നോവിച്ച് അമേരിക്കന്‍ ഫെഡ്; ഇന്ത്യന്‍ ഓഹരികളില്‍ ഇടിവ്

ആഗോള ഓഹരി വിപണികളില്‍ ആനന്ദത്തിന് പകരം ഇന്ന് പെയ്തത് നിക്ഷേപകരുടെ കണ്ണീര്‍മഴ. പ്രതീക്ഷിച്ചത് പോലെ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ, നിലനിറുത്തിയെങ്കിലും 2023ല്‍ ചെറിയ തോതിലാണെങ്കിലും കുറഞ്ഞത് രണ്ടുവട്ടം കൂടി പലിശ വര്‍ദ്ധിപ്പിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതാണ് കാരണം. പണപ്പെരുപ്പം ആഗോളതലത്തില്‍ തന്നെ കുറയുകയാണെങ്കിലും കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

ഇന്ത്യയില്‍, റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ ശക്തികാന്ത ദാസും റിപ്പോനിരക്ക് നിലനിറുത്തിക്കൊണ്ടുള്ള കഴിഞ്ഞ പണനയ അവലോകന യോഗത്തിന് ശേഷം പറഞ്ഞത് ഇതുതന്നെയായിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറുകയും റെക്കോഡ് പോയിന്റിന് തൊട്ടരികെ എത്തുകയും ചെയ്ത ശേഷമാണ് ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും ചുവപ്പണിഞ്ഞത്.
നിരാശയുടെ വ്യാപാരം
സെന്‍സെക്‌സ് 310.88 പോയിന്റ് (0.49 ശതമാനം) ഇടിഞ്ഞ് 62,917.63ലും നിഫ്റ്റി 67.80 പോയിന്റ് (0.36 ശതമാനം) നഷ്ടവുമായി 18,688.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി ബാങ്ക്, മീഡിയ, പി.എസ്.യു ബാങ്ക്, സ്വകാര്യബാങ്ക് സൂചികകള്‍ ഇന്ന് 1-1.99 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ധനകാര്യ ഓഹരികളിലും കനത്ത വിറ്റൊഴിയല്‍ ദൃശ്യമായി. ഐ.ടി., റിയല്‍റ്റി ഓഹരികളിലും ലാഭമെടുപ്പുണ്ടായി. എന്നാല്‍, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ഓഹരികളില്‍ 4 ശതമാനം മുന്നേറ്റമുണ്ടായി. കൊല്‍ക്കത്തയില്‍ പുതിയ ആഡംബര ഭവനപദ്ധതികള്‍ ഒരുക്കാനായി 7.44 ഏക്കര്‍ ഭൂമിയേറ്റെടുത്ത കമ്പനിയുടെ നടപടിയാണ് ഓഹരികളെ നേട്ടത്തിലേറ്റിയത്.
നഷ്ടത്തിലേക്ക് വീണവര്‍
സെന്‍സെക്‌സില്‍ 1,669 കമ്പനികള്‍ ഇന്ന് നേട്ടത്തിലും 1,870 കമ്പനികള്‍ നഷ്ടത്തിലുമായിരുന്നു. 125 കമ്പനികളുടെ ഓഹരിവില മാറിയില്ല. 221 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
അപ്പര്‍സര്‍ക്യൂട്ടില്‍ തൊടാന്‍ ഇന്നൊരു കമ്പനിയുമുണ്ടായില്ല. രണ്ട് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു. 23 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലുമാണ്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ., കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ് എന്നീ വന്‍കിട ഓഹരികള്‍ നേരിട്ട വിറ്റൊഴില്‍ ട്രെന്‍ഡാണ് സെന്‍സെക്‌സിനെ ഇന്ന് തളര്‍ത്തിയത്. പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോകോര്‍പ്പ്, ഒബ്‌റോയ് റിയല്‍റ്റി, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
കേസില്‍ തളര്‍ന്ന് ഹീറോയും സീയും
പണംതിരിമറി കേസില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരികളെ തളര്‍ത്തിയത്. കടലാസ് കമ്പനികള്‍ രൂപീകരിച്ച് ഹീറോ 800 കോടിയോളം രൂപ വകമാറ്റിയെന്നാണ് സംശയിക്കപ്പെടുന്നത്. ആദായനികുതി വകുപ്പ്, കസ്റ്റംസ് എന്നിവയാണ് അന്വേഷിക്കുക.
സീ എന്റര്‍ടെയ്ന്‍മെന്റിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ഗോയങ്കയെ ലിസ്റ്റഡ് കമ്പനികളുടെ ബോര്‍ഡ് പദവികള്‍ വഹിക്കുന്നതില്‍ നിന്ന് സെബി വിലക്കിയതാണ് കമ്പനിയുടെ ഓഹരികളെ ബാധിക്കുന്നത്. കമ്പനിയുടെ ഫണ്ട് ഗോയങ്ക വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. വിലക്കിനെതിരെ ഗോയങ്ക നല്‍കിയ അപ്പീല്‍ സ്വീകരിച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്.എ.ടി) കേസ് 19ന് വീണ്ടും പരിഗണിക്കും.
നേട്ടത്തിലേറിയവര്‍
നെസ്‌ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി., എച്ച്.സി.എല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ വന്‍കിട ഓഹരികളില്‍ ഇന്ന് മികച്ച വാങ്ങല്‍താത്പര്യം കണ്ടെങ്കിലും ഓഹരി സൂചികകളുടെ നഷ്ടത്തിന് തടയിടാനായില്ല.
അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഡിക്‌സോണ്‍ ടെക്‌നോളജീസ്, എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് ഹോള്‍ഡിംഗ്‌സ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച നേട്ടത്തിലായിരുന്ന ലണ്ടന്‍, പാരീസ്, ജര്‍മ്മന്‍ തുടങ്ങി സുപ്രധാന യൂറോപ്യന്‍ ഓഹരി സൂചികകളെല്ലാം അമേരിക്കന്‍ ഫെഡിന്റെ നിരാശാജനകമായ പണനയത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നഷ്ടത്തിലാണുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇ.സി.ബി) തുടര്‍ച്ചയായ എട്ടാംതവണയും പലിശ കൂട്ടുമെന്നാണ് വിലയിരുത്തലുകള്‍.
രൂപയ്ക്കും തളര്‍ച്ച
ഫെഡ് റിസര്‍വിന്റെ പണനയത്തിന് പിന്നാലെ ആഗോളതലത്തിലെ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ മുന്നേറി. ഡോളര്‍ ഇന്‍ഡെക്‌സ് 0.17 ശതമാനം നേട്ടവുമായി 103.12ലെത്തി. ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഡോളറിനെതിരെ 13 പൈസ താഴ്ന്ന് 82.18 ആയി.
ഈസ്റ്റേണിന്റെ തിളക്കം
കേരളം ആസ്ഥാനമായ ഓഹരികളില്‍ ഇന്ന് വെര്‍ട്ടെക്‌സ് (4.71 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.32 ശതമാനം), ഫാക്ട് (3.29 ശതമാനം), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ (2.17 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

മുത്തൂറ്റ് കാപ്പിറ്റല്‍ (2.7 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര (2.05 ശതമാനം), പാറ്റ്‌സ്പിന്‍ (2.41 ശതമാനം), ഫെഡറല്‍ ബാങ്ക് (1.89 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടവ.
ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 580 കോടി രൂപയുടെ നോര്‍വീജിയന്‍ ഓര്‍ഡര്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് 1.47 ശതമാനം നേട്ടമുണ്ടാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it