തിരിച്ചുവരവ്! എട്ടു ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ വിപണിക്ക് നല്ല തിങ്കളാഴ്ച; ഗംഭീര നേട്ടവുമായി മണപ്പുറം ഫിനാന്‍സ്

മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് കാഴ്ചവച്ചത്
തിരിച്ചുവരവ്! എട്ടു ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ വിപണിക്ക് നല്ല തിങ്കളാഴ്ച; ഗംഭീര നേട്ടവുമായി മണപ്പുറം ഫിനാന്‍സ്
canva
Published on

തുടര്‍ച്ചയായ എട്ടു ദിവസങ്ങളില്‍ താഴേക്ക് പതിച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് വന്‍ തിരിച്ചുവരവ്. രാവിലെ താഴ്ചയില്‍ തന്നെ തുടങ്ങി വിപണി ക്ലോസിംഗില്‍ പക്ഷേ കരുത്തുകാട്ടി. സെന്‍സെക്‌സ് 57.65 പോയിന്റ് ഉയര്‍ന്ന് (0.08 ശതമാനം) 75,996.86ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റിയാകട്ടെ 30.25 പോയിന്റ് (0.13 ശതമാനം) ഉയര്‍ന്ന് 22,959.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. 1,286 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,625 എണ്ണം നഷ്ടം രേഖപ്പെടുത്തി. 135 ഓഹരികള്‍ക്ക് മാറ്റമുണ്ടായില്ല. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ 2,000 കോടി രൂപയുടെ മൂല്യവര്‍ധനയുണ്ടായി.

വിദേശ നിക്ഷേപകര്‍ വിറ്റൊഴിയുന്നത് തുടരുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയിലെ തീരുമാനങ്ങളും രൂപയുടെ കയറ്റിറക്കങ്ങളും വിപണിക്ക് ഭീഷണി തന്നെയാണ്. തിരുത്തല്‍ കാലമായതിനാല്‍ ഇന്നത്തെ പ്രകടനം വരുംദിവസങ്ങളില്‍ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ വിപണിക്ക് കാര്യമായ ഉറപ്പില്ല. വിദേശ നിക്ഷേപകര്‍ ഉടനെങ്ങും തിരിച്ചെത്തിയേക്കില്ലെന്നത് തന്നെയാണ് വിപണിയെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് കാഴ്ചവച്ചത്. എഫ്.എം.സി.ജി സൂചികകള്‍ പക്ഷേ 0.36 ശതമാനം താഴ്ന്നാണ് അവസാനിപ്പിച്ചത്. രാജ്യത്തെ സാമ്പത്തിക മുരടിപ്പിന് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ് എഫ്.എം.സി.ജി ഓഹരികള്‍ നല്‍കുന്നത്.

നേട്ടം കോട്ടവും

ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത് സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ഓഹരികളാണ്. 6.04 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.ടി.ഡബ്ല്യു അറ്റ്‌ലാന്‍ഡ ട്രാന്‍സ്‌ഫോംസ് ഇന്ത്യ എന്ന കമ്പനിയെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ഓഹരികളെ ഉയര്‍ത്തിയത്.

ഡിസംബര്‍ പാദത്തില്‍ വിറ്റുവരവും ലാഭവും ഉയര്‍ന്നതിന്റെ നേട്ടം അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ക്ക് ലഭിച്ചു. 4.54 ശതമാനം ഉയര്‍ന്നാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. മൂന്നാം പാദത്തില്‍ 820 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

നേട്ടം കൊയ്തവരും നഷ്ടത്തിലായവരും
നേട്ടം കൊയ്തവരും നഷ്ടത്തിലായവരും

പോളിസിബസാര്‍ ഡോട്ട്‌കോമിന്റെ മാതൃകമ്പനിയായ പി.ബി. ഫിന്‍ടെകിന് ഇന്ന് 5.21 ശതമാനം ഇടിവാണ് നേരിടേണ്ടി വന്നത്. റെയില്‍ വികാസ് നിഗം ഓഹരികള്‍ക്കും തിരിച്ചടിയായിരുന്നു ഫലം, 4.81 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

മണപ്പുറം ഫിനാന്‍സ് ഓഹരികളാണ് കേരള കമ്പനികളില്‍ കത്തിക്കയറിയത്. മൂന്നാംപാദത്തിലെ മികച്ച റിസള്‍ട്ടിന്റെ അലയൊലികള്‍ 8.46 ശതമാനം ഓഹരികളെ ഉയര്‍ത്തി. എന്നാല്‍ മറ്റ് ബാങ്കിതര ധനകാര്യ ഓഹരികള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

മുത്തൂറ്റ് ഫിനാന്‍സ് 0.65 ശതമാനം താഴ്ന്നു. മുത്തൂറ്റ് മൈക്രോഫിന്‍ 4.14 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ കേരള ബാങ്ക് ഓഹരികളും നഷ്ടത്തിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com