ആദ്യമായി 20,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, പി.എസ്.യു ബാങ്ക് സൂചിക റെക്കോഡില്‍

ഓഹരി സൂചികകള്‍ ഇന്ന് ശക്തമായ തിരിച്ചുവരവ് കാഴ്ചവച്ച് ഒടുവില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 245.86 പോയ്ന്റ് ഉയര്‍ന്ന് 67,466.99ലും നിഫ്റ്റി 76.80 പോയ്ന്റ് ഉയര്‍ന്ന് ആദ്യമായി 20,000ത്തിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ഏഴ് ദിവസത്തെ നേട്ടത്തിനു ശേഷം നിഫ്റ്റി ഇന്നലെ താഴേക്ക് പോയിരുന്നു. ഇന്ന് 20,070 പോയ്ന്റിലാണ് വ്യാപാരാന്ത്യം നിഫ്റ്റിയുള്ളത്. സെന്‍സെക്‌സ് തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

ചില്ലറവിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ടതും വ്യാവസായിക ഉത്പാദനം വര്‍ധിച്ചതുമാണ് വിപണിയില്‍ പോസിറ്റീവ് സെന്റിമെന്റ്‌സിന് വഴിയൊരുക്കിയത്. രൂപ ഇന്ന് നേരിയ ഇടിവ് നേരിട്ടു. ഡോളറിനെതിരെ 0.08% ഇടിഞ്ഞ് 82.99ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിംഗ്‌ 82.92ലായിരുന്നു. ബ്രെന്റ് ക്രൂഡ് ഓയ്ല്‍ വില ബാരലിന് 90 ഡോളര്‍ കടന്നു

പിന്തിരിഞ്ഞ് ഐ.ടി, ഓട്ടോ സൂചികകള്‍ മാത്രം

വിശാല വിപണിയില്‍ നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 സൂചികയില്‍ കരുത്തുറ്റ റാലി പ്രകടമായി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും വ്യാപാര സെഷനില്‍ കരുത്തുറ്റ തിരിച്ചുവരവ് നടത്തി നേട്ടത്തില്‍ തന്നെ അവസാനിപ്പിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്‌, സെന്‍ട്രല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്‌ ബാങ്ക് എന്നിവയുടെ പിന്‍ബലത്തില്‍ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 4.23 ശതമാനം ഉയര്‍ന്നു. പി.എസ്.യു ബാങ്ക് സൂചിക ഇന്ന് 52 ആഴ്ചയില ഉയര്‍ന്ന നിലവാരത്തിലാണ്. സെപ്റ്റംബറില്‍ മാത്രം 10 ശതമാനത്തിലധികമാണ് പി.എസ്.യു ബാങ്ക് സൂചിക ഉയര്‍ന്നത്.
ഐ.ടി, ഓട്ടോ ഒഴികെയുള്ള മറ്റ് സൂചികകളെല്ലാം തന്നെ വിപണിക്കൊപ്പം ചലിച്ചു. നിഫ്റ്റിയിലെ 15ല്‍ 13 സൂചികകളിലും വാങ്ങല്‍ ദൃശ്യമായി.
ബി.എസ്.ഇയില്‍ 3,784 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,144 ഓഹരികളിലും മുന്നേറ്റമുണ്ടായി. 1,514 ഓഹരികള്‍ ലാഭമെടുപ്പില്‍പെട്ടു. 126 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
148 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഇയര്‍ന്ന വില താണ്ടിയപ്പോള്‍ 23 ഓഹരികള്‍ 52 ആഴ്ചയിലെ കുറഞ്ഞ വിലയിലെത്തി. ഇന്ന് അപ്പര്‍ സര്‍കീട്ടില്‍ ഒറ്റ ഓഹരി പോലുമുണ്ടായില്ല. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലേക്ക് പോയി.
നേട്ടത്തിലേറിയവര്‍

കോള്‍ ഇന്ത്യ, ഗ്രാസിം, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ച ഓഹരികള്‍.
കഫേ കോഫി ഡേ ഗ്ലോബല്‍ ഓഹരികള്‍ ഇന്ന് 16 ശതമാനം ഉയര്‍ന്നു. പാപ്പരത്ത നടപടികളില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ധാരണയിലെത്തിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയച്ചതാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത് ഉച്ചയ്ക്ക് 1.10 ന് ഓഹരി വില 50 രൂപ വരെ ഉയര്‍ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 19.65 ശതമാനം ഉയര്‍ന്ന് 51.15 രൂപയിലാണ് ഓഹരി.
നഷ്ടത്തിലിവര്‍
എച്ച്.ഡി.എഫ്.സി ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, എല്‍ ആന്‍ഡ് ടി, സിപ്ല എന്നിവയാണ് ഇന്ന് നഷ്ടകണക്കില്‍ മുന്നിലുള്ളത്.
ഐ.ആര്‍.എഫ്.സി ഓഹരികള്‍ ഇന്നും താഴേക്ക് പോയി. 4.89 ശതമാനമാണ് ഇടിവ്.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ എ.സി.സിയും എന്‍.ഡി.ടിവിയും ഒഴികെയെല്ലാം ഇന്ന് ഇടിവിലായിരുന്നു. അദാനി പവറാണ് ഇന്ന് 2.73 ശതമാനം ഇടിവുമായി നഷ്ടകണക്കില്‍ മുന്നില്‍.
മുന്നേറി കേരള കമ്പനികളും
കേരള കമ്പനി ഓഹരികളില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ഇന്ന് നഷ്ടത്തിലേക്ക് വീണത്. 7.30 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തികൊണ്ട് ഹാരിസണ്‍സ് മലയാളം ഓഹരിയാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍. 7.03 ശതമാനം നേട്ടവുമായി ബി.പി.എല്ലും 5.02 ശതമാനം നേട്ടവുമായി ധനലക്ഷ്മി ബാങ്കും തൊട്ടു പിന്നിലുണ്ട്. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് മൂന്നു ശതമാനത്തില്‍ കൂടുതല്‍ മുന്നേറി.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, നിറ്റ ജെലാറ്റിന്‍, വണ്ടര്‍ലാ, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സഫ സിസ്റ്റംസ് & ടെക്‌നോളജീസാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരി. ഓഹരി വില 5.70 ശതമാനം ഇടിഞ്ഞ് 10.75 രൂപയിലെത്തി. സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നാല് ശതമാനത്തിനു മുകളില്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ പ്രൈമ ആഗ്രോ രണ്ട് ശതമാനത്തില്‍ നഷ്ടം നിജപ്പെടുത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it