ഐ.ടി ഓഹരികളുടെ 'വെള്ളി'ത്തിളക്കം; സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരത്തില്‍

ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളുടെ കരുത്തില്‍ എക്കാലത്തെയും ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. ഇന്നലെ കനത്ത കയറ്റിറക്കത്തിന് സാക്ഷിയായ സൂചികകളില്‍ ഇന്ന് വീശിയത് ഉണര്‍വിന്റെ കാറ്റാണ്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

ഒരുവേള എക്കാലത്തെയും ഉയരമായ 66,159 വരെ കുതിച്ച സെന്‍സെക്‌സ് വ്യാപാരാന്ത്യമുള്ളത് 502.01 പോയിന്റ് (0.77%) നേട്ടവുമായി റെക്കോഡ് ക്ലോസിംഗ് പോയിന്റായ 66,060.90ല്‍. ഒരുവേള 19,595.45 എന്ന സര്‍വകാല ഉയരം താണ്ടിയ നിഫ്റ്റിയുള്ളത് 150.75 പോയിന്റ് (0.78%) മുന്നേറി 19,564.50ലും. നിഫ്റ്റിയുടേതും റെക്കോഡ് ക്ലോസിംഗ് പോയിന്റാണ്.
നേട്ടത്തിന് പിന്നില്‍
അമേരിക്കയിലെ ഉപയോക്തൃ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം ജൂണിലെ 9 ശതമാനത്തില്‍ നിന്ന് തുടര്‍ച്ചയായ 12-ാം മാസവും താഴ്ന്ന് ഇക്കുറി ജൂണില്‍ മൂന്ന് ശതമാനത്തിലെത്തിയതോടെ ആഗോള ഓഹരി വിപണികള്‍ പൊതുവേ നേട്ടത്തിലാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന പ്രവണതയ്ക്ക് താത്കാലിക വിരാമമിട്ടേക്കുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.
യൂറോപ്യന്‍, ജപ്പാനിലെ നിക്കേയ് ഒഴികെയുള്ള മറ്റ് പ്രമുഖ ഏഷ്യന്‍ ഓഹരികള്‍ എന്നിവയെല്ലാം നേട്ടത്തിലായതോടെ ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ദൃശ്യമായി. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതും നേട്ടമാകുന്നു. ഇതുവരെയുള്ള പൊതുവേ ഭേദപ്പെട്ട കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങളും നിക്ഷേപകര്‍ക്ക് ആശ്വാസമാണ്.
മൊത്തവിലയില്‍ പണച്ചുരുക്കം
ഇന്ത്യയുടെ മൊത്തവില (ഹോള്‍സെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്നാം മാസവും നെഗറ്റീവില്‍ (പണച്ചുരുക്കം) തുടര്‍ന്നതും നിക്ഷേപകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. മേയിലെ നെഗറ്റീവ് 3.48 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 4.12 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മൊത്തവില പണപ്പെരുപ്പം താഴ്ന്നത്. മൊത്തവില കുറയുന്നത് വ്യവസായ മേഖലയ്ക്ക് നേട്ടമാണ്.
അതേസമയം, റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരിക്കാന്‍ മുഖ്യ മാനദണ്ഡമാക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം ഇതിന് കടകവിരുദ്ധമായി കൂടുകയാണ്. മേയില്‍ 25-മാസത്തെ താഴ്ചയിലായിരുന്ന റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി കൂടിയിരുന്നു.
മുന്നേറിയവര്‍
എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് മികച്ച വാങ്ങല്‍ താത്പര്യമുണ്ടായി. ബാങ്ക് നിഫ്റ്റി 0.35 ശതമാനം ഉയര്‍ന്ന് 44,819.30ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 1.15 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.42 ശതമാനവും മുന്നേറി.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധികള്‍ വിട്ടൊഴിയുന്നുവെന്ന വാര്‍ത്തകള്‍, ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ഇന്ന് വലിയ ആഘോഷമാക്കി. ഇന്ത്യൻ ഐ.ടി കമ്പനികളുടെ വരുമാനത്തിലെ മുഖ്യപങ്കും എത്തുന്നത് അമേരിക്കയിൽ നിന്നാണ്. 4.45 ശതമാനമാണ് നിഫ്റ്റി ഐ.ടിയുടെ കുതിപ്പ്. നിഫ്റ്റി മീഡിയ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു.
ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ

സെന്‍സെക്‌സില്‍ ടി.സി.എസ്., ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, വിപ്രോ എന്നിവ 3-5 ശതമാനം നേട്ടവുമായി മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിച്ചു. ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.യു.എല്‍, നെസ്‌ലെ എന്നിവയും നേട്ടത്തിലാണ്.
നിഫ്റ്റിയില്‍ എംഫസിസ്, സീ എന്റര്‌ടെയ്ന്‍മെന്റ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി, ടി.സി.എസ്., പതഞ്ജലി ഫുഡ്‌സ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ. ഓഹരി വിപണിയില്‍ ഇന്ന് ആദ്യ ചുവടുവച്ച് സെന്‍കോ ഗോള്‍ഡ് ഇഷ്യൂ വിലയേക്കാള്‍ 100ലേറെ രൂപയുടെ നേട്ടം കുറിച്ചു. വ്യാപാരാന്ത്യം ഓഹരിവിലയുള്ളത് 6.04 ശതമാനം നേട്ടത്തിലാണ്.
നിരാശപ്പെടുത്തിയവര്‍
സൂചികകളുടെ മുന്നേറ്റത്തിനിടയിലും നേട്ടത്തിന്റെ വണ്ടിയില്‍ കയറിപ്പറ്റാനാകാതെ പോയ കമ്പനികളും നിരവധി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, ടൈറ്റന്‍, മാരുതി, സണ്‍ഫാര്‍മ, അള്‍ട്രാടെക് സിമന്റ് എന്നിവയില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടായി.
നിഫ്റ്റിയില്‍ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, പി.ബി. ഫിന്‍ടെക്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, എച്ച്.ഡി.എഫ്.സി ലൈഫ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇന്ന് ഏറ്റവുമധികം നിരാശപ്പെടുത്തിയവർ

സെന്‍സെക്‌സില്‍ ഇന്ന് 2,206 ഓഹരികള്‍ നേട്ടത്തിലും 1,212 എണ്ണം നഷ്ടത്തിലുമാണ്. 149 ഓഹരികളില്‍ വില മാറ്റമില്ല. 189 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 41 എണ്ണം താഴ്ചയിലുമായിരുന്നു. 13 കമ്പനികളുടെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 5 കമ്പനികളുടേത് ലോവര്‍ സര്‍ക്യൂട്ടിലുമെത്തി.
ഇന്നലെ 5.88 ലക്ഷം കോടി രൂപ കൊഴിഞ്ഞ ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 2.79 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു. ഇപ്പോള്‍ മൂല്യം 298.56 ലക്ഷം കോടി രൂപയാണ്.
തിളങ്ങി സ്‌കൂബീഡേയും കല്യാണും
കേരള ഓഹരികള്‍ പൊതുവേ ഇന്ന് നേട്ടത്തിലായിരുന്നു. കല്യാണ്‍ ജുവലേഴ്‌സ് 5.54 ശതമാനവും സ്‌കൂബീഡേ 5.96 ശതമാനവും നേട്ടമുണ്ടാക്കി. പ്രീമിയം ഹെല്‍ത്ത്‌കെയറിന്റെ 100 ശതമാനം ഓഹരികളും നേടി പൂര്‍ണ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഓഹരിവില ഇന്ന് 4.51 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

ഫെഡറല്‍ ബാങ്ക് 1.78 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.45 ശതമാനവും ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍
ശാലിനി വാര്യര്‍
ഇന്ന് നിഷേധിച്ചിരുന്നു. 2.41 ശതമാനമാണ് ധനലക്ഷ്മി ബാങ്കിന്റെ നേട്ടം.
കനേഡിയന്‍ നിക്ഷേപകരായ ഒമെക്‌സ് ഓഹരി പങ്കാളിത്തം വിറ്റൊഴിയുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സി.എസ്.ബി ബാങ്കോഹരി ഇന്ന് 1.37 ശതമാനം താഴ്ന്നു. മണപ്പുറം ഫൈനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, വി-ഗാര്‍ഡ് എന്നിവ മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
രൂപയ്ക്കും നിരാശ
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രൂപ ഇന്ന് നഷ്ടത്തിലേക്ക് വീണു. ഡോളറിനെതിരെ 0.11 ശതമാനം നഷ്ടവുമായി 82.16 ആണ് വ്യാപാരാന്ത്യ മൂല്യം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കിന്മേലുള്ള കടുംപിടിത്തം ഒഴിവാക്കിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ആഗോള തലത്തില്‍ ഡോളര്‍ അല്‍പം നിറംമങ്ങിയെങ്കിലും ഇന്ത്യയില്‍ എണ്ണക്കമ്പനികളടക്കമുള്ള ഇറക്കുമതിക്കാരില്‍ നിന്ന് വന്‍ ഡിമാന്‍ഡ് ലഭിച്ചു. ഇതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it