
ഓഹരി വിപണി ഇന്ന് വീണ്ടും മങ്ങിയ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ദുർബലമായ ആഗോള സൂചനകളും പുതിയ ആഭ്യന്തര ഉത്തേജനങ്ങളുടെ അഭാവവും മൂലം നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ വിപണി ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. വലിയ ചാഞ്ചാട്ടം നിറഞ്ഞ സെഷനില്‍ മിഡ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ദിവസം മുഴുവൻ കനത്ത വിൽപ്പന സമ്മർദ്ദം നേരിടേണ്ടിവന്നു. വിപണിയിലെ വെല്ലുവിളികൾക്കിടയിലും ഇവയുടെ വിലയേറിയ മൂല്യനിർണ്ണയം ആശങ്കകൾ ഉയർത്തിയതാണ് നിക്ഷേപകരെ വിറ്റൊഴിയാന്‍ പ്രേരിപ്പിച്ചത്.
യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായി നാലാം തവണയും പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. 2025 ലെ വ്യക്തിഗത ഉപഭോഗ ചെലവുകളുടെ (PCE) പണപ്പെരുപ്പ പ്രവചനം 2.7 ശതമാനത്തിൽ നിന്ന് 3 ശതമാനമായി പരിഷ്കരിച്ചു. 2025 ലെ ജിഡിപി വളർച്ചാ പ്രവചനം 1.7 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമായും കുറച്ചു. ട്രംപിന്റെ നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയതായി നയരൂപീകരണ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘർഷം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. വരും ദിവസങ്ങളിലും മിഡിൽ ഈസ്റ്റ് സംഘർഷം നിലനിൽക്കുമെന്നാണ് സൂചനകള്‍ ഉളളത്. ആഭ്യന്തര രംഗത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വരുമാന വളർച്ച മന്ദഗതിയിലാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ കാണിക്കുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന്റെ മുൻകൂർ നികുതി പിരിവ് ജൂൺ 15 വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം വർദ്ധിച്ച് 1.54 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 27 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വ്യക്തിഗത ആദായ നികുതി പേയ്‌മെന്റുകളിലാണ് പ്രധാനമായും കുറവുണ്ടായത്.
സെൻസെക്സ് 0.10 ശതമാനം (82.79 പോയിന്റ്) ഇടിഞ്ഞ് 81,361.87 ലും നിഫ്റ്റി 0.08 ശതമാനം (18.80 പോയിന്റ്) ഇടിഞ്ഞ് 24,793.25 ലും വ്യാപാരം അവസാനിപ്പിച്ചു.
പിഎസ്‌യു ബാങ്ക് സൂചികയിൽ 2 ശതമാനം ഇടിവുണ്ടായി. നിഫ്റ്റി മീഡിയ സൂചിക 1.91 ശതമാനം ഇടിഞ്ഞു. റിയൽ എസ്റ്റേറ്റ് ഓഹരികളിലെ ഇടിവ് തുടരുകയാണ്, നിഫ്റ്റി റിയൽറ്റി സൂചിക 1.60 ശതമാനം ഇടിഞ്ഞു. മെറ്റൽ സൂചിക 1.29 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐ.ടി സൂചിക 0.94 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി ഓട്ടോ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 0.52 ശതമാനം നേട്ടത്തോടെ ഈ മേഖല വ്യാപാരം അവസാനിപ്പിച്ചു.
കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഉയര്‍ന്നു. 735.18 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികളും (എൻപിഎ) എഴുതിത്തള്ളപ്പെട്ട വായ്പകളും ആസ്തി പുനർനിർമ്മാണ കമ്പനിക്ക് (ARC) വിൽക്കാൻ ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകി. പുതിയ കാറുകൾ, ഉപയോഗിച്ച കാറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് റീട്ടെയിൽ ഫിനാൻസ് നൽകുന്നതിനായി ഇസാഫുമായി മാരുതി സുസുക്കി ഇന്ത്യ ഈ ആഴ്ച ആദ്യം പങ്കാളിത്തം പ്രഖ്യാപിച്ചതും ഓഹരിക്ക് നേട്ടമായി. ഓഹരി 31.79 രൂപയിലാണ് ക്ലോസ് ചെയ്തത്.
ടാറ്റ കൺസ്യൂമർ, ഐഷർ മോട്ടോർ, എം ആൻഡ് എം, വിപ്രോ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷം കൂടുതൽ വഷളായതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറിനടുത്തെത്തി. എണ്ണ വിപണന കമ്പനികള്‍ക്ക് ഇത് തിരിച്ചടിയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) ഓഹരികൾ 1.71 ശതമാനം ഇടിഞ്ഞ് 138 രൂപയിലും, ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (BPCL) ഓഹരികൾ 1.35 ശതമാനം ഇടിഞ്ഞ് 311 രൂപയിലും എത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (HPCL) ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞ് 390 രൂപയിലുമെത്തി.
അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ്, ടെക് മഹീന്ദ്ര, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികളില്‍ ഇന്ന് ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലായിരുന്നു. കേരളാ ആയുര്‍വേദ 5.99 ശതമാനത്തിന്റെ ഇടിവുമായി നഷ്ടപ്പെട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 442 രൂപയിലാണ് ക്ലോസ് ചെയ്തത്. പോപ്പീസ് (5%), കിറ്റെക്സ് (3.86%), കല്യാണ്‍ ജുവലേഴ്സ് (2.19%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (2.20%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 2.94 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഫാക്ട് ഓഹരി 2.61 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ആഡ്ടെക് സിസ്റ്റംസ് 0.72 ശതമാനം നേട്ടത്തില്‍ 71 രൂപയില്‍ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്സ് (0.36%), കൊച്ചിൻ മിനറൽസ് & റൂട്ടൈൽ (0.36%), ആസ്റ്റര്‍ (0.22%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
Stock market closing analysis 19 June 2025.
Read DhanamOnline in English
Subscribe to Dhanam Magazine