സെന്‍സെക്‌സ് 388 പോയ്ന്റ് ഇടിഞ്ഞു, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്നും കുതിച്ചു

അമേരിക്കയിലെ പലിശ നിരക്കുകളും ചൈനീസ് സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ആശങ്കകളും ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും കാര്‍മേഘം പടര്‍ത്തി. സെന്‍സെക്‌സ് 388 പോയ്ന്റ് ഇടിഞ്ഞ് 65,151 ലും നിഫ്റ്റി 100 പോയ്ന്റ് ഇടിഞ്ഞ് 19,365 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഐ.ടി.സി, നെസ്‌ലെ ഇന്ത്യ, പവര്‍ ഗ്രിഡ്, എല്‍ & ടി, കോട്ടക് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, ടി.സി.എസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ഓഹരികളിലെ കനത്ത വില്‍പ്പന ഇരു സൂചികകളേയും 0.6 ശതമാനം താഴ്ത്തി.
ഇന്ത്യന്‍ രൂപ ഇന്ന് ഡോളറിനെതിര 83.12ല്‍ എത്തി.

ബി.എസ്.ഇയില്‍ ഇന്ന് 1,836 ഓഹരികള്‍ നേട്ടത്തിലും 1,742 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ഐ.ടി, ധനകാര്യ ഓഹരികളാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. ടൈറ്റന്‍, എസ്.ബി.ഐ, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളില്‍ വാങ്ങല്‍ നടന്നത് വ്യാപാരാന്ത്യം സൂചികകളുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു.


വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

ബി.എസ്.ഇ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇന്ന് 0.2 ശതമാനത്തോളം ഉയര്‍ന്നു. സെക്ടറുകള്‍ പരിശോധിച്ചാല്‍ മിക്ക സൂചികകളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഒരു ശതമാ
ത്തോളം ഇടിഞ്ഞ നിഫ്റ്റി എഫ്.എം.സി.ജി സൂചികയാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ഐ.ടി സൂചിക 0.6 ശതമാനവും താഴ്ന്നു.
നേട്ടമുണ്ടാക്കിയവര്‍
മികച്ച വളര്‍ച്ചാ പ്രതീക്ഷകള്‍ പൊതുമേഖലാ സ്ഥാപനമായ ആര്‍.ഇ.സിയുടെ ഓഹരികളില്‍ ഇന്ന് മുന്നേറ്റത്തിനടയാക്കി. ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് 8.1 ശതമാനം ഓഹരി സ്വന്തമാക്കിയ വാര്‍ത്തകള്‍ക്കിടയിൽ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ഓഹരികള്‍ ഇന്ന് 4 ശതമാനത്തിലധികം ഉയര്‍ന്നു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

അഡിഡാസുമായി സഖ്യത്തിലേര്‍പ്പെടുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ബാറ്റ ഇന്ത്യ ഓഹരികളും ഇന്ന് 6 ശതമാനത്തോളം ഉയര്‍ന്നു. ഇന്ത്യന്‍ ബാങ്ക്, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികള്‍.
ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നതിന് 50,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് വൈദ്യുത വാഹന നിര്‍മാതാക്കളായ ഒലെക്ട്ര ഗ്രീന്‍ടക്, ജെ.ബി.എം ഓട്ടോ എന്നിവയുടെ ഓഹരികള്‍ യഥാക്രമം 5%, 3% എന്നിങ്ങനെ ഉയര്‍ന്നു.
നിരാശപ്പെടുത്തിയവര്‍
ഓഫര്‍ ഫോര്‍ സെയില്‍ വഴി ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (IRFC) 11 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനം കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവുണ്ടാക്കി. ആറ് ശതമാനത്തോളമാണ് ഇന്ന് ഐ.ആര്‍.എഫ്.സി ഓഹരികള്‍ ഇടിഞ്ഞത്. ജെ.എസ്.ഡബ്ല്യു എനര്‍ജി, ബജാജ് ഹോള്‍ഡിംഗ് & ഇന്‍വെസ്റ്റ്‌മെന്റ്, പ്രോക്‌റ്റെര്‍ & ഗ്യാംബിള്‍ ഹൈജീന്‍, ദീപക് നൈട്രൈറ്റ് തുടങ്ങിയവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ പ്രമുഖ കമ്പനികള്‍.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

കുതിപ്പ് തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. ആദ്യ പാദപ്രവര്‍ത്തനഫലങ്ങള്‍ക്ക് ശേഷം ഓഹരിയില്‍ തുടര്‍ച്ചയായ മുന്നേറ്റുമുണ്ട്. ഓഹരി ഇന്ന്‌ എക്കാലത്തെയും ഉയര്‍ച്ചയായ 888 രൂപയിലെത്തിയിരുന്നു. വ്യാപാരാന്ത്യം 8.37 ശതമാനം നേട്ടത്തോടെ 875.50 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ മൂന്ന് വ്യാപാരസെഷനുകളിലായി 37 ശതമാനത്തോളമാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില ഉയര്‍ന്നത്.

കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

കേരളത്തില്‍ നിന്നുള്ള കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ഓഹരികളും ഇന്ന് 9.57 ശതമാനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മാസപ്പടി നല്‍കിയെന്ന വിവാദത്തിനിടയിലും കമ്പനി 2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഓഹരി ഒന്നിന് 80 ശതമാനം വീതം (ഒരു ഓഹരിക്ക് 8 രൂപ വീതം) ലാഭവിഹിതമാണ് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. സെപ്തംബര്‍ 15 ന് നടക്കുന്ന വാര്‍ഷിക പൊതുയോഗം ശുപാര്‍ശ അംഗീകരിച്ചാല്‍ ഒക്ടോബര്‍ 14നകം ലാഭവിഹിതം വിതരണം ചെയ്യുമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ് ഇന്ന് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത്.
മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. ഹാരിസണ്‍സ് മലയാളം, ഫെഡറല്‍ ബാങ്ക്, എഫ്.എ.സി.ടി, ജിയോജിത്ത്, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, നിറ്റ ജെലാറ്റിന്‍ ഇന്ത്യ, പ്രൈമ ആഗ്രോ, സ്‌റ്റെല്‍ ഹോള്‍ഡിംഗ് തുടങ്ങിയ ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി.
മൂന്ന് ശതമാനത്തിലധികം നഷ്ടമുണ്ടാക്കിയ പ്രൈമ ഇന്‍ഡസ്ട്രീസും ഈസ്റ്റേണ്‍ ട്രെഡ്‌സുമാണ് കേരള കമ്പനികളില്‍ ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയവര്‍. ഇന്നലെ ആറ് ശതമാനത്തോളം ഉയര്‍ന്ന കല്യാണ്‍ ഓഹരികള്‍ ഇന്ന് 0.36 ഇടിഞ്ഞു. കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടം രേഖപ്പെടുത്തിയ പ്രമുഖ കമ്പനികളില്‍ ഉള്‍പ്പെടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it