

നീണ്ട വാരാന്ത്യത്തിനുശേഷം വ്യാപാരം പുനരാരംഭിച്ചതോടെ മികച്ച നേട്ടത്തില്‍ ഓഹരി വിപണി. തത്തുല്യ ചുങ്ക ഇളവുകൾക്കുള്ള സാധ്യതയെക്കുറിച്ചുളള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായങ്ങള്‍ വിപണിക്ക് ശക്തി കൂട്ടി. ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്കം മൂലമുണ്ടായ അസ്ഥിരതകൾക്കിടയിൽ ഇന്ത്യൻ വിപണികളെ താരതമ്യേന സുരക്ഷിതമായ ഒരു താവളമായി നിക്ഷേപകർ കാണുന്നതായും വിലയിരുത്താം.
ഉയർന്ന താരിഫുകൾ നേരിടുന്ന മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച രീതിയിൽ ആഗോള മാന്ദ്യത്തെ നേരിടാൻ ഇന്ത്യയുടെ വലിയ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിയുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ പങ്കുവെക്കുന്നു. ചൈനയ്ക്ക് പകരമുള്ള ഒരു ഉൽപ്പാദന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ചൈന-അമേരിക്കൻ വ്യാപാര യുദ്ധം ശക്തിപ്പെടുന്നത് സഹായിക്കും.
താൽക്കാലിക വ്യാപാര കരാറിലെത്താനുളള ഇന്ത്യയുടെ ശ്രമങ്ങളും നിക്ഷേപകര്‍ പോസറ്റീവ് ആയാണ് കാണുന്നത്. ഏപ്രിൽ 2 ന് ട്രംപ് പ്രഖ്യാപിച്ച താരിഫുകളിൽ നിന്നുള്ള നഷ്ടം ഇല്ലാതാക്കുന്ന ആദ്യത്തെ പ്രധാന വിപണിയായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്. വിപണി മൂലധനത്തിൽ 10.9 ലക്ഷം കോടി രൂപയുടെ നേട്ടമാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണികളിൽ നിന്ന് പോസിറ്റീവ് വികാരം ഉണ്ടെങ്കിലും ട്രംപിന്റെ പ്രവചനാതീതമായ നീക്കങ്ങൾ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. അവധി ദിവസങ്ങൾ മൂലം ചുരുങ്ങിയ പ്രവര്‍ത്തി ദിനങ്ങളാണ് ഈ ആഴ്ച വിപണിക്കുളളത്. വെള്ളിയാഴ്ച (ദുഃഖവെള്ളി) വിപണികൾ അടഞ്ഞു കിടക്കും. ഇക്കാരണങ്ങളാല്‍ നിക്ഷേപകര്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുളള സമീപനമായിരിക്കും സ്വീകരിക്കുക.
സെൻസെക്സ് 2.1 ശതമാനം (1,577 പോയിന്റ്) ഉയർന്ന് 76,734.89 ലും നിഫ്റ്റി 2.19 ശതമാനം (500 പോയിന്റ്) ഉയർന്ന് 23,328.55 ലുമാണ് ക്ലോസ് ചെയ്തത്.
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ മൂന്ന് ശതമാനത്തിന്റെ ഉയർച്ച രേഖപ്പെടുത്തി.
റിയൽറ്റി, ഓട്ടോ, ഫിനാൻഷ്യൽ എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു. എല്ലാ പ്രധാന മേഖലകളും പച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് റിയല്‍റ്റി സൂചിക 5 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.
10 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളുടെ വീടുകളിൽ സിം കാർഡുകൾ വിതരണം ചെയ്യുന്നതിനായി ബ്ലിങ്കിറ്റുമായി സഹകരിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരി 2.36 ശതമാനം ഉയര്‍ന്നു. ഇപ്പോൾ ഇന്ത്യയില്‍ 16 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഓഹരി 1,798 രൂപയിലാണ് ക്ലോസ് ചെയ്തത്.
2025 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പോർട്ട്ഫോളിയോ 380 ഹോട്ടലുകളായി വികസിപ്പിച്ചതായി ടാറ്റ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് അറിയിച്ചതിനെത്തുടർന്ന് ഓഹരികൾ 6 ശതമാനം ഉയർന്നു. ഓഹരി 837 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇൻഡസ്ഇൻഡ് ബാങ്ക്, ശ്രീറാം ഫിനാൻസ്, എൽ ആൻഡ് ടി, ടാറ്റ മോട്ടോഴ്‌സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ച്‌യുഎൽ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. മാക്സ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സ്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
ഭൂരിഭാഗം കേരളാ കമ്പനികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് ഏഴ് ശതമാനം നേട്ടത്തില്‍ 133 രൂപയില്‍ ക്ലോസ് ചെയ്തു. കേരള ആയുര്‍വേദ (5.7%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (5%), കിറ്റെക്സ് (5%), ആസ്പിന്‍വാള്‍ (4%) തുടങ്ങിയ കമ്പനികളും നേട്ടത്തിലായിരുന്നു.
ഫാക്ട് 8 ശതമാനം നേട്ടത്തോടെ കേരള കമ്പനികളുടെ നേട്ടപ്പട്ടികയില്‍ ഒന്നാമതായി. ഫാക്ട് 674 രൂപയിലാണ് ക്ലോസ് ചെയ്തത്. കൊച്ചിൻ ഷിപ്പ്‌യാർഡ് 2.93 ശതമാനം നേട്ടത്തില്‍ 1442 രൂപയിലെത്തി.
സ്കൂബി ഡേ 2.15 ശതമാനം നഷ്ടത്തില്‍ 99.89 രൂപയിലാണ് ക്ലോസ് ചെയ്തത്. ആഡ്ടെക് സിസ്റ്റംസ് (6.22%), ആസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ (1.76%), ഈസ്റ്റേണ്‍ (5%) തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Stock market closing analysis 15 april 2025
Read DhanamOnline in English
Subscribe to Dhanam Magazine