നഷ്ടത്തില്‍ മുങ്ങി സൂചികകള്‍, ബി.എസ്.ഇയില്‍ നഷ്ടം 2.25 ലക്ഷം കോടി

എച്ച്.ഡി.എഫ്.സി ഓഹരികളില്‍ കനത്ത ഇടിവ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഓഹരിയും താഴ്ചയില്‍
നഷ്ടത്തില്‍ മുങ്ങി സൂചികകള്‍, ബി.എസ്.ഇയില്‍ നഷ്ടം 2.25 ലക്ഷം കോടി
Published on

ആഗോള വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ ഓഹരിവിപണിയിലും ഇന്ന് ലാഭമെടുക്കല്‍ തീവ്രമായത് സൂചികകളെ നഷ്ടത്തിലാക്കി. ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്ന് വിപണി തുറക്കുക താഴ്ചയോടെ ആകും എന്ന പ്രവചനങ്ങള്‍ ശരിവയ്ക്കുംവിധം വ്യാപാരത്തുടക്കം മുതല്‍ അവസാനം വരെ നഷ്ടത്തിലായിരുന്നു സൂചികകള്‍. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസര്‍വ് തീരുമാനത്തെപറ്റിയുള്ള ആശങ്കയും വിപണിയെ ബാധിച്ചു.

ഡോളർ ഇന്ന്  0.23% ഇടിഞ്ഞ് 83.08 രൂപയായി. ക്രൂഡോയില്‍ വില ബാരലിന് 94 ഡോളറിനു മുകളില്‍ തുടരുകയാണ്.

സെന്‍സെക്‌സ് 850 പോയിന്റോളം ഇടിഞ്ഞ് 67,000 ത്തിനു താഴേക്കു പോയി. ഒരുവേള 66,728 പോയിന്റ് വരെ പോയ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 796 പോയിന്റ് ഇടിഞ്ഞ് 66,800ലാണ്. നിഫ്റ്റി 19,900ല്‍ നിന്നും താഴേക്കു പോയി 19,888 വരെയെത്തി. 231 പോയിന്റ് ഇടിഞ്ഞ് 19,901ലാണ് വ്യാപാരാന്ത്യം നിഫ്റ്റിയുള്ളത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 2.38 ലക്ഷം കോടി കുറഞ്ഞ് 320.61 ലക്ഷം കോടിയായി. സെന്‍സെക്‌സില്‍ ഇന്ന് 1,549 ഓഹരികള്‍ നേട്ടത്തിലും 2,112 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 198 ഓഹരികള്‍ 52 ആഴ്ചയിലെ ഉയരവും 19 എണ്ണം താഴ്ചയും കണ്ടു. 13 കമ്പനികളാണ് അപ്പര്‍ സര്‍കീട്ടിലുണ്ടായിരുന്നത്. നാല് ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലേക്ക് പോയി.

നഷ്ടത്തിലേക്ക് വീണവര്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് സെന്‍സെക്‌സിനെ തളര്‍ത്തിയത്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, മാരുതി, അള്‍ട്രാ ടെക് സിമന്റ്‌ എന്നിവയിലും വലിയ വീഴ്ചയുണ്ടായി.

നിഫ്റ്റി സൂചികയില്‍ ഇന്ന് ഒന്നു പോലും പച്ചതൊട്ടില്ല. നിഫ്റ്റി മിഡ് ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകളുടെ നഷ്ടം ഒരു ശതമാനത്തിനു മുകളിലാണ്. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക്, പി.എസ്.യു ബാങ്ക്, മെറ്റല്‍ എന്നിവയും രണ്ട് ശതമാനത്തോളമിടിഞ്ഞു.

ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് വീണവർ

എച്ച്.ഡി.എഫ്.സി ബാങ്ക്, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ടാറ്റ ടെലിസര്‍വീസസ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, സൈഡസ് ലൈഫ്‌സയന്‍സസ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.

എച്ച്.ഡി.എഫ്.സിയുമായുള്ള ലയനം മൂലം ജൂലൈ ഒന്നു മുതല്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (gross non-performing assets) ഉയരുമെന്നും  മാർജിൻ കുറയുമെന്നുമുള്ള  ബാങ്കിന്റെ അറിയിപ്പ് ഓഹരിയില്‍ മൂന്ന് ശതമാനത്തോളം ഇടിവുണ്ടാക്കി.

നേട്ടത്തിലായവര്‍

പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, പോളിക്യാബ് ഇന്ത്യ, ഡോ.ലാല്‍ പത്‌ ലാബ്‌സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ഐ.എ.എഫുമായി 291 കോടി രൂപയുടെ കരാറില്‍ ഒപ്പു വച്ചത് ഭാരത് ഡൈനാമിക്‌സിന്റെ ഓഹരികളെ മൂന്ന് ശതമാനത്തോളം ഉയര്‍ത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ന് 1,236 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 553 കോടി രൂപയുടെ ഓഹരി വാങ്ങി.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വില്‍പ്പന, യു.എസ് ട്രഷറി വരുമാനം ഉയര്‍ന്നത്, ഉയരുന്ന ക്രൂഡ് ഓയില്‍ വില എന്നിവയെല്ലാം സമീപഭാവിയില്‍ വിപണിയില്‍ റിസ്‌കുണ്ടാക്കിയേക്കാമെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എ.വി.റ്റി നാച്വറല്‍, ഹാരിസണ്‍സ് മലയാളം ഓഹരികൾ മുന്നിൽ 

കേരള കമ്പനി ഓഹരികളില്‍ എ.വി.റ്റി നാച്വറല്‍സ്, ഹാരിസണ്‍സ് മലയാളം, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ അഞ്ച് ശതമാനത്തിലധികം നേട്ടവുമായി തിളങ്ങി. ഈസ്റ്റേണ്‍ ട്രെഡ്‌സ്, പ്രൈമ ആഗ്രോ ഓഹരികള്‍ മൂന്ന് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സ്‌കൂബി ഡേ ഗാര്‍മെന്റ്‌സാണ് ഇന്ന് നഷ്ടക്കണക്കില്‍ മുന്നില്‍. ഓഹരി വില 4.81 ശതമാനം ഉയര്‍ന്ന് 95 രൂപയായി. കല്യാണ്‍ ജുവലേഴ്‌സ്, ബി.പി.എല്‍, എഫ്.എ.സി.ടി, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരികളും മൂന്ന് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയ കേരള കമ്പനികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ രണ്ട് ശതമാനമിടിഞ്ഞു. നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ പൊട്ടിത്തെറി അപകടം ഓഹരിയില്‍ നേരിയ ഇടിവുണ്ടാക്കി. 0.47 ശതമാനം ഇടിഞ്ഞാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com