Begin typing your search above and press return to search.
ഓട്ടോ, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ ലാഭമെടുപ്പ്; പ്രതിരോധിച്ച് ഐ.ടി ഓഹരികള്‍

ആഗോളതലത്തില്‍ നിന്നുള്ള സമ്മിശ്ര ട്രെന്‍ഡും ആഭ്യന്തരതലത്തിലെ ലാഭമെടുപ്പും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് വീഴ്ത്തിയത് നഷ്ടത്തിലേക്ക്. ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ് നഷ്ടത്തിലും ചൈനയുടെ ഷാങ്ഹായ് നേട്ടത്തിലുമായിരുന്നു.
പക്ഷേ, ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ ഇന്ന് ലാഭമെടുക്കാനാണ് താത്പര്യം കാട്ടിയത്. സെന്‍സെക്‌സ് 139 പോയിന്റ് (0.21%) താഴ്ന്ന് 65,655ലും നിഫ്റ്റി 38 പോയിന്റ് (0.19%) നഷ്ടത്തോടെ 19,694ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
നിഫ്റ്റിയിലെ വിശാല വിപണിയില്‍ ഓട്ടോ, എഫ്.എം.സി.ജി., മെറ്റല്‍, ധനകാര്യ സൂചികകള്‍ ഇന്ന് ലാഭമെടുപ്പ് സമ്മര്‍ദ്ദത്തില്‍ മുങ്ങി. ഇവ 0.18 മുതല്‍ 0.76 ശതമാനം വരെ നഷ്ടത്തിലാണ്. ഐ.ടി സൂചിക 0.60 ശതമാനം നേട്ടത്തോടെ പ്രതിരോധം സൃഷ്ടിച്ചത് മുഖ്യ ഓഹരി സൂചികകളെ വലിയ വീഴ്ചയിലകപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചു.
നിരാശപ്പെടുത്തിയവര്‍
ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, യെസ് ബാങ്ക്, സൊമാറ്റോ, അദാനി എന്റര്‍പ്രൈസസ്, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. വില്‍പന സമ്മര്‍ദ്ദത്തില്‍പ്പെട്ട് കൂടുതല്‍ ഓഹരികളുടെ കൈമാറ്റം നടന്നതാണ് ഇന്ന് ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിനെ 5.71 ശതമാനം തളര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാംനാളിലാണ് ഓഹരിവില ഇടിയുന്നത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി മികച്ച കയറ്റത്തിലായിരുന്നു യെസ് ബാങ്ക് ഓഹരികള്‍. കഴിഞ്ഞ ഒരുമാസത്തിനിടെ 16 ശതമാനവും ആറ് മാസത്തിനിടെ 28 ശതമാനവും നേട്ടം സമ്മാനിച്ച യെസ് ബാങ്ക് ഓഹരികള്‍ ഇന്നും നേട്ടത്തോടെയാണ് തുടങ്ങിയത്. ഇന്ന് 20 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി ഒരുവേള 21.10 രൂപവരെ ഉയര്‍ന്നു. പിന്നീട് വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങി.
അദാനി-ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധി കഴിഞ്ഞിട്ടും സെബിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വീണ്ടും പരാതിയെത്തിയിട്ടുണ്ട്. സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് പുതിയ പരാതി. ഈ പശ്ചാത്തലത്തിലാണ് ഇന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ വീഴ്ച. അതേസമയം, ഇന്ന് നഷ്ടത്തോടെ തുടങ്ങിയ അദാനി വില്‍മര്‍ ഓഹരികള്‍ വ്യാപാരാന്ത്യത്തിലെ മികച്ച വാങ്ങല്‍ ട്രെന്‍ഡിന്റെ ബലത്തില്‍ തിരിച്ച് കയറുകയും ചെയ്തു.
നേട്ടത്തിലേറിയവര്‍
അദാനി വില്‍മര്‍, കെ.പി.ഐ.ടി ടെക്‌നോളജീസ്, മാന്‍കൈന്‍ഡ് ഫാര്‍മ, ഇന്‍ഡസ് ടവേഴ്‌സ്, പി.ബി. ഫിന്‍ടെക് (പോളിസിബസാര്‍) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടം കുറിച്ചത്.
അമേരിക്കന്‍ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് നിരവധി ഇന്ത്യന്‍ ഐ.ടി ഓഹരികളെ 'വാങ്ങല്‍' (buy) സ്റ്റാറ്റസിലും 'നിലനിറുത്തുക' (hold) സ്റ്റാറ്റസിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും ഇന്ന് ഐ.ടി ഓഹരികള്‍ക്ക് നേട്ടമായെന്ന് കരുതുന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
ഇന്‍ഫോസിസ്, കൊഫോര്‍ജ്, ന്യൂജന്‍ സോഫ്റ്റ്‌വെയര്‍ ടെക് എന്നിവയ്ക്ക് വാങ്ങല്‍ സ്റ്റാറ്റസ് നല്‍കിയപ്പോള്‍ ടി.സി.എസ്., എച്ച്.സി.എല്‍ ടെക്, എല്‍.ടി.ഐ മൈന്‍ഡ് ട്രീ എന്നിവയ്ക്കാണ് ഹോള്‍ഡ് സ്റ്റാറ്റസ് നല്‍കിയത്. വിപ്രോ, ടെക് മഹീന്ദ്ര എന്നിവയ്ക്ക് നല്‍കിയത് അണ്ടര്‍പെര്‍ഫോം സ്റ്റാറ്റസാണ്.
തിളങ്ങി കിംഗ്‌സ് ഇന്‍ഫ്രയും സ്‌കൂബിഡേയും
പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ മൂലധന സമാഹരണത്തിനൊരുങ്ങുന്ന കിംഗ്‌സ് ഇന്‍ഫ്രയുടെ ഓഹരികള്‍ ഇന്ന് 5 ശതമാനം ഉയര്‍ന്ന് അപ്പര്‍-സര്‍കീട്ടിലെത്തി. സ്‌കൂബിഡേ ഓഹരികളും ഇന്ന് 4.99 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കേരള ആയുര്‍വേദ, വണ്ടര്‍ല എന്നിവയും ഇന്ന് ഭേദപ്പെട്ട നേട്ടം കുറിച്ചു. ആസ്റ്റര്‍ 3.32 ശതമാനം നഷ്ടം നേരിട്ടു. ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, കെ.എസ്.ഇ., മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, നിറ്റ ജെലാറ്റിന്‍, വി-ഗാര്‍ഡ് എന്നിവ ഇന്ന് നഷ്ടത്തിലാണ്.
രൂപയ്ക്ക് റെക്കോഡ് താഴ്ച
ഡോളറിനെതിരെ റെക്കോഡ് താഴ്ചയിലാണ് ഇന്ന് രൂപ വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകളും ഇന്ത്യയിലെ വിദേശ ബാങ്കുകളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയെ സമ്മര്‍ദ്ദിലാക്കിയത്. മറ്റ് പ്രമുഖ ഏഷ്യന്‍ കറന്‍സികള്‍ ഇന്ന് നേട്ടത്തിലായിരുന്നെങ്കിലും രൂപ നീങ്ങിയത് വിപരീത ദിശയിലാണ്. വ്യാപാരാന്ത്യത്തില്‍ ഡോളറിനെതിരെ 0.08 ശതമാനം താഴ്ന്ന് 83.34ലാണ് രൂപയുള്ളത്. നവംബര്‍ പത്തിലും ഇതേ റെക്കോഡ് താഴ്ചയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
Next Story