‌ലെ എന്നിവ കുറിച്ച നേട്ടമില്ലായിരുന്നെങ്കില്‍ ഇന്ന് സെന്‍സെക്‌സിന്റെ നില കൂടുതല്‍ പരുങ്ങലിലാകുമായിരുന്നു.
ഇന്ന് ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയവ

വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം), പി.ബി. ഫിന്‍ടെക്, ഇന്ത്യന്‍ ബാങ്ക്, ആസ്ട്രല്‍, എന്‍.എം.ഡി.സി എന്നിവയാണ് നിഫ്റ്റിയില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍.
സെന്‍സെക്‌സില്‍ ഇന്ന് 1,745 ഓഹരികള്‍ നേട്ടമുണ്ടാക്കി; 1,713 എണ്ണം നഷ്ടത്തിലാണ്. 143 ഓഹരികളുടെ വില മാറിയില്ല. 52 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 38 എണ്ണം താഴ്ചയിലുമായിരുന്നു. 13 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത് അപ്പര്‍സര്‍ക്യൂട്ടിലും 8 കമ്പനികളുടേത് ലോവര്‍ സര്‍ക്യൂട്ടിലും ആയിരുന്നു.
കുതിച്ച് ഈ കേരള ബാങ്കുകള്‍
ഇന്ന് ധനലക്ഷ്മി ബാങ്കിന്റെ ദിവസമായിരുന്നു; സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും. ഇരുബാങ്കുകളും വൈകാതെ ജൂണ്‍പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും. പ്രാഥമിക അനുമാനക്കണക്ക് പ്രകാരം വായ്പകളിലുണ്ടായ വലിയ കുതിച്ചുചാട്ടമാണ് ധനലക്ഷ്മി ബാങ്കിന് ഇന്ന് നേട്ടമായത്. ബാങ്കിന്റെ ഓഹരി ഇന്ന് 15.75 ശതമാനം കുതിച്ച് 22.05 രൂപയിലെത്തി.
കേരളം ആസ്ഥാനമായുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്ന് കാഴ്ചവച്ച പ്രകടനം

ജൂണ്‍പാദ ഫലം മികച്ചതാകുമെന്ന പ്രതീക്ഷകളിന്മേലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും മുന്നേറ്റം; ഓഹരി ഇന്ന് 8.96 ശതമാനം മുന്നേറി 23.10 രൂപയായി. 52-ആഴ്ചയിലെ ഏറ്റവും ഉയരമാണിത്. കൊച്ചിന്‍ മിനറല്‍സ് (4.33 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.93 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (3.19 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര (4.13 ശതമാനം) എന്നിവയും ഇന്ന് മികച്ച പ്രകടനം നടത്തി.
വണ്ടര്‍ല (2.88 ശതമാനം), കേരള ആയുര്‍വേദ (2.77 ശതമാനം), ഇന്‍ഡിട്രേഡ് (2.26 ശതമാനം), ഹാരിസണ്‍സ് മലയാളം (2.04 ശതമാനം) എന്നിവയും ഭേദപ്പെട്ട നേട്ടം കുറിച്ചു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, ഫാക്ട്, മണപ്പുറം ഫൈനാന്‍സ്, സ്‌കൂബീഡേ, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, വി-ഗാര്‍ഡ് എന്നിവ നിരാശപ്പെടുത്തി.
രൂപയ്ക്ക് നേട്ടം
പണപ്പെരുപ്പം സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് ഡോളര്‍ ദുര്‍ബലമായത് രൂപയ്ക്ക് നേട്ടമായി. മറ്റ് ഏഷ്യന്‍ കറന്‍സികളുടെ ചുവടുപിടിച്ച് രൂപ ഇന്ന് 0.14 ശതമാനം നേട്ടത്തോടെ ഡോളറിനെതിരെ 82.25 എന്ന മൂല്യത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും നേട്ടത്തിലാണ് രൂപ. കഴിഞ്ഞ 11 വ്യാപാര സെഷനുകളില്‍ എട്ടിലും നേട്ടം കുറിക്കാന്‍ രൂപയ്ക്ക് കഴിഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it