
ഇന്നലെ വലിയ നേട്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വീണു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ഇന്നലെ വിപണി ഏകദേശം 4 ശതമാനമാണ് ഉയർന്നത്. ഇതിനെ തുടര്‍ന്ന് റീട്ടെയിൽ നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടത് വിപണിയെ ദുര്‍ബലമാക്കി. ഇന്നത്തെ ഇടിവില്‍ 1.28 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് തീരുവ ചുമത്തിയതിന് പകരമായി ഉയര്‍ന്ന ചുങ്കം ചുമത്താനുള്ള നിർദ്ദേശവുമായി ഇന്ത്യ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) സമീപിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര അനിശ്ചിതത്വ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. യുഎസ്-ചൈന വ്യാപാര കരാർ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് ചില വിദഗ്ധർക്ക് അഭിപ്രായമുണ്ട്. ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശ മൂലധന ഒഴുക്ക് ഉണ്ടായേക്കാമെന്നാണ് ആശങ്കയുളളത്.
ഇന്ത്യ-പാക് സ്ഥിതിഗതികൾ സംബന്ധിച്ച് വിപണിയിൽ നിലനിൽക്കുന്ന ഭയത്തിന്റെ ഘടകവും വിപണി നഷ്ടത്തിലാകാനുളള കാരണമാണ്. ഉയർച്ച നിലനിർത്താൻ ആവശ്യമായ പുതിയ പോസിറ്റീവ് ഘടകങ്ങൾ നിലവിൽ ഇല്ലെന്നുളളതും ആഭ്യന്തര വിപണി ക്ഷീണത്തിലാകാനുളള കാരണമാണ്.
സെൻസെക്സ് 1.55 ശതമാനം (1,281.68 പോയിന്റ്) ഇടിഞ്ഞ് 81,148.22 ലും നിഫ്റ്റി 1.39 ശതമാനം (346.35 പോയിന്റ്) ഇടിഞ്ഞ് 24,578.35 ലും ക്ലോസ് ചെയ്തു.
സ്മാള്‍ ക്യാപ് സൂചിക 0.81 ശതമാനവും മിഡ്ക്യാപ് സൂചിക 0.19 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഐടി, മെറ്റല്‍, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ 0.9-2.5 ശതമാനം ഇടിഞ്ഞു.
മീഡിയ, പൊതുമേഖലാ ബാങ്ക്, ഫാർമ സൂചികകൾ 1-1.6 ശതമാനം വരെ ഉയർന്നു.
ഐഐഎഫ്എൽ ഫിനാൻസിന്റെ ഓഹരി 4 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ഓഹരിയുടെ റേറ്റിംഗ് എച്ച്എസ്ബിസി ഉയർത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഓഹരിയില്‍ ഏകദേശം 18 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഓഹരി 404 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഭാരത് ഇലക്ട്രോണിക്‌സ്, ജിയോ ഫിനാൻഷ്യൽ, ഹീറോ മോട്ടോകോർപ്പ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
സ്വിഗ്ഗി ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സ്വിഗ്ഗി 1,081 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി 310 രൂപയിലാണ് ക്ലോസ് ചെയ്തത്.
പവർ ഗ്രിഡ് കോർപ്പ്, ഇൻഫോസിസ്, എറ്റേണൽ, ടിസിഎസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. മൂത്തൂറ്റ് ക്യാപിറ്റല്‍ 5 ശതമാനം നേട്ടത്തില്‍ 294 രൂപയില്‍ ക്ലോസ് ചെയ്തു. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (5.13%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (2.15%), കല്യാണ്‍ ജുവലേഴ്സ് (2.87%), കിംഗ്സ് ഇന്‍ഫ്രാ (2.63%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കപ്പൽ അറ്റകുറ്റപ്പണികളും ഓഫ്‌ഷോർ നിർമ്മാണ ശേഷികളും വർദ്ധിപ്പിക്കുന്നതിനായി ഡ്രൈഡോക്സ് വേൾഡുമായി സഹകരിച്ചതിനെ തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി മൂന്നാം ദിവസവും നേട്ടത്തിലായി. ഓഹരി 3.82 ശതമാനം ഉയര്‍ന്ന് 1578 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് നേരിയ നേട്ടത്തില്‍ (0.34%) വ്യാപാരം അവസാനിപ്പിച്ചു.
കിറ്റെക്സ് ആയിരുന്നു ഇന്ന് നഷ്ട പട്ടികയില്‍ മുന്നിട്ടു നിന്നത്. ഓഹരി 3.54 ശതമാനം നഷ്ടത്തില്‍ 247 രൂപയിലാണ് ക്ലോസ് ചെയ്തത്. സ്കൂബി ഡേ (3.68%), മുത്തൂറ്റ് ഫിനാന്‍സ് (1.48%), അപ്പോളോ ടയേഴ്സ് തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് കാര്യമായി തിളങ്ങാനായില്ല.
Stock market closing analysis 13 may 2025.
Read DhanamOnline in English
Subscribe to Dhanam Magazine