ആഭ്യന്തര-ആഗോളതലങ്ങളില്‍ നിന്ന് ആനുകൂലമായി ആഞ്ഞുവീശുന്ന കാറ്റിന്റെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാംനാളിലും നേട്ടത്തിലേറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും മാനദണ്ഡമാക്കുന്ന റീറ്റെയ്ല്‍ പണപ്പെരുപ്പം മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനത്തിലെത്തിയതും ഏപ്രിലിലെ വ്യവസായിക ഉത്പാദന സൂചികയുടെ (ഐ.ഐ.പി) വളര്‍ച്ച 4.2 ശതമാനമായി കുതിച്ചുയര്‍ന്നതുമാണ് ഓഹരിവിപണിക്ക് ആവേശമായത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം
നാണയപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാംമാസവും അഞ്ച് ശതമാനത്തിന് താഴെയായതിനാല്‍ സമീപഭാവിയിലെങ്ങും റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാന്‍ തയ്യാറാവില്ലെന്ന വിലയിരുത്തലുകളാണ് നിക്ഷേപകര്‍ക്ക് ഊര്‍ജമായത്. രാജ്യത്തെ വ്യവസായരംഗത്ത് ഉണര്‍വ് ശക്തമാണെന്ന് ഐ.ഐ.പി വളര്‍ച്ചയും ചൂണ്ടിക്കാട്ടിയതോടെ ഓഹരിവിപണി ഇന്ന് മുന്നേറുമെന്ന് ഉറപ്പായിരുന്നു.
അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയം നാളെ പുറത്തുവരും. പലിശനിരക്ക് നിലനിറുത്താന്‍ തന്നെയാണ് സാദ്ധ്യതയെന്നതും ആഗോളതലത്തില്‍ ഓഹരികള്‍ക്ക് അനുകൂല ഘടകമാണ്. ഇന്ന് സെന്‍സെക്‌സ് 418.45 പോയിന്റ് (0.67 ശതമാനം) മുന്നേറി 63,143.16ലും നിഫ്റ്റി 114.65 പോയിന്റ് (0.62 ശതമാനം) നേട്ടവുമായി 18,716.15ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
നേട്ടത്തിലേറിയവര്‍
നിഫ്റ്റി റിയല്‍റ്റി സൂചിക ഇന്ന് 3.01 ശതമാനം കുതിച്ചു. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ രണ്ടാംമാസവും പലിശനിരക്ക് നിലനിറുത്തിയാണ് മുഖ്യകാരണം. പണപ്പെരുപ്പം നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ ബാങ്കുകള്‍ ഭവന വായ്പാപ്പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും നേട്ടമായി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച ഓഹരികൾ
നിഫ്റ്റി ഓട്ടോ ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് മികച്ച നേട്ടത്തിലാണുള്ളത്. എഫ്.എം.സി.ജി, മീഡിയ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ ഒരു ശതമാനത്തിലധികം വളര്‍ന്നു.
ദേവയാനി ഇന്റര്‍നാഷണല്‍, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ആദിത്യ ബിര്‍ള ഫാഷന്‍, ട്രെന്റ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഐ.ടി.സി., ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ വന്‍കിട ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് സെന്‍സെക്‌സിന്റെ കുതിപ്പിന് വഴിയൊരുക്കിയത്.
290 ലക്ഷം കോടി കടന്ന് ബി.എസ്.ഇ
ബി.എസ്.ഇയിലെ നിക്ഷേപക മൂല്യം ഇന്ന് 2.10 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 290.03 ലക്ഷം കോടി രൂപയായി. സെന്‍സെക്‌സില്‍ ഇന്ന് 2,117 കമ്പനികള്‍ നേട്ടത്തിലേറി. 1,469 കമ്പനികള്‍ക്ക് നേട്ടത്തിന്റെ വണ്ടിയില്‍ ഇടംപിടിക്കാനായില്ല. 136 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റവുമുണ്ടായില്ല.
11 കമ്പനികള്‍ ഇന്ന് അപ്പര്‍സര്‍ക്യൂട്ടിലെത്തി. രണ്ട് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും. 228 കമ്പനികളുടെ ഓഹരിവില 52-ആഴ്ചത്തെ ഉയരത്തിലായിരുന്നു; 37 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലും.
ഒരുലക്ഷം കടന്ന് എം.ആര്‍. എഫ് പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ എം.ആര്‍.എഫിന്റെ ഓഹരിവില ഇന്ന് വ്യാപാരത്തിനിടെ ഒരുവേള ഒരുലക്ഷം രൂപ കടന്നു. ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയാണിത്. ഓഹരിവില ഒരുലക്ഷം രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവും എം.ആര്‍.എഫിനാണ്. വ്യാപാരാന്ത്യം വില 99,987.55 രൂപയാണ്.
നഷ്ടത്തിലേക്ക് വീണവര്‍
കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.സി.എല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി എന്നിവയില്‍ ഇന്ന് വില്‍പ്പനസമ്മര്‍ദ്ദം ദൃശ്യമായി. മെയിലെ പാസഞ്ചര്‍ വാഹന (പി.വി) വില്‍പ്പന 13.54 ശതമാനം ഉയര്‍ന്നുവെന്ന് സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (സിയാം) റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വാഹന ഓഹരികള്‍ ഇന്ന് സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. നിഫ്റ്റി ഓട്ടോ സൂചിക 0.11 ശതമാനം നഷ്ടത്തിലാണുള്ളത്.
ഇന്ന് കൂടുതൽ നഷ്ടം രേഖപ്പെടുത്തിയവ
പ്രമോട്ടര്‍ ഓഹരി പങ്കാളിത്തം കുറച്ചേക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ എയര്‍ലൈന്‍സ്) ഓഹരികള്‍ ഇന്നും നഷ്ടത്തിലേക്ക് വീണു. ടോറന്റ് പവര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടാറ്റാ ടെലി (മഹാരാഷ്ട്ര), ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.
നേട്ടക്കുതിപ്പില്‍ കല്യാണ്‍ ജുവലേഴ്‌സും വണ്ടര്‍ലയും
കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഏറ്റവും തിളക്കം കല്യാണ്‍ ജുവലേഴ്‌സിനായിരുന്നു. 4.70 ശതമാനം നേട്ടം കല്യാണ്‍ ഓഹരികള്‍ കുറിച്ചു. ബ്രാന്‍ഡിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന കമ്പനിയുടെ അഭിപ്രായം ഓഹരികളെ തുണച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം
വണ്ടര്‍ല ഓഹരിവില ഇന്ന് 3.63 ശതമാനം ഉയര്‍ന്നു. വെര്‍ട്ടെക്‌സും 3.85 ശതമാനം നേട്ടത്തിലാണ്. ഫാക്ട് 2.60 ശതമാനം, ജിയോജിത് 1.66 ശതമാനം, മണപ്പുറം ഫിനാന്‍സ് 2.32 ശതമാനം, റബ്ഫില 1.67 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 1.67 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 2.68 ശതമാനം താഴ്ന്നു. നിറ്റ ജെലാറ്റിന്റെ നഷ്ടം 3.50 ശതമാനമാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 1.26 ശതമാനം നഷ്ടവും നേരിട്ടു. ആസ്റ്റര്‍, എ.വി.ടി., സി.എസ്.ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
രൂപയും ക്രൂഡും ആഗോള ഓഹരികളും
അമേരിക്കയുടെ പണപ്പെരുപ്പക്കണക്കും ഫെഡറല്‍ റിസര്‍വിന്റെ പണനയവും ഉടന്‍ പുറത്തുവരാനിരിക്കേ, ഡോളര്‍ ദുര്‍ബലമായത് രൂപയ്ക്ക് ഇന്നും നേട്ടമായി. 82.36ലാണ് ഡോളറിനെതിരെ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും മികച്ച മൂല്യമാണിത്. ഇന്നലെ മൂല്യം 82.43 ആയിരുന്നു.
ക്രൂഡോയില്‍ വില ഇന്ന് തിരിച്ചുകയറി. 67 ഡോളറില്‍ നിന്ന് ഡബ്ല്യു.ടി.ഐ ക്രൂഡ് വില 68.18 ഡോളറിലാണ് നിലവില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 1.31 ഡോളര്‍ ഉയര്‍ന്ന് ബ്രെന്റ് വില 73.15 ഡോളറിലെത്തി.
അമേരിക്കയിലെ വോള്‍സ്ട്രീറ്റ്, ലണ്ടനിലെ എഫ്.ടി.എസ്.ഇ 100, പാരീസിലെ സി.എ.സി 40, ചൈനയിലെ ഷാങ്ഹായ്, ഹോങ്കോംഗ് ഓഹരി സൂചികകളിലുണ്ടായ നേട്ടവും ഇന്ന് ഇന്ത്യന്‍ ഓഹരിവിപണികളുടെ നേട്ടത്തെ സ്വാധീനിച്ചിട്ടുണ്ട്.