

ആറ് ദിവസത്തെ നേട്ട പരമ്പരയ്ക്ക് വിരാമമിട്ട് വിപണി. നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് വിപണി നഷ്ടത്തിലാകാനുളള കാരണം. ഇന്ന് നടക്കാനിരിക്കുന്ന ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ജാക്‌സൺ ഹോൾ പ്രസംഗത്തിന് മുന്നോടിയായി സംജാതമായ അനിശ്ചിതത്വം വിപണിക്ക് ബലഹീനതയായി. സെപ്റ്റംബറിലെ ഫെഡ് മീറ്റിൽ സ്വീകരിക്കാനിടയുളള യുഎസ് പണനയം രൂപപ്പെടുത്തുമെന്ന പ്രസ്താവനകള്‍ ജെറോം പവലിന്റെ പ്രസംഗത്തില്‍ ഉണ്ടാകിനിടയുണ്ടെന്ന് വ്യാപകമായി പ്രതീക്ഷിക്കുന്നതിനാൽ നിക്ഷേപകർ ജാഗ്രതയോടെയുളള സമീപനമാണ് സ്വീകരിക്കുന്നത്.
ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന 25 ശതമാനം അധിക യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ അസ്വസ്ഥമാക്കുന്നുണ്ട്. ഡോളറിന്റെ ആവശ്യകത വർദ്ധിച്ചതിനെത്തുടർന്ന് രാവിലത്തെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ കുറഞ്ഞ് 87.36 ആയി. വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ റഷ്യയുടെ സഹായിയായി ഇന്ത്യ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചു. ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കെതിരായ ദ്വിതീയ താരിഫ് ആരംഭിക്കുമെന്ന് നവാരോ മുന്നറിയിപ്പ് നല്‍കിയതും വിപണിയെ പിറകോട്ടടിച്ചു.
സെൻസെക്സ് 0.85 ശതമാനം (693.86 പോയിന്‍റ്) ഇടിഞ്ഞ് 81,306.85 ലും നിഫ്റ്റി 0.85 ശതമാനം (213.65 പോയിന്‍റ്) ഇടിഞ്ഞ് 24,870.10 ലും എത്തി.
ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒഴികെയുള്ള എല്ലാ പ്രധാന സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
ധനകാര്യ, ബാങ്കിംഗ് സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞു.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി 3 ശതമാനം റാലി രേഖപ്പെടുത്തിയ ഐ.ടി ഓഹരികൾ പവലിന്റെ പ്രസ്താവനയ്ക്ക് മുന്നോടിയായി ഒരു ശതമാനം വരെ ഇടിഞ്ഞു. ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന അഭിപ്രായങ്ങള്‍ പവല്‍ ഉന്നയിച്ചേക്കാമെന്ന ആശങ്കയാണ് ഇടിവിന് കാരണം.
റഷ്യ-യുക്രെയ്ന്‍ യുദ്ധം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് വെളളിയാഴ്ച പ്രതിരോധ കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നു. റഷ്യ യുക്രെയ്‌നിനെതിരെ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇന്നലെ രാത്രി നടന്നത്. 574 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ യുക്രെയ്ന് എതിരെ പ്രയോഗിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ല. അവർ വൻതോതിലുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ഡിസിഎക്സ് സിസ്റ്റംസ് ഓഹരികൾ ഏകദേശം 7 ശതമാനം ഉയർന്ന് 266 രൂപയില്‍ വ്യാപാരം നടത്തി. സോളാർ ഇൻഡസ്ട്രീസ് ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി. സെൻ ടെക്നോളജീസ് ഓഹരികൾ 5 ശതമാനത്തോളം ഉയര്‍ന്ന് 1,492 രൂപയിലാണ് വ്യാപാരം നടത്തിയത്.
ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, ഭാരതി എയർടെൽ, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എണ്ണവില ഉയർന്നതോടെ പെയിന്റ്, ടയർ, ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (OMC) ഓഹരികൾ വ്യാപാരത്തിൽ ഇടിഞ്ഞു. യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചർച്ചകൾക്കുള്ള പ്രതീക്ഷകൾ മങ്ങുന്ന തരത്തില്‍ റഷ്യ-യുക്രെയ്ൻ യുദ്ധം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 0.3 ശതമാനം ഉയർന്ന് 67.85 ഡോളറിലെത്തി. ഏഷ്യൻ പെയിന്റ്സ് ഓഹരികൾ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് 2,505 രൂപയിലെത്തി. എംആർഎഫിന്റെ ഓഹരി വില ഒരു ശതമാനത്തോളം ഇടിഞ്ഞു. ഭാരത് പെട്രോളിയം (BPCL) ഓഹരികൾ ഒരു ശതമാനത്തോളം ഇടിഞ്ഞ് 317 രൂപയിലാണ് ക്ലോസ് ചെയ്തത്.
പോക്കർബാസി അടക്കമുളള കാർഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍ പ്രവർത്തിപ്പിക്കുന്ന മൂൺഷൈൻ ടെക്‌നോളജീസ് പണം ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾ നൽകുന്നത് നിർത്തിയതായി അറിയിച്ചു. നസാര ടെക്കിന്റെ സഹോദര സ്ഥാപനമാണ് മൂൺഷൈൻ ടെക്‌നോളജീസ്. നസാര ടെക്ക് ഓഹരി 5 ശതമാനത്തോളം നഷ്ടത്തില്‍ 1,146 രൂപയിലെത്തി.
ഹീറോ മോട്ടോകോർപ്പ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് , ഗ്രാസിം ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ടോളിന്‍സ് ടയേഴ്സ് 3.32 ശതമാനം നേട്ടത്തില്‍ 149 രൂപയിലെത്തി. കെ.എസ്.ഇ (1.46%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (2.43%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.21%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കിറ്റെക്സ് ഗാര്‍മെന്റ്സ് 5 ശതമാനം നഷ്ടത്തില്‍ 197 രൂപയിലെത്തി. പോപ്പീസ് കെയര്‍ (-4.97%), സിഎസ്ബി ബാങ്ക് (-2.55%), കേരള ആയുര്‍വേദ (-1.47%) തുടങ്ങിയ ഓഹരികളും വാരാന്ത്യം നഷ്ടത്തോടെയാണ് കടത്തിവിട്ടത്.
Stock market closing analysis 22 August 2025.
Read DhanamOnline in English
Subscribe to Dhanam Magazine