Begin typing your search above and press return to search.
ഓഹരികള്‍ വീണ്ടും നഷ്ടത്തില്‍; ബി.എസ്.ഇയില്‍ നിന്ന് കൊഴിഞ്ഞത് രണ്ട് ലക്ഷം കോടി
റെക്കോഡ് കുതിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. പണപ്പെരുപ്പ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനയെ തുടര്‍ന്ന് ആഗോള ഓഹരികളില്‍ നേരിട്ട തളര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരികളെയും വീഴ്ത്തിയത്.
ഇന്നലെ എക്കാലത്തെയും ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് യഥാക്രമം 284.26 പോയിന്റും (0.45 ശതമാനം) നിഫ്റ്റി 85.60 പോയിന്റും (0.45 ശതമാനം) നഷ്ടം രേഖപ്പെടുത്തി. വ്യാപാരാന്ത്യം സെന്‍സെക്‌സ് 63,238.89ലും നിഫ്റ്റി 18,771.25ലുമാണുള്ളത്.
കിതച്ചവരും പിടിച്ചുനിന്നവരും
മീഡിയ, മെറ്റല്‍ എന്നിവ ഒഴികെ എല്ലാ ഓഹരി ശ്രേണികളും ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ്പ് 1.06 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.76 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി പി.എസ്.യു ബാങ്കോഹരി സൂചികയുടെ ഇടിവ് 1.67 ശതമാനമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്.എം.സി.ജി., ഐ.ടി., ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 0.31 മുതല്‍ 0.80 ശതമാനം വരെ നഷ്ടം കുറിച്ചു.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍സ്, വൊഡാഫോണ്‍-ഐഡിയ, ഇന്ത്യന്‍ ഹോട്ടല്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ബജാജ് ഫൈനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, എന്‍.ടി.പി.സി., ഇന്‍ഫോസിസ്, നെസ്‌ലെ, അള്‍ട്രടെക് സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നേരിട്ട തളര്‍ച്ചയും ഇന്ന് സെന്‍സെക്‌സിന് തിരിച്ചടിയായി.
എല്‍ ആന്‍ഡ് ടി., ടാറ്റാ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി., ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍ എന്നിവ ഇന്ന് നേട്ടം കുറിച്ചു. മാക്‌സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ട്രൈഡന്റ്, പോളിക്യാബ് ഇന്ത്യ, യുണൈറ്റഡ് ബ്രൂവറീസ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയും നേട്ടത്തിലാണുള്ളത്.
ബി.എസ്.ഇക്ക് നഷ്ടം 2 ലക്ഷം കോടി
ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് രണ്ടുലക്ഷം കോടി രൂപയോളം ഇടിഞ്ഞ് 292.25 ലക്ഷം കോടി രൂപയായി. സെന്‍സെക്‌സില്‍ 1,318 ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു.
2,208 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 129 ഓഹരികളുടെ വില മാറിയില്ല. 166 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലായിരുന്നു; 21 ഓഹരികള്‍ താഴ്ചയിലും. 10 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 5 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ഓഹരികള്‍ തളര്‍ന്നെങ്കിലും രൂപ ഇന്നും നേട്ടം തുടര്‍ന്നു. ഡോളറിനെതിരെ 82.03ല്‍ നിന്ന് 81.95 ആയാണ് രൂപയുടെ മൂല്യം മെച്ചപ്പെട്ടത്.
കുതിപ്പില്ലാതെ കേരള ഓഹരികളും
കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളിലും ഇന്ന് കാര്യമായ കുതിപ്പുണ്ടായില്ല. കൊച്ചിന്‍ മിനറല്‍സ് 2.28 ശതമാനവും മുത്തൂറ്റ് ക്യാപ്പിറ്റല്‍ 2.14 ശതമാനവും നേട്ടം രേഖപ്പെടുത്തി.
സ്‌കൂബിഡേ 4.80 ശതമാനവും റബ്ഫില 3.11 ശതമാനവും കിംഗ്‌സ് ഇന്‍ഫ്ര 3.17 ശതമാനവും ഫാക്ട് 2.12 ശതമാനവും വെര്‍ട്ടെക്‌സ് 2.88 ശതമാനവും ഇടിഞ്ഞു.
Next Story
Videos