ബാങ്കിംഗ്, ധനകാര്യം, ഐ.ടി., വാഹന ഓഹരികളിലെ മികച്ച വാങ്ങല്‍ ട്രെന്‍ഡിന്റെ കരുത്തില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ന് ഒരുവേള 67,927.23 എന്ന എക്കാലത്തെയും ഉയരത്തിലെത്തിയ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 319.63 പോയിന്റ് (0.47%) നേട്ടവുമായി 67,838.63ല്‍. ഇത് റെക്കോഡ് ക്ലോസിംഗ് പോയിന്റാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം
നിഫ്റ്റി ചരിത്രത്തില്‍ ആദ്യമായി 20,200 ഭേദിക്കുന്നതിനും ഇന്നത്തെ ദിനം സാക്ഷിയായി. ഒരുവേള 20,222 എന്ന പുത്തന്‍ ഉയരം താണ്ടിയ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് റെക്കോഡ് ക്ലോസിംഗ് നിലവാരമായ 20,162.35ല്‍. ഇന്നത്തെ നേട്ടം 66.85 പോയിന്റ് (0.44%).
2007ന് ശേഷം ഏറ്റവും നീണ്ട വിജയഗാഥ
തുടര്‍ച്ചയായ 11-ാം ദിവസമാണ് സെന്‍സെക്‌സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. 2007ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിജയഗാഥയാണിത്. ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള പോസിറ്റീവ് ട്രെന്‍ഡാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്കും ഊര്‍ജമാകുന്നത്.
യൂറോപ്യന്‍, അമേരിക്കന്‍, ഏഷ്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തിലേറിയത് ഇന്ത്യന്‍ സൂചികകളെയും സ്വാധീനിച്ചു. ഏറെക്കാലം നീണ്ട സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് ചൈന മെല്ലെ കരകയറുന്നതായുള്ള സൂചനകളും ഓഹരി വിപണികള്‍ക്ക് ആവേശമായി.
വാഹന ഓഹരികളാണ് നേട്ടത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത്. ഉത്സവകാലം തുടങ്ങുകയാണെന്നതിനാല്‍ മികച്ച വില്‍പന പ്രതീക്ഷയുണ്ടെന്നതാണ് ഇതിന് കാരണം. പുതിയ ഡീലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഐ.ടി ഓഹരികളും മുന്നേറുകയാണ്.
വിപണിയിലെ ട്രെന്‍ഡ്
സെന്‍സെക്‌സില്‍ ഇന്ന് 1,932 കമ്പനികള്‍ നേട്ടത്തിലും 1,701 എണ്ണം നഷ്ടത്തിലും ആയിരുന്നു. 153 ഓഹരികളുടെ വില മാറിയില്ല. ടി.സി.എസ്., ടെക് മഹീന്ദ്ര, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, എം.ആര്‍.എഫ്., അള്‍ട്രടെക് സിമന്റ്, ബജാജ് ഓട്ടോ, എച്ച്.സി.എല്‍ ടെക്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ഭാരത് ഫോര്‍ജ്, ആക്‌സിസ് ബാങ്ക്, ഗ്ലെന്‍ ഫാര്‍മ, ചെന്നൈ പെട്രോളിയം, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് തുടങ്ങി 236 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരം കണ്ടു. 15 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലാണ്; ഇവയെല്ലാം ചെറുകിട ഓഹരികളാണ്. എട്ട് ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 5 എണ്ണം ലോവര്‍-സര്‍കീട്ടിലും ആയിരുന്നു.
നിഫ്റ്റിയില്‍ എഫ്.എം.സി.ജി, മീഡിയ, മെറ്റല്‍, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയൊഴികെയുള്ള സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.28 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.41 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി ബാങ്ക് ഇന്ന് 0.50 ശതമാനം നേട്ടവുമായി 46,231.50ലെത്തി. നിഫ്റ്റി ഓട്ടോ 1.58 ശതമാനം, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.60 ശതമാനം, ഐ.ടി 0.94 ശതമാനം, ഫാര്‍മ 0.61 ശതമാനം, പി.എസ്.യു ബാങ്ക് 0.61 ശതമാനം, സ്വകാര്യബാങ്ക് 0.64 ശതമാനം എന്നിങ്ങനെയും നേട്ടം കൈവരിച്ചു.
നേട്ടത്തിലേറിയവര്‍
എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര,
ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കൈവരിച്ച പ്രമുഖര്‍.
ഇന്ന് കൂടുതൽ നേട്ടം കൈവരിച്ചവർ
നിഫ്റ്റി 200ല്‍ വൊഡാഫോണ്‍-ഐഡിയ 7.34 ശതമാനം മുന്നേറി നേട്ടത്തില്‍ മുന്നിലെത്തി. കൂടുതല്‍ നിക്ഷേപം സ്വന്തമാക്കി, മൂലധന പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് വൊഡാഫേണ്‍-ഐഡിയ ഓഹരികള്‍ക്ക് കരുത്താവുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നത് 45 ശതമാനമാണ്. മൂന്ന് മാസത്തിനിടെ 50 ശതമാനവും ആറ് മാസത്തിനിടെ 80 ശതമാനവും.
ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, ബന്ധന്‍ ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലുള്ള മറ്റ് കമ്പനികള്‍.
യെസ് ബാങ്കിന്റെ മുന്‍ എം.ഡിയും സി.ഇ.ഒയുമായ റാണ കപൂറിനുമേല്‍ സെബി (SEBI) വിധിച്ച രണ്ട് കോടി രൂപ പിഴ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (SAT) കഴിഞ്ഞദിവസം സ്‌റ്റേ ചെയ്തിരുന്നു. ബോണ്ട് വില്‍പനയിലെ തിരിമറി ആരോപിച്ചായിരുന്നു സെബിയുടെ നടപടി.
നഷ്ടത്തിലേക്ക് വീണവര്‍
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), മാക്‌സ് ഹെല്‍ത്ത്‌കെയര്‍, സി.ജി പവര്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് 2.4 മുതല്‍ 2.8 വരെ താഴ്ന്ന് നിഫ്റ്റി 200ല്‍ ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയവ.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
സെന്‍സെക്‌സില്‍ ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിന്‍സെര്‍വ്, എന്‍.ടി.പി.സി., ഐ.ടി.സി, എല്‍ ആന്‍ഡ് ടി എന്നിവയാണ് നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍.
തിളങ്ങി കേരള ഓഹരികളും
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ധനലക്ഷ്മി ബാങ്ക്, ബി.പി.എല്‍ എന്നിവ ഇന്ന് 20 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടില്‍ തൊട്ടു. ധനലക്ഷ്മി ബാങ്ക് ഓഹരി വില 29.25 രൂപയിലാണ് വ്യാപാരാന്ത്യമുള്ളത്. ബള്‍ക്ക് ഡീലിന്റെ ചുവടുപിടിച്ചാണ് ഓഹരിവില കുതിച്ചതെന്ന് കരുതുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ടിന്റെ ഓഹരി വില 8.86 ശതമാനവും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് 6.49 ശതമാനവും റബ്ഫില 5.81 ശതമാനവും നേട്ടമുണ്ടാക്കി.
ആസ്പിന്‍ വാള്‍ (5.33%), ഇന്‍ഡിട്രേഡ് (4.65%), പാറ്റ്‌സ്പിന്‍ (2.30%), യൂണിറോയല്‍ (1.98%), ജിയോജിത് (1.75%) എന്നിവയാണ് നഷ്ടത്തില്‍ മുന്നിലുള്ളത്.
രൂപയും ക്രൂഡോയിലും
ഉത്പാദനം വെട്ടിക്കുറച്ച് വില ഉയര്‍ത്താനുള്ള സൗദി അറേബ്യയും റഷ്യയും അടക്കമുള്ള ഒപെക് പ്ലസ് കൂട്ടായ്മയുടെ നീക്കം ഫലം കാണുന്നുവെന്ന് വ്യക്തമാക്കി ബാരലിന് 90 ഡോളറിനുമേല്‍ തുടരുകയാണ് ക്രൂഡോയില്‍ വില. ഡബ്‌ള്യു.ടി.ഐ ക്രൂഡ് 90.51 ഡോളറിലും ബ്രെന്റ് ക്രൂഡ് 93.99 ഡോളറിലുമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ക്രൂഡ് വില വര്‍ദ്ധന, ഉയര്‍ന്ന ഡോളര്‍ ഡിമാന്‍ഡ് എന്നിവ മൂലം രൂപ തളര്‍ച്ചയിലാണ്. ഡോളറിനെതിരെ 0.18 ശതമാനം താഴ്ന്ന് 83.18ലാണ് വ്യാപാരാന്ത്യം രൂപയുടെ മൂല്യമുള്ളത്.