Begin typing your search above and press return to search.
കരകയറ്റത്തില്‍ ഓഹരിവിപണി; കണ്ണുകളെല്ലാം വീണ്ടും അമേരിക്കയിലേക്ക്
രണ്ടുനാള്‍ നീണ്ട നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ യോഗത്തിന്റെ മിനുട്ട്‌സ് ഇന്ന് ഇന്ത്യന്‍ സമയം രാത്രിയോടെ പുറത്തുവരാനിരിക്കേയാണ് ഓഹരികളുടെ കരകയറ്റം.
യു.എസ് ഫെഡ് അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന ട്രെന്‍ഡിനോട് തത്കാലത്തേക്ക് വിടപറയുന്നുവെന്ന വിലയിരുത്തലുകളാണ് ഓഹരികളില്‍ നേട്ടത്തിന്റെ ഊര്‍ജം വിതറിയത്. സെന്‍സെക്‌സ് ഇന്ന് 275 പോയിന്റ് (0.42%) ഉയര്‍ന്ന് 65,930ലും നിഫ്റ്റി 89 പോയിന്റ് (0.45%) ഉയര്‍ന്ന് 19,783ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിന് ഡിമാന്‍ഡ് കൂടിയ പശ്ചാത്തലത്തില്‍ രൂപ ഇന്നും തളര്‍ന്നു. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ നേട്ടം കൊയ്തപ്പോഴാണ് രൂപയുടെ വീഴ്ചയെന്നതും ശ്രദ്ധേയമാണ്. ഇറക്കുമതിക്കാര്‍, ബാങ്കുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് തിരിച്ചടി. ഡോളറിനെതിരെ 83.34ല്‍ നിന്ന് 83.35ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
തിളങ്ങി റിയല്‍റ്റി, മെറ്റല്‍, ഫാര്‍മ
ഓഹരി സൂചികകളെ ഇന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് റിയല്‍റ്റി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. വിശാലവിപണിയില്‍ നിഫ്റ്റി റിയല്‍റ്റി 1.13 ശതമാനം, മെറ്റല്‍ 1.22 ശതമാനം, മീഡിയ 1.12 ശതമാനം, ഫാര്‍മ 1.03 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
നിഫ്റ്റി ഓട്ടോ, ധനകാര്യം, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും മികച്ച പിന്തുണ നല്‍കി. നിഫ്റ്റി ബാങ്ക് 0.24 ശതമാനം ഉയര്‍ന്നു. അതേസമയം, നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 0.35 ശതമാനം താഴ്ന്നു. എഫ്.എം.സി.ജി., ഐ.ടി സൂചികകളും ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.06 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ക്യാപ്പ് സൂചികയുള്ളത് 0.11 ശതമാനം നഷ്ടത്തിലാണ്.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 20 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 30 ഓഹരികള്‍ നേട്ടമുണ്ടാക്കി. ബി.എസ്.ഇയില്‍ 1,955 ഓഹരികള്‍ നേട്ടത്തിലും 1,769 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 129 ഓഹരികളുടെ വില മാറിയില്ല.
367 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തി; 28 എണ്ണം താഴ്ചയിലും. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളെയൊന്നും കണ്ടില്ല. ലോവര്‍-സര്‍കീട്ടില്‍ 5 കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപക മൂല്യം ഇന്ന് 75,800 കോടി രൂപ വര്‍ധിച്ച് 328.13 ലക്ഷം കോടി രൂപയായി.
ടിറ്റഗഡ് റെയിലിന്റെ ദിനം
മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ പുതിയ കാരാറുകള്‍ ലഭിച്ച കരുത്തില്‍ ടിറ്റഗഡ് റെയില്‍ സിസ്റ്റംസ് ഓഹരികള്‍ ഇന്ന് ഒരുവേള 12 ശതമാനം വരെ മുന്നേറി. വ്യാപാരാന്ത്യത്തില്‍ ഓഹരിവിലയുള്ളത് 7 ശതമാനത്തോളം നേട്ടത്തിലാണ്.
ടാറ്റാ ഗ്രൂപ്പിന് കീഴിലെ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനിയുടെ വിപണിമൂല്യം ഇന്ന് 3.01 ലക്ഷം കോടി രൂപ ഭേദിച്ചു. പ്രമുഖ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ സുസ്‌ലോണ്‍ എനര്‍ജിയുടെ ഓഹരികള്‍ ഇന്ന് 5 ശതമാനം ഇടിഞ്ഞ് ലോവര്‍-സര്‍കീട്ടിലായിരുന്നു. കമ്പനിയുടെ നിക്ഷേപകരുടെ യോഗം നടക്കാനിരിക്കേയാണ് ഓഹരികളുടെ വീഴ്ച.
സെന്‍സെക്‌സില്‍ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രമുഖര്‍. ഒബ്‌റോയ് റിയല്‍റ്റി, അശോക് ലെയ്‌ലാന്‍ഡ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഓറോബിന്ദോ ഫാര്‍മ, മാക്‌സ് ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവ.
എന്‍.ടി.പി.സി., ടെക് മഹീന്ദ്ര, മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി., എസ്.ബി.ഐ എന്നിവയാണ് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍. കെ.പി.ഐ.ടി ടെക്‌നോളജീസ്, മാന്‍കൈന്‍ഡ് ഫാര്‍മ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, യെസ് ബാങ്ക്, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസില്‍ നിന്ന് 'വില്‍ക്കുക' (sell) സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തിലാണ് കെ.പി.ഐ.ടി ടെക്‌നോളജീസ് ഓഹരികളുടെ വീഴ്ച.
താരങ്ങളായി കല്യാണ്‍ ജുവലേഴ്‌സും കിംഗ്‌സ് ഇന്‍ഫ്രയും
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്നത്തെ പ്രധാന താരങ്ങള്‍ കല്യാണ്‍ ജുവലേഴ്‌സും കിംഗ്‌സ് ഇന്‍ഫ്രയുമാണ്.
മൂലധന സമാഹരണത്തിനൊരുങ്ങുന്ന കിംഗ്‌സ് ഇന്‍ഫ്ര ഇന്നും 5 ശതമാനം ഉയര്‍ന്ന് അപ്പര്‍-സര്‍കീട്ടിലാണ്. ഇന്നലെയും ഇതേനേട്ടത്തിലായിരുന്നു കമ്പനിയുടെ ഓഹരികള്‍.
സെപ്റ്റംബര്‍പാദത്തിലെ മികച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിനോട് അനുബന്ധമായുള്ള ഏര്‍ണിഗ്‌സ് കോള്‍ ട്രാന്‍സ്‌ക്രിപ്റ്റ്‌സ് പുറത്തുവന്ന പശ്ചാത്തലത്തിലാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളുടെ മുന്നേറ്റം; ഓഹരി ഇന്ന് 6.18 ശതമാനം നേട്ടത്തിലാണുള്ളത്.
വണ്ടര്‍ല, ടി.സി.എം., സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, നിറ്റ ജെലാറ്റിന്‍, ആസ്പിന്‍വാള്‍, സി.എസ്.ബി ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയാണ് ഇന്ന് നേട്ടത്തിലേറിയ മറ്റ് പ്രധാന കേരള ഓഹരികള്‍.
ധനലക്ഷ്മി ബാങ്ക് 2.02 ശതമാനവും ഫാക്ട് 1.17 ശതമാനവും ഇസാഫ് ബാങ്ക് 0.90 ശതമാനവും കേരള ആയുര്‍വേദ 1.41 ശതമാനവും ഇടിഞ്ഞു. മുത്തൂറ്റ് കാപ്പിറ്റല്‍ 1.49 ശതമാനം നഷ്ടത്തിലാണഉള്ളത്. മണപ്പുറം ഫിനാന്‍സ്, വി-ഗാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും നഷ്ടത്തിലാണ്.
Next Story