ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തിലേറി നിഫ്റ്റിയും സെന്‍സെക്‌സും, 20% കുതിച്ച് സി.ജി. പവര്‍

നിഫ്റ്റി 19,800 കടന്നു, സെന്‍സെക്‌സ് 66,000ന് മുകളില്‍, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റും കുതിച്ചു; ഐ.ഡി.ബി.ഐ ഓഹരി തളര്‍ന്നു
Stock Market closing points
Published on

തുടക്കംമുതല്‍ അലയടിച്ച കനത്ത ചാഞ്ചാട്ടത്തിനും വില്‍പന സമ്മര്‍ദ്ദത്തിനുമൊടുവില്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. പ്രതീക്ഷയ്‌ക്കൊപ്പം നില്‍ക്കാത്ത അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ യോഗ മിനുട്ട്‌സാണ് തുടക്കത്തില്‍ നഷ്ടത്തിന്റെ പാത തുറന്നിട്ടത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 പലിശനിരക്ക് പരിഷ്‌കരണത്തെ കുറിച്ച് പ്രതിപാദിക്കാതിരുന്ന മിനുട്ട്‌സില്‍ പക്ഷേ, വെല്ലുവിളികള്‍ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചത് നിക്ഷേപകരെ ആശങ്കയിലാക്കി. ബാങ്കിംഗ്, ധനകാര്യ ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം കനക്കുകയും ചെയ്തതോടെ ഒരുവേള ഓഹരി സൂചികകള്‍ വലിയ നഷ്ടം അഭിമുഖീകരിച്ചു. എന്നാല്‍, വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഐ.ടി ഓഹരികളില്‍ മികച്ച വാങ്ങലുകള്‍ നടന്നത് സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്തി.

സെന്‍സെക്‌സ് 92 പോയിന്റ് (0.14%) ഉയര്‍ന്ന് 66,023ലും നിഫ്റ്റി 28 പോയിന്റ് (0.14%) നേട്ടവുമായി 19,811.85ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരുവേള നിഫ്റ്റി ഇന്ന് 19,703 വരെ താഴുകയും 19,825 വരെ ഉയരുകയും ചെയ്തിരുന്നു. സെന്‍സെക്‌സും 66,063 വരെ ഉയരുകയും 65,664 വരെ ഇടിയുകയും ചെയ്ത ശേഷമാണ് നേട്ടം നിജപ്പെടുത്തിയത്.

സെമികണ്ടക്ടര്‍ പ്ലാന്റ് പ്രഖ്യാപനം കരുത്തായി

സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തോട് അനുവാദം തേടിയ മുംബയ് ആസ്ഥാനമായ സി.ജി. പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സിന്റെ ഓഹരിവില ഇന്ന് 20 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടിലെത്തി.

6,600 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. സി.ജി. പവറില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനിയും മുരുഗപ്പ ഗ്രൂപ്പിന്റെ ഉപസ്ഥാപനവുമായ ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികളും ഈ പശ്ചാത്തലത്തില്‍ ഇന്ന് കുതിച്ചു; 16 ശതമാനമാണ് ഓഹരികളുടെ കുതിപ്പ്.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

സി.ജി. പവറും ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സുമാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടം കുറിച്ചത്. ജെ.എസ്.ഡബ്ല്യു എനര്‍ജി, ഗ്ലാന്‍ഡ് ഫാര്‍മ, ബി.പി.സി.എല്‍ എന്നിവയാണ് കൂടുതല്‍ നേട്ടം രേഖപ്പെടുത്തി ടോപ് 5ലുള്ള മറ്റ് ഓഹരികള്‍.

സെന്‍സെക്‌സില്‍ ഇന്‍ഫോസിസ്, എന്‍.ടി.പി.സി., പവര്‍ഗ്രിഡ്, ടൈറ്റന്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികള്‍.

നിരാശപ്പെടുത്തിയവര്‍

അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ്. ബംഗാളില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ അദാനി പോര്‍ട്‌സിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ ടെന്‍ഡര്‍ ഇന്ന് മമതാ ബാനര്‍ജി സര്‍ക്കാര്‍ റദ്ദാക്കുകയും പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വീണ്ടും പാളിയതോടെ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 3 ശതമാനം ഇടിഞ്ഞു.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോട്ടക് ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖര്‍.

ഡെല്‍ഹിവെറി, കെ.പി.ഐ.ടി ടെക്‌നോളജീസ്, ടൊറന്റ് ഫാര്‍മ, യൂണിയന്‍ ബാങ്ക്, ഭാരത് ഡൈനാമിക്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ഇവ 2.61 മുതല്‍ 4.15 ശതമാനം വരെ നഷ്ടത്തിലാണ്.

വിപണിയുടെ ട്രെന്‍ഡ്

വിശാല വിപണിയില്‍ ഇന്‍ഫോസിസ്, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര എന്നിവയുടെ പിന്തുണയോടെ നിഫ്റ്റി ഐ.ടി സൂചികയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് (0.74%). നിഫ്റ്റി പി.എസ്.യു ബാങ്ക് (-1.14%), റിയല്‍റ്റി (-0.69%), ധനകാര്യം (-0.23%), പ്രൈവറ്റ് ബാങ്ക് (-0.67%) എന്നിവ നേരിട്ട തളര്‍ച്ചയുടെ ക്ഷീണം മാറ്റിയത് ഐ.ടി ഓഹരികളുടെ നേട്ടമാണ്.

നിഫ്റ്റി 50ല്‍ ഇന്ന് 29 ഓഹരികള്‍ നേട്ടത്തിലും 20 എണ്ണം താഴ്ചയിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. ബി.എസ്.ഇയില്‍ 1,583 ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ 2,123 ഓഹരികള്‍ ഇടിഞ്ഞു. 124 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

304 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 32 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു; ലോവര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടത് 5 ഓഹരികള്‍.

ഊര്‍ജമില്ലാതെ കേരള ഓഹരികള്‍

കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളൊന്നും ഇന്ന് കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുത്തൂറ്റ് കാപ്പിറ്റല്‍ 2.49 ശതമാനവും കെ.എസ്.ഇ 2.42 ശതമാനവും കേരള ആയുര്‍വേദ 1.22 ശതമാനവും ജിയോജിത് 2.44 ശതമാനവും നേട്ടം രേഖപ്പെടുത്തി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, ഫെഡറല്‍ ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്. വണ്ടര്‍ല 3.90 ശതമാനവും കിംഗ്‌സ് ഇന്‍ഫ്ര 3.06 ശതമാനവും നഷ്ടമാണ് കുറിച്ചത്.

ഐ.പി.ഒകളില്‍ ടാറ്റാ ടെക്കിന് വമ്പന്‍ പ്രതികരണം

ഇന്ന് ആരംഭിച്ച ടാറ്റാ ടെക്കിന്റെ ഐ.പി.ഒയ്ക്ക് ലഭിച്ചത് വന്‍ പ്രതികരണം. 6.54 മടങ്ങ് അപേക്ഷകളാണ് ഓഹരികള്‍ക്ക് ലഭിച്ചത്. ഐ.പി.ഒ ആരംഭിച്ച് ആദ്യ 40 മിനിട്ടിനകം തന്നെ ഓഹരികള്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ഫിനയുടെ ഇന്നാരംഭിച്ച ഐ.പി.ഒയില്‍ ഇതിനകം ലഭിച്ചത് 0.38 മടങ്ങ് അപേക്ഷകളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com