സമവായത്തിലേക്ക് അമേരിക്ക; ഓഹരി സൂചികകളില്‍ നേട്ടം

ആഗോള ഓഹരിവിപണികളിലുണ്ടായ ഉണര്‍വിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകളും ഇന്ന് നേട്ടത്തിലേറി. സെന്‍സെക്‌സ് 297.94 പോയിന്റ് (0.48 ശതമാനം) ഉയര്‍ന്ന് 61,729.68ലും നിഫ്റ്റി 43.45 പോയിന്റ് നേട്ടവുമായി (0.41 ശതമാനം) 18,203.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡെറ്റ് സീലിംഗ് വിഷയത്തില്‍ അമേരിക്കയില്‍ ജോ ബൈഡന്‍ സര്‍ക്കാരിന് അനുകൂലമായി സമവായമുണ്ടായേക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരികള്‍ക്ക് നേട്ടമായത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം


നേട്ടത്തിലേറിയവര്‍

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തിലേറുന്നത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്മേല്‍ സുപ്രീംകോടതി നിയോഗിച്ച പാനലില്‍ നിന്ന് അനുകൂലമായ റിപ്പോര്‍ട്ട് വന്നിരിക്കേ, അദാനി ഓഹരികളും ഇന്ന് മുന്നേറി. രാംകോ സിമന്റ്‌സ്, അദാനി വില്‍മാര്‍, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഇന്ന് ഓഹരി സൂചികകളുടെ നേട്ടത്തിന് വഴിയൊരുക്കിയ മുന്‍നിര ഓഹരികള്‍. അമേരിക്കയിലെ പ്രതിസന്ധി അകലുന്ന സൂചനയാണ് ഐ.ടി കമ്പനികള്‍ക്കും നേട്ടമായത്. നിഫ്റ്റി എ.ടി ഓഹരികള്‍ ഇന്ന് 1.47 ശതമാനം നേട്ടത്തിലാണ്. ബാങ്ക്, വാഹനം, ധനകാര്യം, റിയാല്‍റ്റി വിഭാഗങ്ങളും മുന്നേറി.
നിരാശപ്പെടുത്തിയവര്‍
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

ഗ്ലാന്‍ഡ് ഫാര്‍മ, സിയെമെന്‍സ്, ഹണിവെല്‍ ഓട്ടോമേഷന്‍, ബന്ധന്‍ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഫാര്‍മ, എഫ്.എം.സി.ജി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടത്തിന്റെ വണ്ടി മിസ് ആയത്. 0.96 ശതമാനമാണ് ഫാര്‍മ ഓഹരികളുടെ വീഴ്ച. എന്‍.ടി.പി.സി., ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ് എന്നിവയും ഇന്ന് നഷ്ടത്തിലാണ്.
കേരള ഓഹരികള്‍ സമ്മിശ്രം
കേരളം ആസ്ഥാനമായ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 8.43 ശതമാനം ഉയര്‍ന്നു. ഹാരിസണ്‍ മലയാളം, കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് കാപ്പിറ്റല്‍, സ്‌കൂബീഡേ, വണ്ടര്‍ല എന്നിവ ഭേദപ്പെട്ട നേട്ടം കുറിച്ചു.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

എന്നാല്‍, ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിട്ട മുത്തൂറ്റ് ഫിനാന്‍സ് 1.45 ശതമാനം നഷ്ടത്തിലാണ്. മാനേജിംഗ് ഡയറക്ടര്‍ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച നിറ്റ ജെലാറ്റിന്‍ 3.08 ശതമാനം നഷ്ടവും നേരിട്ടു. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ നഷ്ടം അഞ്ച് ശതമാനത്തോളം. ഫാക്ട്, സി.എസ്.ബി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് എന്നിവയും നഷ്ടത്തിലാണ്.
രൂപ തളരുന്നു, ക്രൂഡും സ്വര്‍ണവും മേലോട്ട്
ക്രൂഡോയില്‍ വില ഇന്ന് നേട്ടത്തിലേറി. ബാരലിന് 1.86 ശതമാനം വര്‍ദ്ധനയുമായി 73.20 ഡോളറിലാണ് ഡബ്‌ള്യു.ടി.ഐ ക്രൂഡുള്ളത്. ബ്രെന്റ് ക്രൂഡ് 1.34 ശതമാനം വര്‍ദ്ധിച്ച് 77.20 ഡോളറിലുമെത്തി. സ്വര്‍ണവില രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 1954 ഡോളര്‍ നിലവാരത്തില്‍ നിന്ന് 1964 ഡോളറിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ നാളെ സ്വര്‍ണവില കൂടാന്‍ ഇത് വഴിയൊരുക്കിയേക്കും. രൂപ ഡോളറിനെതിരെ നഷ്ടത്തിലാണുള്ളത്. ഇന്ന് 86.60ല്‍ നിന്ന് 86.66ലേക്ക് മൂല്യം താഴ്ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it