
ഇന്നലെ മികച്ച നേട്ടത്തിലായിരുന്ന വിപണി ഇന്ന് നഷ്ടത്തിലേക്ക് വീണു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മൂലം നിക്ഷേപകര്‍ ജാഗ്രതയോടെയുളള സമീപനം സ്വീകരിച്ചത് വിപണിക്ക് തിരിച്ചടിയായി. ഇന്നലത്തെ നേട്ടം ഉപയോഗപ്പെടുത്താനായി നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതും വിപണി നഷ്ടത്തിലാകാനുളള കാരണമാണ്.
ഇസ്രായേൽ-ഇറാൻ സംഘർഷം തുടർച്ചയായ അഞ്ചാം ദിവസത്തിലേക്കാണ് നീളുന്നത്. ആണവായുധ കരാർ ഇറാൻ നിരസിച്ചത് ചൂണ്ടിക്കാട്ടി ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആവശ്യപ്പെട്ടത് വിപണിയില്‍ സമ്മർദ്ദം വർദ്ധിപ്പിച്ചു. ദുർബലമായ ആഗോള വിപണി സൂചനകളും ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു. ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ എസ്എസ്ഇ കോമ്പോസിറ്റ്, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. യു.എസ് ഓഹരി വിപണി ആരംഭിച്ചതും ദുർബലമായാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.53 ശതമാനം ഉയർന്ന് 73.62 ഡോളറിലെത്തി. ഇന്ത്യയെ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഉയർന്ന ക്രൂഡ് ഓയിൽ വില വലിയ തിരച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും വിപണിയുടെ നഷ്ടത്തിനുളള കാരണമാണ്. എഫ്.ഐ.ഐ കൾ തിങ്കളാഴ്ച 2,539.42 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണിയെ ക്ഷീണിപ്പിച്ചു.
സെൻസെക്സ് 0.26 ശതമാനം (212.85 പോയിന്റ്) ഇടിഞ്ഞ് 81,583.30 ലും നിഫ്റ്റി 0.37 ശതമാനം (93.10 പോയിന്റ്) ഇടിഞ്ഞ് 24,853.40 ലുമാണ് ക്ലോസ് ചെയ്തത്.
ഐ.ടി ഒഴികെയുള്ള മറ്റെല്ലാ മേഖല സൂചികകളും ചുവപ്പിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഫാർമ, മെറ്റൽ, ഓയിൽ & ഗ്യാസ്, ഓട്ടോ, റിയൽറ്റി, പിഎസ്‌യു ബാങ്ക് എന്നിവ 0.5 മുതല്‍ 2 ശതമാനം വരെ ഇടിഞ്ഞു.
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.6 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് പ്രതിരോധ ഓഹരികളാണ്. ഇന്ത്യന്‍ പ്രതിരോധ കമ്പനികൾക്ക് കൂടുതല്‍ ഓർഡറുകള്‍ ലഭിച്ചേക്കുമെന്ന നിക്ഷേപകരുടെ വിലയിരുത്തലാണ് ഈ മേഖലയ്ക്ക് ശക്തി പകര്‍ന്നത്. അടുത്ത ദശകത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ ചെലവ് ജിഡിപി യുടെ നിലവിലെ 2 ശതമാനത്തിൽ നിന്ന് 3-4 ശതമാനമായി ഉയർത്താൻ സാധ്യതയുണ്ട്. 25,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് 2025–26 ഓടെ സർക്കാർ ലക്ഷ്യമിടുന്നത്.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരികൾ ഏകദേശം 4 ശതമാനം ഉയർന്ന് 3,306 രൂപയിലെത്തി. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ ഭാരത് ഡൈനാമിക്സ് (BDL), കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
അദാനി എന്റർപ്രൈസസ്, ഡോ. റെഡ്ഡീസ് ലാബ്സ്, എറ്റേണൽ, ഒഎൻജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഫാർമ താരിഫുകൾ ഉടന്‍ നടപ്പാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഫാർമ ഓഹരികൾ കുത്തനെ ഇടിയുന്നതിന് കാരണമായി. വരുമാനത്തിന്റെ വലിയൊരു ഭാഗം യു.എസിലേക്കുളള കയറ്റുമതിയിൽ നിന്ന് നേടുന്ന ഇന്ത്യൻ ഫാര്‍മ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണ് ഇത്.
അരബിന്ദോ ഫാർമ, ലുപിൻ, ഗ്രാനുൽസ് ഇന്ത്യ ഓഹരികള്‍ 3 ശതമാനത്തിലധികം ഇടിഞ്ഞു. ലോറസ് ലാബ്സ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരികൾ 2 ശതമാനത്തിലധികം ഇടിഞ്ഞു. സൺ ഫാർമ, സിപ്ല, ഗ്ലെൻമാർക്ക് ഫാർമ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികളില്‍ ഇന്ന് ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലായിരുന്നു. പോപ്പീസ് കെയര്‍ 4.99 ശതമാനം നഷ്ടത്തില്‍ 37.92 രൂപയിലാണ് ക്ലോസ് ചെയ്തത്. മണപ്പുറം ഫിനാന്‍സ് (-3.29%), കിറ്റെക്സ് (-2.31%), ആസ്റ്റര്‍ (-3.06%), കല്യാണ്‍ ജുവലേഴ്സ് (-1.60%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.
ഫാക്ട് ഓഹരി 1.47 ശതമാനം നഷ്ടത്തില്‍ 1022 രൂപയില്‍ ക്ലോസ് ചെയ്തു.
സി.എസ്.ബി ബാങ്കാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നത്. ഓഹരി 2 ശതമാനം നേട്ടത്തില്‍ 392 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് & റൂട്ടൈല്‍ (1.99%), ബി.പി.എല്‍ (3.29%), ഈസ്റ്റേണ്‍ ട്രെഡ്സ് (1.67%), മുത്തൂറ്റ് ഫിനാന്‍സ് (0.50%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Stock market closing analysis 17 june 2025.
Read DhanamOnline in English
Subscribe to Dhanam Magazine