രണ്ട് ദിവസത്തെ നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തിലേറി. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ആയിരുന്നു ഇന്ന് വിപണിയിലെ ശ്രദ്ധാകേന്ദ്രം.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം
ഓഹരി വിപണിയിലെ കന്നി വ്യാപാര ദിനത്തില്‍ പക്ഷേ, ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് നിരാശപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നഷ്ടവും ഓഹരി സൂചികകള്‍ക്ക് സമ്മര്‍ദ്ദമായെങ്കിലും മറ്റ് കമ്പനികള്‍ നടത്തിയ ഭേദപ്പെട്ട പ്രകടനത്തെ തുടര്‍ന്ന്, സൂചികകള്‍ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചുനിന്നു. സെന്‍സെക്‌സ് 267.43 പോയിന്റ് (0.41%) ഉയര്‍ന്ന് 65,216.09ലും നിഫ്റ്റി 83.45 പോയിന്റ് (0.43%) നേട്ടവുമായി 19,393.60ലുമാണ് വ്യാപാരാന്ത്യമുള്ളത്.
നേട്ടത്തിലേറിയവര്‍
നിഫ്റ്റിയില്‍ ഐ.ടി., ലോഹ സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലേറെ മുന്നേറി. നിഫ്റ്റി മിഡ്ക്യാപ്പ് 0.82 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.63 ശതമാനവും നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 0.34 ശതമാനം നേട്ടത്തോടെ 44,002ലെത്തി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി., ഐ.ടി.സി., ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നേട്ടത്തിലേറ്റിയത്.
നിഫ്റ്റി 200ല്‍ ട്രൈഡന്റ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, ടാറ്റാ പവര്‍, സോന ബി.എല്‍.ഡബ്ല്യു എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
അദാനി ഓഹരികളും ജിയോ ഫൈനാന്‍ഷ്യലും
ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ കന്നി വ്യാപാര ദിനമായിരുന്നു ഇന്ന്. ആദ്യ ദിനത്തില്‍ തന്നെ ഓഹരി ലോവര്‍ സര്‍കീട്ടിലെത്തി. ഇടിഞ്ഞത് 5 ശതമാനം. ജൂലൈ 20ന് നടന്ന പ്രത്യേക വ്യാപാര സെഷനിലൂടെ ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരി വില ഒന്നിന് 261.85 രൂപയായി നിശ്ചയിച്ചിരുന്നു. നിഫ്റ്റിയില്‍ ഇന്ന് ഓഹരിയുള്ളത് 248.90 രൂപയില്‍.
ജിയോ ഫൈനാന്‍ഷ്യലിന്റെ പ്രവര്‍ത്തനം എങ്ങനെയാകുമെന്നത് സംബന്ധിച്ച് ഇപ്പോഴും പൂര്‍ണ വ്യക്തത വന്നിട്ടില്ലെന്നതാണ് ഓഹരി വിറ്റൊഴിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയതും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന വിലയിരുത്തലുകളുമുണ്ട്.
ട്രേഡ്-ഫോര്‍-ട്രേഡ് വിഭാഗത്തിലാണ് 10 ദിവസം ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരിയുണ്ടാവുക. അതായത്, പത്ത് ദിവസത്തേക്ക് വാങ്ങിയ ദിവസം തന്നെ ഓഹരി വില്‍ക്കാനാവില്ല. മൂന്ന് ദിവസത്തിന് ശേഷം സൂചികകളില്‍ നിന്ന് ജിയോ ഫൈനാന്‍ഷ്യലിനെ ഒഴിവാക്കും. നാളെയും ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണെങ്കില്‍ വീണ്ടുമൊരു മൂന്ന് ദിവസത്തിന് ശേഷം മാത്രമേ സൂചികകളില്‍ നിന്ന് ഒഴിവാക്കൂ. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഓഹരിയുടെ വ്യാപാരം സാധാരണ പോലെ തുടരുകയും ചെയ്യും.
അദാനി ഗ്രൂപ്പ് ഓഹരികള്‍ കഴിഞ്ഞ ഏതാനും സെഷനുകളിലായി നടത്തുന്ന നേട്ടക്കുതിപ്പ് ഇന്നും ആവര്‍ത്തിച്ചു. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് നേട്ടത്തിലാണ്. അദാനി പവര്‍ 7.2 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 6 ശതമാനവും കുതിച്ച് മുന്നിലെത്തി.
അദാനി ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യം 11 ലക്ഷം കോടി രൂപ കവിഞ്ഞിട്ടുമുണ്ട്. ജി.ക്യു.ജിയില്‍ നിന്നുള്ള നിക്ഷേപം, അദാനി പവറിന്റെ മികച്ച ജൂണ്‍പാദ പ്രവര്‍ത്തനഫലം തുടങ്ങിയ ഘടകങ്ങളാണ് ഗ്രൂപ്പ് ഓഹരികളെ ആവേശത്തിലാക്കിയിട്ടുള്ളത്.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 0.64 ശതമാനവും മീഡിയ 0.29 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.19 ശതമാനവും നഷ്ടത്തിലാണ്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), ഡെല്‍ഹിവെറി, ബാങ്ക് ഓഫ് ഇന്ത്യ, ദേവയാനി ഇന്റര്‍ നാഷണല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം കുറിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, എസ്.ബി.ഐ., അള്‍ട്രടെക് സിമന്റ് എന്നിവയുടെ വീഴ്ചയില്ലായിരുന്നെങ്കില്‍ ഇന്ന് സെന്‍സെക്‌സ് കൂടുതല്‍ മികച്ച നേട്ടം രേഖപ്പെടുത്തുമായിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 3.52 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 306.95 ലക്ഷം കോടി രൂപയിലെത്തി. സെന്‍സെക്‌സില്‍ ഇന്ന് 2,602 ഓഹരികള്‍ നേട്ടത്തിലും 1,675 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികളുടെ വില മാറിയില്ല.
208 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി; 46 ഓഹരികള്‍ താഴ്ചയിലും. ലോവര്‍ സര്‍കീട്ടില്‍ രണ്ട് കമ്പനികളെ കണ്ടു. അപ്പര്‍ സര്‍കീട്ടില്‍ ആരുമെത്തിയില്ല.
തിളങ്ങി മുത്തൂറ്റ് ക്യാപ്പിറ്റലും ജിയോജിത്തും
കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും തിളങ്ങിയത് 8.17 ശതമാനം നേട്ടവുമായി മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസാണ്. ജിയോജിത് (5.97%), ഇന്‍ഡിട്രേഡ് (4.97%), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.44%), എ.വി.ടി (3.37%) എന്നിവയാണ് ഏറ്റവുമധികം നേട്ടം കുറിച്ച മറ്റ് ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം
2.89 ശതമാനം നഷ്ടവുമായി ടി.സി.എം ആണ് കിതച്ചവരില്‍ മുന്നില്‍. സ്‌കൂബിഡേ 2.58 ശതമാനം ഇടിഞ്ഞു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 2.32 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.88 ശതമാനവും നഷ്ടം നേരിട്ടു. ഫാക്ട് 1.78 ശതമാനവും താഴേക്കിറങ്ങി.
രൂപ നഷ്ടത്തില്‍
ഡോളറിനെതിരെ രൂപ വ്യാപാരാന്ത്യമുള്ളത് രണ്ട് പൈസ നഷ്ടവുമായി 83.12ല്‍. അമേരിക്കന്‍ ബോണ്ട് യീല്‍ഡുകളുടെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ ശക്തി നേടുന്നുണ്ട്.
ചൈനീസ് യുവാന്‍, കൊറിയന്‍ വോണ്‍, ഇന്‍ഡോനേഷ്യന്‍ റുപിയ എന്നിവ നേരിട്ട തളര്‍ച്ചയും രൂപയെ ഇന്ന് തളര്‍ത്തി.