

ഇന്നലെ 300 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്സ് ഇന്ന് നേട്ടം നാമമാത്രമാക്കി. കുത്തനെയുള്ള ഉയർച്ച താഴ്ചകൾക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. നാളെ (ഓഗസ്റ്റ് 15) നടക്കാനിരിക്കുന്ന റഷ്യ-യുഎസ് ചർച്ചകള്‍ നിര്‍ണായകമാണെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. ഇതുമൂലം ജാഗ്രതയോടെയുളള സമീപനം സ്വീകരിക്കുന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് നിക്ഷേപകർ ചർച്ചകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
സെൻസെക്സ് 0.07 ശതമാനം (57.75 പോയിന്റ്) ഉയർന്ന് 80,597.66 ലും നിഫ്റ്റി 0.05 ശതമാനം (11.95 പോയിന്റ്) ഉയർന്ന് 24,631.30 ലും വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1,655 ഓഹരികൾ നേട്ടത്തിലായിരുന്നെങ്കില്‍ 2,221 ഓഹരികൾ നഷ്ടത്തിലായി. 142 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു.
മൂന്ന് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് വിരാമമിട്ട് സ്മോൾക്യാപ് കമ്പനികളുടെ ഓഹരികൾ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. മിഡ്‌ക്യാപ് ഓഹരികളും കുത്തനെ ഇടിഞ്ഞു. ഇത് നിഫ്റ്റി മിഡ്‌ക്യാപ് സൂചികയെ ചുവപ്പിലേക്ക് തള്ളിവിട്ടു. മിഡ്ക്യാപ് സൂചിക 0.31 ശതമാനവും സ്മോൾക്യാപ് സൂചിക 0.38 ശതമാനവും ഇടിഞ്ഞു.
മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു.
കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി എന്നിവ 0.5 ശതമാനം വീതം ഉയർന്നു.
ആന്തം ബയോസയൻസസ് (Anthem BioSciences Ltd) ഓഹരി ഏകദേശം 8 ശതമാനത്തിലധികം ഉയർന്നു. ജൂൺ പാദത്തിലെ മികച്ച പ്രകടനമാണ് കമ്പനിക്ക് തുണയായത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59 ശതമാനം വര്‍ധിച്ച് 540 കോടി രൂപയായി. ലാഭം 65 ശതമാനം വര്‍ധിച്ച് 135.8 കോടി രൂപയുമായി. ഓഹരി 817 രൂപയിലാണ് ക്ലോസ് ചെയ്തത്.
വിപ്രോ (2.01%), എറ്റേണൽ, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
മെറ്റൽ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡോളര്‍ ദുർബലമായതും യുഎസ് ഫെഡറൽ റിസർവ് നിരക്ക് സംബന്ധിച്ച ആശങ്കകളും ഓഹരികള്‍ക്ക് തിരിച്ചടിയായി. എൻഎംഡിസി ഓഹരികള്‍ നാല് ശതമാനത്തിലധികം ഇടിഞ്ഞ് 69 രൂപയിലെത്തി. ജിൻഡാൽ സ്റ്റീൽ & പവർ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് 974 രൂപയിലാണ് വ്യാപാരം നടത്തിയത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL), വേദാന്ത ഓഹരികൾ 2 ശതമാനത്തോളം ഇടിഞ്ഞു.
സ്മോൾക്യാപ് സൂചികയിൽ ബാറ്റ ഇന്ത്യ ഏകദേശം 3.82 ശതമാനം ഇടിഞ്ഞ് 1,055 രൂപയിലാണ് വ്യാപാരം നടത്തിയത്. ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ കമ്പനിയുടെ ലാഭം 70 ശതമാനം ഇടിഞ്ഞ് 52 കോടി രൂപയായി. മിഡ്‌ക്യാപ് സൂചികയിൽ മാക്‌സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഏകദേശം 4 ശതമാനം ഇടിഞ്ഞ് 1,216 രൂപയിലെത്തി.
ടാറ്റ സ്റ്റീൽ, അദാനി പോർട്ട്സ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നഷ്ടത്തിലായിരുന്നു. മികച്ച ഒന്നാം പാദ ഫലങ്ങളെ തുടര്‍ന്ന് മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാന്‍സ് നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 9.75 ശതമാനം നേട്ടത്തില്‍ 2754 രൂപയില്‍ ക്ലോസ് ചെയ്തു. സ്കൂബി ഡേ ഗാര്‍മെന്റ്സ് (5.23%), മണപ്പുറം ഫിനാന്‍സ് (3.56%), കല്യാണ്‍ ജുവലേഴ്സ് (3.36%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് നേരിയ നേട്ടത്തിലും (0.44%) ഫാക്ട് ഓഹരി 2.88 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടോളിന്‍സ് ടയേഴ്സ് 6.14 ശതമാനം നഷ്ടത്തില്‍ 145 രൂപയിലെത്തി. റബ്ഫിലാ ഇന്റര്‍നാഷണല്‍ (-7.09%), പോപ്പീസ് കെയര്‍ (-5%), കിറ്റെക്സ് (-3.23%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (-3.51%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.
Stock market closing analysis 14 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine