തുടര്‍ച്ചയായ മൂന്നാം നാളിലും നേട്ടം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. അതേസമയം, കുതിപ്പിന്റെ വേഗം ഇന്ന് കുറഞ്ഞു. സെന്‍സെക്‌സ് 85.35 പോയിന്റ് (0.14 ശതമാനം) ഉയര്‍ന്ന് 63,228.51ലും നിഫ്റ്റി 39.75 പോയിന്റ് (0.21 ശതമാനം) നേട്ടവുമായി 18,755.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ സെന്‍സെക്‌സ് 418 പോയിന്റും നിഫ്റ്റി 114 പോയിന്റും ഉയര്‍ന്നിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ നിലവാരം
ഇന്ത്യയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞ്, മേയില്‍ രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തിയതും വ്യാവസായിക ഉത്പാദന സൂചികയുടെ (ഐ.ഐ.പി) വളര്‍ച്ച പ്രതീക്ഷകളെ മറികടന്ന് ഏപ്രിലില്‍ മെച്ചപ്പെട്ടതുമാണ് ഇന്നലെ കരുത്തായത്. എന്നാല്‍, ഇന്ന് ഇന്ത്യന്‍ സമയം രാത്രി അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമുണ്ട്.
പലിശ നിരക്ക് നിലനിറുത്താനാണ് സാദ്ധ്യതയെങ്കിലും പണനയം പുറത്തുവരുന്നതിന് മുന്നോടിയായുള്ള വ്യാപാര സെഷനില്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് ഇന്ന് ഇന്ത്യന്‍ ഓഹരികളുടെ കുതിപ്പിന്റെ വേഗം കുറയാനിടയാക്കിയത്.
ഫെഡറല്‍ റിസര്‍വും ഇന്ത്യന്‍ ഓഹരികളും
അമേരിക്കയുടെ മേയിലെ പണപ്പെരുപ്പം പ്രതീക്ഷച്ചതിനേക്കാളും കുറഞ്ഞ് 4 ശതമാനമായിട്ടുണ്ട്. രണ്ടുവരര്‍ഷത്തെ താഴ്ചയാണിത്. ഈ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് നിലനിറുത്തുമെന്ന് തന്നെയാണ് പൊതുവിലയിരുത്തല്‍.
നിലവില്‍ 5-5.25 ശതമാനമാണ് അമേരിക്കയുടെ അടിസ്ഥാന പലിശനിരക്ക്. പലിശ മാറില്ലെന്ന പ്രതീക്ഷയോടെ അമേരിക്കന്‍ ഓഹരികളില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. നാസ്ഡാക് 14-മാസത്തെ ഉയരത്തിലുമെത്തിയിരുന്നു.
2022 മാര്‍ച്ച് മുതല്‍ ഇക്കഴിഞ്ഞ മേയ് വരെ തുടര്‍ച്ചയായി 5 ശതമാനം വര്‍ദ്ധനയാണ് അടിസ്ഥാന പലിശയില്‍ ഫെഡറല്‍ റിസര്‍വ് വരുത്തിയത്. 0-0.25 ശതമാനമായിരുന്ന പലിശയാണ് ഇതോടെ 5-5.25 ശതമാനമായത്. കഴിഞ്ഞ 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ യോഗങ്ങളിലെ തീരുമാനങ്ങളോട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ സമ്മിശ്രമായാണ് പ്രതികരിച്ചിട്ടുള്ളത്. ഫെബ്രുവരിയിലെ പണനയത്തിന് ശേഷം സെന്‍സെക്‌സ് തൊട്ടടുത്ത വ്യാപാരദിനത്തില്‍ 0.38 ശതമാനം മുന്നേറിയിരുന്നു.
എന്നാല്‍, മാര്‍ച്ചിലും മേയിലും 0.50 മുതല്‍ 1.10 ശതമാനം വരെ ഇടിഞ്ഞു. പലിശ മാറില്ലെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഫെഡ് പണനയം നാളെ ഇന്ത്യന്‍ ഓഹരികളെ വലച്ചേക്കില്ല.
ഇന്ന് മുന്നേറിയവര്‍
പൊതുവേ കരുതലോടെ നീങ്ങിയ ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് നേട്ടത്തില്‍ തന്നെ പിടിച്ചുനിറുത്തിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, അള്‍ട്രാടെക് സിമന്റ്, എന്‍.ടി.പി.സി എന്നിവയില്‍ ദൃശ്യമായ ഭേദപ്പെട്ട വാങ്ങല്‍ താത്പര്യമാണ്.
ഇന്ന് ഏറ്റവുമധികം മുന്നേറിയ ഓഹരികള്‍
എഫ്.എം.സി.ജി (0.59 ശതമാനം), ലോഹം (1.42 ശതമാനം) എന്നീ നിഫ്റ്റി സൂചികകളുടെ നേട്ടവും തുണച്ചു. ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, പതഞ്ജലി ഫുഡ്‌സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഒബ്‌റോയി റിയല്‍റ്റി, സൈഡസ് ലൈഫ്‌സയന്‍സസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് നിലനിറുത്തിയ പശ്ചാത്തലത്തില്‍
റിയാല്‍റ്റി ഓഹരികള്‍ കാഴ്ചവയ്ക്കുന്ന നേട്ടം തുടരുകയാണ്.
നിരാശപ്പെടുത്തിയവര്‍
സൊമാറ്റോ, ടാറ്റാ ടെലി (മഹാരാഷ്ട്ര), സോന ബി.എല്‍.ഡബ്ല്യു., ബന്ധന്‍ ബാങ്ക്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നിരാശപ്പെടുത്തിയത്.
ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചവര്‍
നിഫ്റ്റി ധനകാര്യം, ബാങ്ക്, ഐ.ടി., ഫാര്‍മ, സ്വകാര്യബാങ്ക് എന്നിവ ഇന്ന് 0.15 ശതമാനം മുതല്‍ 0.56 ശതമാനം വരെ നഷ്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സെര്‍വ് എന്നിവയിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇന്ന് ഓഹരികളുടെ കുതിപ്പിന്റെ വേഗം കുറച്ചത്.
ഫാക്ടിന്റെ ദിവസം, ആസ്റ്ററിന്റെയും
കേരളം ആസ്ഥാനമായ ഓഹരികളില്‍ ഇന്ന് ഏറ്റവും മുന്നേറിയത് കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ടാണ്. 14.58 ശതമാനം കുതിപ്പുമായി 376.9 രൂപയിലാണ് ഫാക്ട് ഓഹരിവിലയുള്ളത്.
കേന്ദ്രസര്‍ക്കാര്‍ പി.എം പ്രണാം സ്‌കീം നടപ്പാക്കാനുള്ള നീക്കമാണ് വളം കമ്പനികള്‍ക്ക് നേട്ടമാകുന്നത്. കേന്ദ്രത്തിന്റെ സബ്‌സിഡി ഭാരം കുറയ്ക്കുമെന്ന് കരുതുന്ന പദ്ധതി, കെമിക്കല്‍ വളങ്ങള്‍ക്ക് ഒപ്പം ജൈവ, ഓര്‍ഗാനിക് വളം ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ബ്രോക്കറേജ് ഏജന്‍സികളില്‍ നിന്ന് വാങ്ങല്‍ (buy) സ്റ്റാറ്റസ് കിട്ടിയതിന്റെ പിന്‍ബലത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി ഇന്ന് 7.81 ശതമാനം മുന്നേറി. ഹാരിസണ്‍സ് മലയാളവും 7.07 ശതമാനം കുതിപ്പ് നടത്തി. പാറ്റ്‌സ്പിന്‍ 6.32 ശതമാനം, വെര്‍ട്ടെക്‌സ് 4.94 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. വണ്ടര്‍ല, വി-ഗാര്‍ഡ്, സ്‌കൂബിഡേ, റബ്ഫില, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, കല്യാണ്‍ ജുവലേഴ്‌സ് എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്.