രണ്ടുദിവസത്തെ നേട്ടയാത്രയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരിസൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. വ്യാപാരത്തിന്റെ ഭൂരിഭാഗവും കനത്ത നഷ്ടത്തിലായിരുന്ന സൂചികകള്‍ വ്യാപാരാന്ത്യം നില അല്പം മെച്ചപ്പെടുത്തിയത് ആശ്വാസമായി.
വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം
സെന്‍സെക്‌സ് 360 പോയിന്റിടിഞ്ഞ് 57,628ലും നിഫ്റ്റി 111 പോയിന്റ് നഷ്ടവുമായി 16,988ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 57,085 വരെയും നിഫ്റ്റി 16,828 വരെയും കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ എഫ്.എം.സി.ജി ഒഴികെയുള്ള ഓഹരിവിഭാഗങ്ങളെല്ലാം നഷ്ടം നേരിട്ടു. 1143 കമ്പനികള്‍ ഓഹരിവില മെച്ചപ്പെടുത്തിയപ്പോള്‍ 2480 കമ്പനികള്‍ ഇടിവ് രേഖപ്പെടുത്തി. 129 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
രക്ഷകരായി എഫ്.എം.സി.ജി
ഇന്ന് ഇന്ത്യന്‍ ഓഹരിസൂചികകളെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചത് വ്യാപാരാന്ത്യം എഫ്.എം.സി.ജി ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് താത്കാലിക വിരാമമുണ്ടായേക്കുമെന്ന വാര്‍ത്തകളും ആശ്വാസമേകി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ച ഓഹരികൾ
എന്നാല്‍, ആഗോളതലത്തില്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്രബാങ്കുകള്‍ ശ്രമിക്കുകയാണെങ്കിലും നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല. അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട കനത്ത വില്പനസമ്മര്‍ദ്ദവും വിദേശ നിക്ഷേപത്തിലെ (എഫ്.ഐ.ഐ) കൊഴിഞ്ഞുപോക്കും ഓഹരിസൂചികകളുടെ നഷ്ടത്തിന് വച്ചു.
ക്രൂഡോയില്‍ വിലത്തകര്‍ച്ചയും ബാധിച്ചു. കഴിഞ്ഞവാരം ബാരലിന് 80 ഡോളര്‍ നിലവാരത്തിലായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 70 ഡോളര്‍ നിലവാരത്തിലാണ്. മാര്‍ച്ച് 22ന് ചേരുന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കൂട്ടുമെന്ന ആശങ്കയും നിക്ഷേപകരെ വലയ്ക്കുകയാണ്.
നേട്ടത്തിലേറിയവരും തളര്‍ന്നവരും
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ ഇന്ത്യ, ഗ്രാസിം, ബി.പി.സി.എല്‍, ഐ.ടി.സി., ടൈറ്റന്‍, കൊട്ടക് ബാങ്ക്, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സണ്‍ ഫാര്‍മ, എസ്.ബി.ഐ ലൈഫ് എന്നിവ ഇന്ന് നേട്ടമുണ്ടാക്കി. എഫ്.എം.സി.ജി സെക്ടറാണ് നേട്ടമുണ്ടാക്കിയ ഏക ഓഹരിവിഭാഗം; 0.8 ശതമാനം.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ
അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ., അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍., മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടം നേരിട്ടു.
രൂപയ്ക്കും ക്ഷീണം
ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാനുള്ള തീരുമാനം ആഗോളതലത്തില്‍ ഓഹരിവിപണികള്‍ക്ക് താത്കാലിക ആശ്വാസമാവുകയും ഡോളര്‍ മെച്ചപ്പെടുകയും ചെയ്തതോടെ രൂപ ഇന്ന് നഷ്ടത്തിലേക്ക് വീണു. ഡോളറിനെതിരെ 82.63ലാണ് രൂപയുള്ളത്. കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 82.55ലായിരുന്നു.
മുന്നേറി കൊച്ചി കപ്പല്‍ശാല
കേരളം ആസ്ഥാനമായുള്ള 15 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ലോകത്തെ ആദ്യ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളുടെ നിര്‍മ്മാണക്കരാര്‍ നോര്‍വേയിലെ സാംസ്‌കിപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ചത് കൊച്ചി കപ്പല്‍ശാലയ്ക്ക് നേട്ടമായി. കപ്പല്‍ശാലയുടെ ഓഹരിവില 3.58 ശതമാനം ഉയര്‍ന്നു.
അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം., കേരള ആയുര്‍വേദ, കെ.എസ്.ഇ., മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയും നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഫെഡറല്‍ ബാങ്ക്, ജിയോജിത്, കിറ്റെക്‌സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ നഷ്ടം കുറിച്ചു.ni