
ബുളളുകള്‍ ആധിപത്യം പുലര്‍ത്തിയ ദിവസമാണ് ചൊവ്വാഴ്ച വിപണിയില്‍ ദൃശ്യമായത്. രണ്ടാം ദിനവും തുടര്‍ച്ചയായി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ മേഖലകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയയും റിയല്‍റ്റിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ആഗോള ഓഹരി വിപണികളിലെ ഉണർവ് ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതാണ് വിപണിയില്‍ കാണാനായത്. ഇത് എല്ലാ മേഖലകളിലും മികച്ച വാങ്ങലിലേക്ക് നയിച്ചു.
വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പന സമ്മർദ്ദം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയെ സ്ഥിരത കൈവരിക്കുന്നതിലേക്ക് നയിക്കുമെന്നും വിശകലന വിദഗ്ധർ കണക്കാക്കുന്നു. നിരക്ക് കുറയ്ക്കലിലും പണപ്പെരുപ്പ വീക്ഷണത്തിലും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് കരുതുന്ന യുഎസ് ഫെഡ് മീറ്റിംഗിൽ നിന്ന് നിക്ഷേപകര്‍ സൂചനകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെൻസെക്സ് 1.53 ശതമാനം (1,131.31 പോയിന്റ്) ഉയർന്ന് 75,301.26 ലും നിഫ്റ്റി 1.45 ശതമാനം (325.55 പോയിന്റ്) ഉയർന്ന് 22,834.30 ലുമാണ് ക്ലോസ് ചെയ്തത്.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികൾ 2.18 ശതമാനത്തിന്റെയും 2.71 ശതമാനത്തിന്റെയും ഉയർച്ചയോടെ ഫ്രണ്ട്‌ലൈൻ സൂചികയെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, പവർ, റിയാലിറ്റി, മീഡിയ സൂചികകൾ 2-3 ശതമാനം നേട്ടത്തിലായിരുന്നു.
പോളിസിബസാറിന്റെ മാതൃ സ്ഥാപനമായ പിബി ഫിൻടെക്കിന്റെ ഓഹരികൾ 7 ശതമാനം ഉയർന്നു. ശക്തമായ വളർച്ചാ പ്രതീക്ഷകള്‍ ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഓഹരിയുടെ റേറ്റിംഗ് ഉയർത്തിയിരുന്നു. കമ്പനിയുടെ വളർച്ചയെയും ലാഭക്ഷമതയെയും കുറിച്ചുള്ള ആശങ്കകൾ കാരണം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഓഹരി ഏകദേശം 36 ശതമാനത്തോളം തിരുത്തലിന് വിധേയമായിരുന്നു. ഓഹരി 1450 രൂപയിലാണ് ക്ലോസ് ചെയ്തത്.
മെറ്റൽ ഓഹരികള്‍ വലിയ മുന്നേറ്റമാണ് ചൊവ്വാഴ്ച നടത്തിയത്. ചൈന അടുത്തിടെ പുറത്തിറക്കിയ പ്രത്യേക കർമ്മ പദ്ധതിയാണ് ഈ മേഖലയിലെ ഓഹരികളുടെ കരുത്തിന് കാരണമായത്. ജനങ്ങളുടെ വരുമാനം കൂട്ടി ആഭ്യന്തര ചെലവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ജിൻഡാൽ സ്റ്റീൽ & പവർ, ഹിൻഡാൽകോ , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) തുടങ്ങിയവയുടെ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഉയർന്നു.
ഐസിഐസിഐ ബാങ്ക്, എം ആൻഡ് എം, ശ്രീറാം ഫിനാൻസ്, എൽ ആൻഡ് ടി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.
സെന്‍സെക്സില്‍ നാല് ഓഹരികളൊഴികെ ബാക്കി എല്ലാ ഓഹരികളും നേട്ടത്തിലായിരുന്നു. ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
കേരളാ കമ്പനികള്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് 5 ശതമാനത്തിലധികം നേട്ടത്തില്‍ 627 രൂപയിലാണ് ക്ലോസ് ചെയ്തത്. വി ഗാര്‍ഡ് (4.58%), കിറ്റെക്സ് (5%), ജിയോജിത്ത് (6.92%), ബി.പി.എല്‍ (5.34%), കേരള ആയുര്‍വേദ, സ്റ്റെല്‍ ഹോള്‍ഡിംഗ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 3.62 ശതമാനം നേട്ടത്തില്‍ 1342 രൂപയിലെത്തി.
പോപ്പീസ് കെയര്‍ 1.99 ശതമാനം നഷ്ടത്തില്‍ 60.97 രൂപയിലാണ് ക്ലോസ് ചെയ്തത്. റബ്ഫിലാ ഇന്റര്‍നാഷണല്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, ഈസ്റ്റേണ്‍ തുടങ്ങിയ ഓഹരികള്‍ക്ക് ചൊവ്വ നഷ്ടദിനമായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine