ആഗോള വിപണികളിലെ പോസ്റ്റീവ് സൂചനകള്‍ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെയും നേട്ടത്തിലാക്കി. രാവിലത്തെ വ്യാപാരത്തില്‍ നിഫ്റ്റി 24,633 പോയിന്റെന്ന സര്‍വകാല റെക്കോഡില്‍ മുത്തമിട്ടു. സെന്‍സെക്‌സ് ഇന്‍ട്രാഡേ ഉയരമായ 80,750 പോയിന്റിലുമെത്തി. വ്യാപാരാന്ത്യത്തില്‍ സെന്‍സെകസ് 145.20 പോയിന്റ് ഉയര്‍ന്ന് 80,664.86ലും നിഫ്റ്റി 84.50 പോയിന്റ് ഉയര്‍ന്ന് 24,586.70ത്തിലുമാണുള്ളത്.
എച്ച്.സി.എല്‍ ടെക്, എന്‍.ടി.പി.സി, അള്‍ട്രാ ടെക് സമിന്റ്, ഐ.ടി.സി, ടി.സി.എസ്, മാരുതി സുസുകി, മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നയിച്ചത്
യു.എസില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയായത് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലിലേക്കാണ് നിരീക്ഷകരെ എത്തിക്കുന്നത്. ഇത് ഓഹരി വിപണികളെ നേട്ടത്തിലേറാന്‍ സഹായിച്ചു. ഐ.ടി കമ്പനികളും യു.എസ് കണക്കുകളില്‍ ആശ്വാസത്തിലായി. മികച്ച ഓര്‍ഡറുകള്‍ നേടാനാകുമെന്ന പ്രതീക്ഷ ഐ.ടി ഓഹരികളില്‍ മികച്ച വാങ്ങല്‍ താല്‍പ്പര്യത്തിന് ഇടയാക്കി. മികച്ച ഒന്നാം പാദകണക്കുകളും ഐ.ടി ഓഹരികള്‍ക്ക് ഗുണമായി. ഇതാണ് നിഫ്റ്റിയിലും പ്രതിഫലിച്ചത്.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി പി.എസ്.യു ബാങ്ക് 3.07 ശതമാനം കുതിച്ചു മുന്നേറി. ഫാര്‍മ, ഓട്ടോ, മീഡിയ, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും ഒരു ശതമാനത്തിലധികം നേട്ടം കാഴ്ചവച്ചു. നിഫ്റ്റി ഐ.ടി സൂചിക മാത്രമാണ് ഇന്ന് ചുവപ്പണിഞ്ഞത്.
ബി.എസ്.ഇയില്‍ 4,168 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,036 ഓഹരികള്‍ നേട്ടത്തിലും 2,004 ഓഹരികള്‍ നഷ്ടത്തിലും അവസാനിപ്പിച്ചു. 130 ഓഹരികളുടെ വില മാറിയില്ല. 304 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില മറികടന്നു. 34 ഓഹരികള്‍ താഴ്ന്ന വിലയും. 380 ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടിലുണ്ട്. 311 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 2.7 ലക്ഷം കോടി രൂപ വര്‍ധിച്ച് 455.1 ലക്ഷം രൂപയെന്ന റെക്കോഡിലെത്തി.
ഓഹരികളുടെ കുതിപ്പും കിതപ്പും
പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയ സൊമാറ്റോ ഓഹരികളിന്ന് നാല് ശതമാത്തോളം ഉയര്‍ന്നു. കമ്പനിയുടെ വിപണിമൂല്യം ആദ്യമായി രണ്ട് ലക്ഷം കോടി രൂപ മറികടന്നു. ഇതോടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ബില്യണയര്‍ ക്ലബില്‍ ഇടം പിടിച്ചു.
ടയര്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ന് ഓഹരികളെ ഉയര്‍ത്തി. ജെ.കെ ടയേഴ്‌സ് ഓഹരി 13 ശതമാനം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ്, എം.ആര്‍.എഫ്, സിയറ്റ് തുടങ്ങിയ ഓഹരികള്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.
ഒന്നാം പാദത്തില്‍ എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ലാഭം ഉയര്‍ന്നത് ഓഹരികളെ നാല് ശതമാനത്തോളം ഉയര്‍ത്തി. പിന്നീട് വിലയില്‍ ഇടിവുണ്ടായി.
ഇന്ന് പാദഫലപ്രഖ്യാപനം കാത്തിരിക്കുന്ന ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ രാവിലെ രണ്ട് ശതമാനം വരെ ഉയര്‍ന്നിരുന്നു. വിപണി അവസാനിക്കും വരെ പാദഫലം പുറത്തു വിട്ടിട്ടില്ല.
ഐ.ഡി.ബി.ഐ ബാങ്കാണ് 6.70 ശതമാനം നേട്ടവുമായി നിഫ്റ്റി 200ലെ മുന്നേറ്റക്കാര്‍. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരി വിലയും 5.56 ശതമാനം മുന്നേറ്റത്തിലാണ്.
മികച്ച വളര്‍ച്ചാ പ്രതീക്ഷയില്‍ ഒ.എന്‍.ജി.സി ഓഹരികളിലിന്ന് എക്കാലത്തെയും ഉയര്‍ന്ന വിലതൊട്ടു. പത്തു വര്‍ഷത്തിനു ശേഷമാണ് ഓഹരി പുതുവില താണ്ടുന്നത്. ബോണസ് ഇഷ്യു നടന്ന 2014 ജൂണ്‍ ഒമ്പതിനു രേഖപ്പെടുത്തിയ 314.67 രൂപയാണ് ഇന്ന് മറികടന്നത്. ഇക്കഴിഞ്ഞ ജൂണ് ആറിന് രേഖപ്പെടുത്തിയ 227 രൂപയെന്ന താഴ്ന്ന വിലയില്‍ നിന്ന് ഓഹരി 39 ശതമാനം തിരിച്ചു കയറുകയും ചെയ്തു. വ്യാപാരാന്ത്യത്തില്‍ 5.18 ശതമാനം നേട്ടത്തോടെ 323 രൂപയിലാണ് ഓഹരി വിലയുള്ളത്.
മാക്രോടെക് ഡെവലപ്പേഴ്‌സ് ഓഹരി 4.85 ശതമാനം ഉയര്‍ന്ന് 1,463.50 രൂപയിലെത്തി. ഓയില്‍ ഇന്ത്യ ഓഹരികള്‍ 4.38 ശതമാനം ഉയര്‍ച്ച കാണിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ മുന്നേറ്റം കാഴ്ചവച്ച ഷിപ്പിംഗ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് പതിച്ചു. മസഗണ്‍ ഡോക്ക് മൂന്ന് ശതമാനത്തോളമിടിഞ്ഞ് നിഫ്റ്റി 200ലെ നഷ്ടപ്പട്ടികയില്‍ ഒന്നാമനായി. ഭാരത് ഡൈനാമിക്‌സ് ഓഹരി 2.25 ശതമാനം ഇടിവിലാണ്. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, പതഞ്ജലി ഫുഡ്‌സ്, ആസ്ട്ര തുടങ്ങിയ ഓഹരികളാണ് നഷ്തത്തിൽ തൊട്ടു പിന്നാലെയുള്ളത്.
താരത്തിളക്കമായി ജിയോജിത്
കേരള കമ്പനികളില്‍ ഇന്ന് വമ്പന്‍ മുന്നേറ്റം കാഴ്ചവച്ചത് ധനകാര്യ സേവനക്കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിയാണ്. മികച്ച പാദഫലം പുറത്തു വിട്ട ഓഹരി ഇന്ന് 16 ശതമാനത്തിലധികം ഉയര്‍ന്നു. റൈറ്റ്‌സ് ഇഷ്യു വഴി 200 കോടി രൂപ മൂലധനം സമാഹരിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം ബി.എസ്.ഇയിലെത്തിയ ആഡ് ടെക് സിസ്റ്റംസ് ഇന്നും അപ്പര്‍സര്‍ക്യൂട്ടില്‍ തുടരുന്നു.
സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, അപ്പോളോ ടയേഴ്‌സ് എന്നിവ നാല് ശതമാനത്തോളം ഉയര്‍ച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
പ്രമോട്ടര്‍ കമ്പനിയായ കട്ര ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ഓഹരി വില ഇടിഞ്ഞ കേരള ആയുര്‍വേദയ്ക്ക് ഇതു വരെയും കരകയറാനായില്ല. ഇന്നും ഓഹരി അഞ്ച് ശതമാനത്തോളം ലോവര്‍ സര്‍ക്യൂട്ടിലാണ്.
പ്രൈമ അഗ്രോ ഓഹരി വില ഇന്ന് 7 ശതമാനത്തിലധികം ഉയര്‍ന്നു. സെല്ല സ്‌പേസ്, ടി.സി.എം ഓഹരികളാണ് ഇന്ന് കൂടുതല്‍ ഇടിവുമായി നഷ്ടക്കാരുടെ പട്ടികയില്‍ ആദ്യ നാലില്‍ ഇടം പിടിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളും ഇന്ന് 2.75 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.