പച്ച, ചുവപ്പ്, പച്ച... ഒടുവില്‍ ഫ്‌ളാറ്റ്! വില്‍പന സമ്മര്‍ദത്തിന് കീഴടങ്ങി വിപണി; അദാനി പോര്‍ട്ട്‌സ്, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നഷ്ടത്തില്‍

എല്ലാ മേഖല സൂചികകളും കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്
stock close
Published on

രാവിലെ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതിനു ശേഷം വിപണി വലിയ അസ്ഥിരത നിറഞ്ഞ സെഷനാണ് ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. നിഫ്റ്റിയും സെൻസെക്സും ചുവപ്പിനും പച്ചയ്ക്കും ഇടയിൽ കയറിയിറിങ്ങി. നിഫ്റ്റി ഓട്ടോ, റിയല്‍റ്റി, ഫാർമ സൂചികകളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം പ്രകടമായി. ഒടുവില്‍ വിപണി ഫ്ലാറ്റായി ക്ലോസ് ചെയ്തു. സെൻസെക്സ് 0.02 ശതമാനം (13.53 പോയിന്റ്) ഇടിഞ്ഞ് 82,186.81 ലും നിഫ്റ്റി 0.12 ശതമാനം (29.80 പോയിന്റ്) ഇടിഞ്ഞ് 25,060.90 ലും വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖല സൂചികകളും കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഫാർമ, മീഡിയ, റിയല്‍റ്റി, പി‌എസ്‌യു ബാങ്ക് സൂചികകള്‍ 2.5 ശതമാനം വരെ ഇടിഞ്ഞു.

നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ, സ്‌മോൾക്യാപ് 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ജൂൺ പാദത്തിലെ മികച്ച ഫലങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് സെഷനുകളിലായി സൊമാറ്റോയുടെ മാതൃസ്ഥാപനമായ എറ്റേണൽ ലിമിറ്റഡ് ഏകദേശം 20 ശതമാനം വർധനവ് രേഖപ്പെടുത്തി. ഓഹരി വില ഇന്‍ട്രാഡേയില്‍ 311.25 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഏകദേശം 15 ശതമാനത്തിന്റെ റാലിയാണ് ചൊവ്വാഴ്ച ഓഹരി നടത്തിയത്. നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനിയായി എറ്റേണൽ. സൊമാറ്റോ, ബ്ലിങ്കിറ്റ് ബ്രാൻഡുകളുടെ മാതൃസ്ഥാപനമായ എറ്റേണൽ ജൂണിൽ അവസാനിച്ച പാദത്തിൽ 25 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.

ഓഹരി വിലയിലുണ്ടായ കുത്തനെയുള്ള നേട്ടം കമ്പനിയുടെ വിപണി മൂലധനം 3 ലക്ഷം കോടി രൂപയായി ഉയർത്തി. രണ്ട് സെഷനുകൾക്കുള്ളിൽ ഏകദേശം 40,000 കോടി രൂപയുടെ വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. നിഫ്റ്റി 50 ലെ പ്രധാന കമ്പനികളായ വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയവയെ വിപണി മൂല്യത്തില്‍ എറ്റേണൽ മറികടന്നു. ഓഹരി 10 ശതമാനത്തിലധികം ഉയര്‍ന്ന് 299.75 രൂപയില്‍ ക്ലോസ് ചെയ്തു.

എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റൻ കമ്പനി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് 144 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വരുമാനം 1,849.8 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,149.5 കോടി രൂപയായിരുന്നു. ഫലങ്ങൾ പുറത്തുവന്നതിനുശേഷം കമ്പനിയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. 133 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ശ്രീറാം ഫിനാൻസ് (-2.52%), ജിയോ ഫിനാൻഷ്യൽ (-1.97%), ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ് (-1.77%), ടാറ്റ മോട്ടോഴ്‌സ് (-1.74%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

തിളങ്ങി എ.വി.ടി

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. എ.വി.ടി 9.81 ശതമാനം ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 75 രൂപയിലാണ് ക്ലോസ് ചെയ്തത്. കൊച്ചിൻ മിനറൽസ് & റൂട്ടൈൽ (4.61%), വണ്ടര്‍ലാ ഹോളിഡേയ്സ് (3.74%), സ്കൂബി ഡേ (4.81%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡിന് 1.67 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഫാക്ട് ഓഹരി 1.14 ശതമാനം നഷ്ടം രേഖപ്പെടുത്തി.

കിറ്റെക്സ് ഓഹരി 5 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി 257 രൂപയിലെത്തി. കേരള ആയുര്‍വേദ (-2.75%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-1.95%), കെ.എസ്.ഇ (-1.47%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു.

Stock market closing analysis 22 July 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com