ഓഹരി വിപണിക്ക് 'ശനി'ദശ; റെയില്‍വേ, അദാനി ഓഹരികള്‍ കസറി, ഇന്നും തിളങ്ങി ധനലക്ഷ്മി ബാങ്ക്

അപ്രതീക്ഷിതമായി വീണുകിട്ടിയ 'ശനിയാഴ്ച' വ്യാപാരദിനത്തില്‍ നേട്ടം കൊയ്യാനാവാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. തിങ്കളാഴ്ച (ജനുവരി 22) നടക്കുന്ന അയോധ്യ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് അന്നേദിവസം ഓഹരി വിപണിക്ക് അവധിയായതിനാലാണ് ഇന്ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത്. പക്ഷേ, ഇന്നലെ കാഴ്ചവച്ച തിളക്കം ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് നിലനിറുത്താനായില്ല.

ബാങ്കിംഗ് ഓഹരികള്‍ ഇന്ന് മികച്ച പ്രകടനം നടത്തിയെങ്കിലും എഫ്.എം.സി.ജി., ഐ.ടി., ഫാര്‍മ ഓഹരികള്‍ നേരിട്ട തളര്‍ച്ചയാണ് തിരിച്ചടിയായത്. സെന്‍സെക്‌സ് 259 പോയിന്റ് (0.36%) താഴ്ന്ന് 71,423ലും നിഫ്റ്റി 50 പോയിന്റ് (0.23%) നഷ്ടത്തോടെ 21,571ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി എഫ്.എം.സി.ജി സൂചിക 1.17 ശതമാനം, ഐ.ടി സൂചിക ഒരു ശതമാനം, ഫാര്‍മ 0.89 ശതമാനം, റിയല്‍റ്റി 0.75 ശതമാനം എന്നിങ്ങനെ താഴ്ന്നു. പൊതുവേ മോശമായ ഡിസംബര്‍പാദ പ്രവര്‍ത്തനഫലമാണ് ഈ രംഗത്തെ കമ്പനികളുടെ ഓഹരികളെ തളര്‍ത്തിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

അതേസമയം, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.86 ശതമാനം, സ്വകാര്യബാങ്ക് 0.66 ശതമാനം, ധനകാര്യ സേവനം 0.57 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 0.78 ശതമാനം നേട്ടത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.52 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.20 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി 50ല്‍ ഇന്ന് 20 കമ്പനികള്‍ നേട്ടത്തിലും 30 എണ്ണം താഴ്ചയിലുമായിരുന്നു. 4.11 ശതമാനം നേട്ടവുമായി കോള്‍ ഇന്ത്യയും 3.34 ശതമാനം ഉയര്‍ന്ന് അദാനി പോര്‍ട്‌സും നിഫ്റ്റി 50ലെ നേട്ടത്തില്‍ മുന്നിലെത്തി. 3.72 ശതമാനം ഇടിഞ്ഞ് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ് (HUL) നഷ്ടത്തില്‍ മുന്നില്‍. 2.12 ശതമാനം താഴ്ന്ന ടി.സി.എസാണ് തൊട്ടുപിന്നിലുള്ളത്.
ബി.എസ്.ഇയില്‍ 2,063 ഓഹരികള്‍ നേട്ടത്തിലും 1,748 എണ്ണം നഷ്ടത്തിലുമായിരുന്നു. 97 ഓഹരികളുടെ വില മാറിയില്ല. 474 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 9 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ടില്‍ 6 കമ്പനികളുണ്ടായിരുന്നു; ലോവര്‍-സര്‍കീട്ടില്‍ ഒന്നും.
തിളങ്ങിയവരും നിരാശപ്പെടുത്തിയവരും
സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടി.സി.എസ്., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.സി.എല്‍ ടെക് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവ. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പോളിസിബസാര്‍ (PB FINTECH), പൂനാവാല ഫിന്‍കോര്‍പ്പ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍, ഇപ്ക ലാബ് എന്നിവയാണ് 2.5-3.7 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയത്.
മോശം ഡിസംബര്‍പാദ പ്രവര്‍ത്തനഫലമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് തിരിച്ചടിയായത്. എഫ്.എം.സി.ജി വരുമാനം ഇടിഞ്ഞ കമ്പനിക്ക് ലാഭത്തില്‍ നേരിയ വര്‍ധന മാത്രമേ കുറിക്കാനായുള്ളൂ.
ഇന്ന് കൂടുതൽ ഇടിവ് നേരിട്ടവർ

എന്‍.എച്ച്.പി.സി., റെയില്‍ വികാസ് നിഗം, ഐ.ആര്‍.എഫ്.സി., അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.

അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ പങ്കാളിത്തം കൂട്ടിയെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മാത്രമല്ല, ഹരിതോര്‍ജോത്പാദന മേഖലയില്‍ അദാനി ഗ്രൂപ്പ് നിരവധി പുത്തന്‍ നിക്ഷേപക പദ്ധതികളിലേക്ക് ചുവടുവയ്ക്കുന്നതും ഓഹരികള്‍ക്ക് ഊര്‍ജമാകുന്നുണ്ട്.

അദാനി എനര്‍ജി സൊല്യൂഷന്‍സ് 6.99 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 6.61 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 5.91 ശതമാനവും ഉയര്‍ന്നു. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് നേട്ടത്തിലാണുള്ളത്.

ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി എന്‍.എച്ച്.പി.സിയിലെ ഒരു ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രനീക്കത്തിന് നിക്ഷേപകരില്‍ നിന്ന് വന്‍ പ്രതികരണം ലഭിച്ച പശ്ചാത്തലത്തില്‍ ഓഹരി ഇന്ന് 10.67 ശതമാനം മുന്നേറി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഇന്ത്യന്‍ റെയില്‍വേയുടെ വികസനച്ചുവടുകളുടെ കരുത്തിലാണ് ഏറെ ദിവസങ്ങളായുള്ള റെയില്‍വേ ഓഹരികളുടെ മുന്നേറ്റം. ആര്‍.വി.എന്‍.എല്‍ ഇന്നും 10 ശതമാനം കുതിച്ചു. ഐ.ആര്‍.എഫ്.സിയും 10 ശതമാനം മുന്നേറി. എല്‍.ഐ.സിയുടെ വിപണിമൂല്യം ഇന്ന് ഐ.ടി.സി., എച്ച്.യു.എല്‍ എന്നിവയെ മറികടന്നു. നിലവില്‍ 5.92 ലക്ഷം കോടി രൂപയാണ് എല്‍.ഐ.സിയുടെ വിപണിമൂല്യം. ഐ.ടി.സിക്ക് 5.84 ലക്ഷം കോടി രൂപയും എച്ച്.യു.എല്ലിന് 5.80 ലക്ഷം കോടി രൂപയുമാണ്.
കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, കോട്ടക് ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ തിളങ്ങിയവ. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഡിസംബര്‍പാദ ലാഭം 24 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
തിളങ്ങി ധനലക്ഷ്മി ബാങ്കും നിറ്റ ജെലാറ്റിനും
ചില വിപണി വിദഗ്ദ്ധർ ടാര്‍ജറ്റ് വില ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇന്നലെ തിളങ്ങിയ ധനലക്ഷ്മി ബാങ്ക് ഇന്നും 10 ശതമാനം കുതിച്ചു. നിറ്റ ജെലാറ്റിന്‍ 6.69 ശതമാനം നേട്ടമുണ്ടാക്കി. ജെലാറ്റിന്‍ വില്‍പന കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

വെസ്റ്റേണ്‍ ഇന്ത്യ, ഹാരിസണ്‍സ് മലയാളം, പി.ടി.എല്‍ എന്റര്‍പ്രൈസസ്, റബ്ഫില, മുത്തൂറ്റ് മൈക്രോഫിന്‍, അപ്പോളോ ടയേഴ്‌സ്, സി.എസ്.ബി ബാങ്ക്, ഫാക്ട് എന്നിവയും ഇന്ന് മികച്ച പ്രകടനം നടത്തി.
നിലവിലെ കോര്‍ ബാങ്കിംഗ് സംവിധാനമായ മാര്‍വെലിന് (Maarvel) പകരം ഒറാക്കിളിന്റെ ഫ്‌ളെക്‌സ്‌ക്യൂബ് വാങ്ങാന്‍ സി.എസ്.ബി ബാങ്ക് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. ഓഹരി ഇന്ന് 4 ശതമാനത്തിലധികം നേട്ടത്തിലാണ്.
കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, സഫ സിസ്റ്റംസ്, സ്‌കൂബിഡേ, വണ്ടര്‍ല, ടി.സി.എം, കല്യാണ്‍ ജുവലേഴ്‌സ്, ഇസാഫ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ഇന്ന് നഷ്ടം നേരിട്ടു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it