

ഇന്നലത്തെ നേട്ടം ആവര്‍ത്തിച്ച് വിപണി. ആഗോളതലത്തിലുളള പോസിറ്റീവ് സൂചനകളും ഓട്ടോ ഓഹരികളുടെ മുന്നേറ്റവും ഹെവിവെയ്റ്റ് ഓഹരി റിലയൻസ് ഇൻഡസ്ട്രീസ് നേട്ടത്തിലായതും വിപണിക്ക് കരുത്ത് പകര്‍ന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും തമ്മില്‍ ചർച്ചകൾക്കുള്ള സാധ്യതകൾ സംഘർഷങ്ങൾ ലഘൂകരിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരില്‍ ഉണർത്തി. ഓട്ടോ ഓഹരികൾ 6 ശതമാനം വരെ ഉയർന്നു. ഓല ഇലക്ട്രിക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ഹ്യുണ്ടായ് മോട്ടോർ, ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവ നേട്ടങ്ങൾക്ക് നേതൃത്വം നൽകി.
വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനം ഉയർന്നു. വാഹന നിർമ്മാണത്തിന്റെ പ്രധാന ഘടകമായ അപൂർവ ധാതുക്കളുടെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് ചൈന ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയതായ റിപ്പോർട്ടുകൾ ഓട്ടോ ഓഹരികള്‍ക്ക് ഊര്‍ജം പകര്‍ന്നു.
ജിയോ പ്രീപെയ്ഡ് താരിഫുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ 0.50 ശതമാനം ഇടിഞ്ഞ് ബാരലിന് 66.24 യുഎസ് ഡോളറിലെത്തി. ഇത് ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനാൽ ഇന്ത്യയ്ക്ക് അനുകൂലമായ നീക്കമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച 550.85 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതും വിപണിക്ക് ഊര്‍ജം പകര്‍ന്നു.
സെൻസെക്സ് 0.46 ശതമാനം (370.64 പോയിന്റ്) ഉയർന്ന് 81,644.39 ലും നിഫ്റ്റി 0.42 ശതമാനം (103.70 പോയിന്റ്) ഉയർന്ന് 24,980.65 ലും ക്ലോസ് ചെയ്തു.
ഫാർമ ഒഴികെയുള്ള മേഖലകളെല്ലാം പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെലികോം, എഫ്എംസിജി, മീഡിയ, ഓട്ടോ, ഓയിൽ & ഗ്യാസ് എന്നിവ ഒരു ശതമാനം വീതം ഉയർന്നു.
മിഡ്ക്യാപ് സൂചിക 0.97 ശതമാനത്തിന്റെയും സ്മോൾക്യാപ് സൂചിക 0.70 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
ചൈന വളം കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഫാക്ട്, ആർസിഎഫ്, അഗ്രോ ഫോസ് (Agro Phos) ഓഹരികൾ നേട്ടത്തിലായി. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള നിർണായക വളങ്ങളുടെ കയറ്റുമതി ചൈന തടഞ്ഞിരുന്നു. ചില പ്രത്യേക വളങ്ങളുടെ 80 ശതമാനവും ഇന്ത്യ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അഗ്രോ ഫോസ് ഇന്ത്യയുടെ ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്ന് 38.92 രൂപയിലെത്തി. സതേൺ പെട്രോകെമിക്കൽസും സുവാരി അഗ്രോ കെമിക്കൽസും ഓഹരികൾ ഏകദേശം 4 ശതമാനം വീതം നേട്ടമുണ്ടാക്കി.
ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിർത്തൽ പ്രതീക്ഷകൾ വർദ്ധിച്ചതോടെ പ്രതിരോധ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. ഭാരത് ഡൈനാമിക്സ് (BDL) ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞ് 1,549 രൂപയിലാണ് വ്യാപാരം നടന്നത്. ഡാറ്റ പാറ്റേൺസ് ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. സോളാർ ഇൻഡസ്ട്രീസ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE), ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് (HAL) ഓഹരികൾ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികളില്‍ ഇന്ന് ഭൂരിഭാഗം ഓഹരികളും നേട്ടത്തിലായിരുന്നു. ഇന്നലത്തെ നേട്ടത്തിന്റെ ചുവടുപിടിച്ച് കിറ്റെക്സ് ഓഹരി 5 ശതമാനം നേട്ടത്തില്‍ 188 രൂപയിലെത്തി. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ ഇരട്ട താരിഫ് ഒഴിവാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൂചന നല്‍കിയതും ജി.എസ്.ടിയില്‍ കുറവുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് പ്രയോജനകരമായ നടപടികളാണ്. സി.എസ്.ബി ബാങ്ക് (4.58%), പോപ്പീസ് കെയര്‍ (5%), വണ്ടര്‍ലാ ഹോളിഡേയ്സ് (2.55%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ഈസ്റ്റേണ്‍ ട്രെഡ്സ് 7 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി 32 രൂപയില്‍ ക്ലോസ് ചെയ്തു. കല്യാണ്‍ ജുവലേഴ്സ് (-2.33%), സ്കൂബി ഡേ ഗാര്‍മെന്റ്സ് (-4.24%), കേരള ആയുര്‍വേദ (-1.20%) തുടങ്ങിയ ഓഹരികളും മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.
Stock market closing analysis 19 August 2025.
Read DhanamOnline in English
Subscribe to Dhanam Magazine