Begin typing your search above and press return to search.
യു.എസ് മിസൈലേറ്റ് ചോരയൊലിച്ച് അദാനി ഓഹരികള്‍; വിപണി തകര്‍ച്ചക്കിടയിലും അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്‌സ്
ഇന്ത്യന്‍ ഓഹരി വിപണിയിലെ നഷ്ടക്കച്ചവടം തുടരുന്നു. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ യു.എസ് കോടതി തുറന്നുവിട്ട അഴിമതി ഭൂതമായിരുന്നു ഇന്നത്തെ നഷ്ടക്കച്ചവടത്തിന്റെ പ്രധാന കാരണം. റഷ്യ-യുക്രെയിന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം എന്നിവ ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രതിസന്ധി, വിദേശനിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം എന്നിവയും ഇന്നത്തെ ഇടിവിന് കാരണമായി.
കഴിഞ്ഞ ദിവസം തുടക്കമിട്ട തിരിച്ചു കയറ്റത്തിന്റെ ലക്ഷണങ്ങള്‍ അപ്പാടെ തകര്‍ത്താണ് ബുധനാഴ്ചത്തെ അവധി ദിവസം കഴിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങിയത്. ഇരുവിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 422.59 പോയിന്റുകള്‍ ഇടിഞ്ഞ് (-0.54 ശതമാനം) 77,155.79 എന്ന നിലയിലാണ് വ്യാപാരം അവാസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ മുപ്പതില്‍ 20 കമ്പനികളും നഷ്ടത്തിലായി. 23.518.50 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റി വ്യാപാരാന്ത്യം 168.60 പോയിന്റുകള്‍ ഇടിഞ്ഞ് (-0.72 ശതമാനം) 23,349.90 എന്ന നിലയിലെത്തി. 23,263.15ലേക്ക് താഴ്ന്ന ശേഷമായിരുന്നു അല്‍പം നില മെച്ചപ്പെടുത്തിയത്.
ആഗോള ഘടകങ്ങളും സ്വാധീനിച്ചു
യു.എസ്, യു.കെ നിര്‍മിത മിസൈലുകള്‍ യുക്രെയിനും തദ്ദേശീയമായി നിര്‍മിച്ച ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യയും പ്രയോഗിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് റഷ്യ-യുക്രെയിന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായേക്കാമെന്ന ആശങ്കയും ശക്തമാണ്. ഇത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തസല്‍. വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം ഇന്നും തുടര്‍ന്നതും വിപണിക്ക് തിരിച്ചടിയായി.
2,000 കോടിയുടെ അഴിമതി ആരോപണം, ഓഹരികള്‍ തവിടുപൊടി
കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതര്‍ക്ക് 2,000 കോടിയിലേറെ രൂപയുടെ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഗൗതം അദാനിക്കും മറ്റ് ഏഴുപേര്‍ക്കുമെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ് വന്നതോടെയാണ് അദാനി ഓഹരി വില വ്യാഴാഴ്ച കൂപ്പുകുത്തിയത്.
കൈക്കൂലി നല്‍കി കരാര്‍ സ്വന്തമാക്കിയത് മറച്ചു വച്ച് അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏകദേശം 25,000 കോടി രൂപ അദാനി ഗ്രൂപ്പ് സമാഹരിച്ചത് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ടിന്റെ ലംഘനമാമെന്ന് ആരോപിച്ചാണ് കേസ്. ഇതിന് പിന്നാലെ അദാനി ഓഹരികള്‍ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞതോടെ ഓഹരി വില കുത്തനെയിടിഞ്ഞു. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് 18.95 ശതമാനം, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 13.23 ശതമാനം അദാനി പവര്‍ ലിമിറ്റഡ് 9.26 ശതമാനം, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 23.44 ശതമാനം, അദാനി വില്‍മര്‍ ലിമിറ്റഡ് 10 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് 10.38 ശതമാനം, അംബുജ സിമന്റ്‌സ് 12.66 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്. കൂട്ടത്തില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി എനര്‍ജി സൊലൂഷ്യന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അംബുജ സിമന്റ്‌സ് എന്നിവരാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നതും അദാനി കമ്പനികളാണെന്നതും ശ്രദ്ധേയമാണ്. 3ലക്ഷം കോടി രൂപയോളമാണ് ഇന്ന് അദാനി കമ്പനികള്‍ക്ക് നഷ്ടമായത്.
വിപണി സൂചികകളുടെ പ്രകടനം
വിവിധ സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ ഐ.റ്റി (+0.49%), പ്രൈവറ്റ് ബാങ്ക്(+0.08 ശതമാനം), റിയല്‍റ്റി (+0.93 ശതമാനം) എന്നിവ മാത്രമാണ് ഇന്ന് നേട്ടത്തിലായത്. ബാക്കിയുള്ളവ നഷ്ടത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ് 0.37 ശതമാനവും സ്മാള്‍ക്യാപ് 0.67 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ 2.40 ശതമാനവും മെറ്റല്‍ 2.28 ശതമാനവും പി.എസ്.യു ബാങ്ക് 2.70 ശതമാനവും നഷ്ടത്തിലായി.
ഇവര്‍ നേട്ടമുണ്ടാക്കി
റിന്യൂവബിള്‍ പ്രോജക്ടുകളില്‍ 3,720 കോടി രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍.എല്‍.സി) ഓഹരികള്‍ ഇന്ന് 8.02 ശതമാനം ഉയര്‍ന്നു. 237 രൂപയില്‍ തുടങ്ങിയ ഓഹരികള്‍ വ്യാപാരാന്ത്യം 256 രൂപയിലെത്തി. മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുസ്‌ലോണ്‍ എനര്‍ജിയുടെ ഓഹരികളും ഇന്ന് നേട്ടത്തിലായി. കാറ്റാടിയന്ത്രങ്ങളുമായി ബന്ധപ്പെട്ട കമ്പനിയുടെ ഓഹരികള്‍ക്ക് ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് 'ബയ്' (Buy) റേറ്റിംഗ് നല്‍കിയതും വില ഉയരാന്‍ കാരണമായി. രാവിലെ 62.22 രൂപയില്‍ തുടങ്ങിയ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് വ്യാപാരാന്ത്യം 65.33 രൂപയിലെത്തി.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡ് (IHCL) ഓഹരികള്‍ ഇന്ന് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. നിലവിലുള്ള 233 ഹോട്ടലുകള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ 150 എണ്ണവും കൂടി ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ജെഫ്രീസ് 'ബയ്' റേറ്റിംഗ് നല്‍കിയതും ഓഹരികള്‍ക്ക് നേട്ടമായി. രാവിലെ 754 രൂപയില്‍ ആരംഭിച്ച ഓഹരി വ്യാപാരം 4.17 ശതമാനം ഉയര്‍ന്ന് 785.45ലാണ് നിറുത്തിയത്. പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്, പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍ എന്നിവയും ഇന്ന് നേട്ടക്കണക്കിലുണ്ട്. ആഗോള ബ്രോക്കറേജ് കമ്പനിയായ ബേണ്‍സ്റ്റൈന്‍ 1,000 രൂപ ലക്ഷ്യവില നിര്‍ണയിച്ചതാണ് പേയ്ടിഎമ്മിന് തുണയായത്.
അപ്പര്‍ സര്‍ക്യൂട്ടില്‍ കിറ്റെക്‌സ്
ഓഹരിയുടമകള്‍ക്ക് ബോണസ് അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അപ്പര്‍ സര്‍ക്യൂട്ടടിച്ചു. വെള്ളിയാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുക. 635.3 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്‌സ് ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് 667.05 രൂപയിലെത്തി.
കൊച്ചി മിനറല്‍സ് ആന്‍ഡ് റൂടൈല്‍ (1.09%), സി.എസ്.ബി ബാങ്ക് (0.26%), ഇസ്റ്റേണ്‍ ട്രെഡ്‌സ് (1.55%), ഫെഡറല്‍ ബാങ്ക് (2.01%), ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ (7%), കല്യാണ്‍ ജുവലേഴ്‌സ് (1.18%), കേരള ആയുര്‍വേദ (4.84%), കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് (0.31%), മുത്തൂറ്റ് ഫിനാന്‍സ് (0.03%), പ്രൈമ അഗ്രോ (4.84%), പ്രൈമ ഇന്‍ഡസ്ട്രീസ് (3.19%), യുണീറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് (4.95%), വെര്‍ടെക്‌സ് സെക്യൂരിറ്റീസ് (2.45%) എന്നിവരാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, ബി.പി.എല്‍ (-4.93%), സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് (-5%), മണപ്പുറം ഫിനാന്‍സ് (-3%), മുത്തൂറ്റ് ക്യാപിറ്റല്‍ (-3.97), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (-4.67%) എന്നിവര്‍ ഇന്ന് നഷ്ടക്കണക്കിലും മുന്നിലുണ്ട്.
Next Story
Videos