റെക്കോഡ് കൈവിട്ട് നിഫ്റ്റി; മിഡ്, സ്‌മോള്‍ക്യാപ്പുകളില്‍ തകൃതിയായി ലാഭമെടുപ്പ്

റെക്കോഡ് മുന്നേറ്റം മുതലെടുത്ത് നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ എട്ടാംനാളില്‍ നഷ്ടത്തിലേക്ക് വീണ് നിഫ്റ്റി. ഇന്നൊരുവേള സര്‍വകാല റെക്കോഡായ 20,110.35 വരെ ഉയര്‍ന്ന നിഫ്റ്റി ലാഭമെടുപ്പിനെ തുടര്‍ന്ന് 3.15 പോയിന്റ് നഷ്ടവുമായി 19,993.20ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒരുവേള 67,539.10 വരെ ഉയര്‍ന്നെങ്കിലും സെന്‍സെക്‌സിലും പിന്നീട് ലാഭമെടുപ്പ് തകൃതിയായി. 94.05 പോയിന്റ് (0.14%) മാത്രം നേട്ടത്തോടെ 67,221.13ലാണ് സെന്‍സെക്‌സ് വ്യാപാരാന്ത്യത്തിലുള്ളത്.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ചവെച്ച പ്രകടനം

സെന്‍സെക്‌സില്‍ ഇന്ന് 745 കമ്പനികളേ നേട്ടത്തിലേറിയുള്ളൂ. 2,934 കമ്പനികളുടെ ഓഹരികള്‍ ലാഭമെടുപ്പിന്റെ തിരയില്‍പ്പെട്ടു. 126 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. 263 കമ്പനികള്‍ 52-ആഴ്ചയിലെ ഉയരം കണ്ടു; 20 എണ്ണം താഴ്ചയും. അപ്പര്‍-സര്‍കീട്ടില്‍ 7 കമ്പനികളെത്തി; ലോവര്‍-സര്‍കീട്ടില്‍ രണ്ടും. ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം മൂല്യം 324 ലക്ഷം കോടി രൂപയില്‍ നിന്ന് 318.66 ലക്ഷം കോടി രൂപയിലേക്കും കൂപ്പുകുത്തി; ഇന്ന് ഒറ്റദിവസം മാത്രം കൊഴിഞ്ഞത് 5.4 ലക്ഷം കോടിയോളം രൂപ.
റെക്കോഡ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഓഹരികളില്‍ ലാഭമെടുപ്പ് ഉണ്ടായേക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമായിരുന്നു. ഇന്നലെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ പല ഓഹരികളിലും ഇന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിനായി തിക്കിത്തിരക്കുന്നത് കാണാമായിരുന്നു.
ഡോളറിനെതിരെ കഴിഞ്ഞദിവസങ്ങളില്‍ സമ്മര്‍ദ്ദിലായിരുന്ന ഇന്ത്യന്‍ റുപ്പി ഇന്ന് നേരിയ നേട്ടത്തിലാണ്. 82.98ല്‍ നിന്ന് 82.94ലേക്ക് മൂല്യം മെച്ചപ്പെട്ടു. 7-ദിവസം തുടര്‍ച്ചയായി മുന്നേറിയശേഷം ഡോളര്‍ ഇന്‍ഡെക്‌സ് (മറ്റ് 6 പ്രമുഖ രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം) ഇന്ന് താഴ്ന്നതാണ് രൂപയ്ക്കും നേട്ടമായത്.
വിപണിയുടെ ട്രെന്‍ഡ്
മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് ഓഹരികളിലെ ലാഭമെടുപ്പാണ് ഓഹരി സൂചികകളെ ഇന്ന് പ്രധാനമായും വലച്ചത്. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 3.07 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്പ് സൂചിക 4.10 ശതമാനവും നഷ്ടം നേരിട്ടു.
നിഫ്റ്റി മീഡിയ, മെറ്റല്‍, ഓട്ടോ, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1.86 മുതല്‍ 4.30 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി ഐ.ടി (1.03%), നിഫ്റ്റി ഫാര്‍മ (0.12%) എന്നിവ മാത്രമാണ് ഇന്ന് നേട്ടത്തില്‍ പിടിച്ചുനിന്നത്. ബാങ്ക് നിഫ്റ്റി 0.13 ശതമാനം നഷ്ടവുമായി 45,511.35ലാണുള്ളത്.
നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (ഭെല്‍/BHEL) ഇന്ന് 10.12 ശതമാനം നഷ്ടവുമായി നിഫ്റ്റി 200ലെ നഷ്ടക്കണക്കില്‍ മുന്നിലെത്തി. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ആര്‍.ഇ.സി., പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ദേവയാനി ഇന്റര്‍നാഷണല്‍ എന്നിവയാണ് 7-9 ശതമാനം നഷ്ടവുമായി ഇടിവിന്റെ ട്രാക്കില്‍ മുന്നിലുള്ള മറ്റ് ഓഹരികള്‍.
സെന്‍സെക്‌സില്‍ ബി.പി.സി.എല്‍., പവര്‍ഗ്രിഡ്, അദാനി എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ എന്നിവയാണ് കൂടുതല്‍ ലാഭമെടുപ്പ് സമ്മര്‍ദ്ദം അഭിമുഖീകരിച്ചത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ജി20 സംഗമത്തിലെ ഇന്ത്യ-മിഡില്‍ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിന്റെ കരുത്തില്‍ ഇന്നലെ വന്‍ മുന്നേറ്റം നടത്തിയ റെയില്‍വേ, തുറമുഖ ഓഹരികളില്‍ ഇന്ന് കണ്ടത് കനത്ത ലാഭമെടുപ്പാണ്. റെയില്‍വേ ഓഹരികള്‍ ശരാശരി 10 ശതമാനത്തോളം നഷ്ടത്തിലേക്ക് വീണു.
ആര്‍.വി.എന്‍.എല്‍ 52-ആഴ്ചയിലെ ഉയരത്തിലേറിയ ശേഷം പൊടുന്നനേ 14 ശതമാനത്തോളം താഴേക്ക് പതിച്ചു. ഐ.ആര്‍.എഫ്.സിയും 52-ആഴ്ചത്തെ ഉയരമായ 92 രൂപയിലെത്തിയ ശേഷം ഇന്ന് 77 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു; വീണത് 9 ശതമാനത്തോളം.
റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, ഇര്‍കോണ്‍, റൈറ്റ്‌സ്, ടിറ്റഗഡ് റെയില്‍, ടെക്‌സ്മാകോ റെയില്‍ എന്നിവയും 4-7.5 ശതമാനം നഷ്ടം നേരിട്ടു. ഷിപ്പിംഗ്, തുറമുഖ ഓഹരികളും ഇന്നലത്തെ മുന്നേറ്റത്തില്‍ നിന്ന് ഇന്ന് യു-ടേണ്‍ അടിച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 10.80 ശതമാനം നഷ്ടത്തിലാണുള്ളത്. ഇന്നൊരുവേള ഓഹരി വില 14 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. മാസഗോണ്‍ ഡോക്ക് ഓഹരി 13 ശതമാനത്തോളം താഴേക്കിറങ്ങി. സമീപകാലത്ത് വലിയ മുന്നേറ്റം നടത്തിയവയാണ് മാസഗോണ്‍ ഡോക്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍.
ഇന്നലെ മികച്ച പ്രകടനം നടത്തിയ അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണുള്ളത്. എന്‍.ഡി.ടിവി 3.68 ശതമാനം, അദാനി പവര്‍ 3.38 ശതമാനം, അദാനി എന്റര്‍പ്രൈസസ് 3.16 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 2.95 ശതമാനം എന്നിങ്ങനെ നഷ്ടത്തിലാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത് വാഹന, എണ്ണക്കമ്പനി ഓഹരികള്‍ക്ക് തിരിച്ചടിയായി. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, അശോക് ലെയ്‌ലാന്‍ഡ്, എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍., ഇന്ത്യന്‍ ഓയില്‍ ഓഹരികള്‍ തുടങ്ങിയവ ഇന്ന് നഷ്ടത്തിലേക്ക് വീണു. എന്നാല്‍, അധിക നികുതി തത്കാലം ഏര്‍പ്പെടുത്തില്ലെന്ന വിശദീകരണവുമായി ഗഡ്കരി പിന്നീട് രംഗത്തെത്തി.

ടി.സി.എസ്., എല്‍ ആന്‍ഡ് ടി., ഇന്‍ഫോസിസ്., അള്‍ട്രടെക് സിമന്റ്, ഡോ.റെഡ്ഡീസ് ലാബ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്; 1.4 മുതല്‍ 2.6 ശതമാനം വരെയാണ് ഇവയുടെ നേട്ടം.

തളര്‍ന്ന് കേരള ഓഹരികളും
വിരലിലെണ്ണാവുന്ന കേരള ഓഹരികള്‍ പോലും ഇന്ന് നേട്ടത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചില്ല. യൂണിറോയല്‍ (4.96%), ആസ്പിന്‍വോള്‍ (2.13%), സഫ സിസ്റ്റംസ് (1.88%), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.03%), സെല്ല സ്‌പേസ് (0.48%) എന്നിവ മാത്രമാണ് ഇന്ന് നേട്ടം കുറിച്ചത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പുറമേ ജിയോജിത് (9.17%), ഫാക്ട് (7.81%), മണപ്പുറം ഫിനാന്‍സ് (7.47%), പി.ടി.എല്‍ എന്റര്‍പ്രൈസസ് (6.98%) എന്നിവയാണ് നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് കേരള ഓഹരികള്‍.
ബി.പി.എല്‍ (6.38%), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (4.56%), ധനലക്ഷ്മി ബാങ്ക് (6.12%), ഫെഡറല്‍ ബാങ്ക് (4%), ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് (6.54%), ഹാരിസണ്‍സ് മലയാളം (4.86%), ഇന്‍ഡിട്രേഡ് (4.9%), കേരള ആയുര്‍വേദ (3.88%), കിറ്റെക്‌സ് (4.58%), മുത്തൂറ്റ് കാപ്പിറ്റല്‍ (4.53%), റബ്ഫില (5.41%), പാറ്റ്‌സ്പിന്‍ (5.83%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.76%), വി-ഗാര്‍ഡ് (3.08%), പ്രൈമ ഇന്‍ഡസ്ട്രീസ് (4.74%) എന്നിവയും നിരാശപ്പെടുത്തി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it