Begin typing your search above and press return to search.
നാലാം നാളിലും ഓഹരി വിപണിക്ക് നഷ്ടം; കുതിച്ച് ബെര്‍ജര്‍ പെയിന്റും കനറാ ബാങ്കും
പലിശ, പണപ്പെരുപ്പം തുടങ്ങിയ വെല്ലുവിളികളില്‍ ആശങ്കപ്പെട്ട് ആഗോള ഓഹരി വിപണികളിലുണ്ടായ ചാഞ്ചാട്ടം ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്നും തളര്‍ത്തി. സെന്‍സെക്‌സ് 221 പോയിന്റിടിഞ്ഞ് (0.33 ശതമാനം) 66,009.15ലും നിഫ്റ്റി 68.10 പോയിന്റ് (0.34 ശതമാനം) താഴ്ന്ന് 19,674.25ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരി സൂചികകളുടെ വീഴ്ച.
ഈ വര്‍ഷം ഇനിയും അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്നും ഉയര്‍ന്ന പലിശഭാരം ഏറെക്കാലത്തേക്ക് തുടരുമെന്നും അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡ് അഭിപ്രായപ്പെട്ടതാണ് ഓഹരി വിപണികളെ ആഗോളതലത്തില്‍ നിരാശയിലാഴ്ത്തിയത്. അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡുകള്‍ ഉയരുകയും അമേരിക്കന്‍ ഓഹരി വിപണി കിതക്കുകയും ചെയ്തത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിച്ചു.
ചാഞ്ചാട്ടത്തിന്റെ ദിനം
വ്യാപാരത്തിന്റെ തുടക്കം മുതല്‍ കയറ്റിറക്കങ്ങളിലൂടെയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കടന്നുപോയത്. ഒരുവേള ഇന്ന് സെന്‍സെക്‌സ് 66,445 വരെ ഉയരുകയും 65,952 വരെ താഴുകയും ചെയ്തു. നിഫ്റ്റിയും 19,798-19,657 നിലവാരത്തില്‍ ആടിയുലഞ്ഞ ശേഷമാണ് 19,674ല്‍ വ്യാപാരം നിറുത്തിയത്. സെന്‍സെക്‌സില്‍ ഇന്ന് 1,777 ഓഹരികള്‍ നേട്ടത്തിലും 1,857 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 147 ഓഹരികളുടെ വില മാറിയില്ല.
157 ഓഹരികള്‍ 52-ആഴ്ചയിലെ ഉയരത്തിലും 27 എണ്ണം താഴ്ചയിലുമെത്തി. 7 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 6 എണ്ണം ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
ഫാര്‍മ കമ്പനികളുടെ ക്ഷീണം
സ്വകാര്യബാങ്ക്, ധനകാര്യ സേവനം, ഫാര്‍മ, ഐ.ടി ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദമാണ് ഇന്ന് സൂചികകളെ നഷ്ടത്തിലാഴ്ത്തിയത്. ഉത്പന്ന വിപണിയില്‍, പ്രത്യേകിച്ച് മുഖ്യ വരുമാന സ്രോതസ്സായ അമേരിക്കയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഫാര്‍മ കമ്പനി ഓഹരികളെ തളര്‍ത്തുന്നുണ്ട്.
ഗ്ലെന്‍മാര്‍ക്ക്, ല്യൂപിന്‍, സിപ്ല, ഡോ.റെഡ്ഡീസ്, സണ്‍ഫാര്‍മ, ഡിവീസ് ലാബ് തുടങ്ങിയ മുന്‍നിര ഫാര്‍മ കമ്പനികളെല്ലാം വില്‍പന സമ്മര്‍ദ്ദത്തിന്റെ കയ്പ്പ് രുചിക്കുകയാണ്.
ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ ഉപ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ 75 ശതമാനം ഓഹരികള്‍ 5,652 കോടി രൂപയ്ക്ക് പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്പനിയായ നിര്‍മ്മ ഏറ്റെടുത്തു. തുടര്‍ന്ന്, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ഓഹരി ഇന്ന് 2.95 ശതമാനം ഉയര്‍ന്ന് 645.60 രൂപയിലെത്തി. എന്നാല്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഓഹരി വില 3.12 ശതമാനം താഴ്ന്ന് 802.25 രൂപയായി.
നിഫ്റ്റി ഫാര്‍മ സൂചിക ഇന്ന് 1.55 ശതമാനം ഇടിഞ്ഞു. ഹെല്‍ത്ത്‌കെയര്‍ സൂചിക 1.59 ശതമാനവും നഷ്ടത്തിലാണ്. നിഫ്റ്റി ധനകാര്യ സേവനം 0.41 ശതമാനം, റിയല്‍റ്റി 0.66 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ്പ് 0.11 ശതമാനം കിതച്ചപ്പോള്‍, നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.26 ശതമാനം നേട്ടത്തിലാണുള്ളത്.
കിതച്ചവരും കുതിച്ചവരും
നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഓഹരി സൂചിക ഇന്ന് 3.51 ശതമാനം മുന്നേറി. ദശാബ്ദത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ (ബോണ്ട്) ജെ.പി മോര്‍ഗന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടുത്തിയതാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നേട്ടമായത്.
കടപ്പത്ര വിപണിയില്‍ സാന്നിദ്ധ്യമുള്ള പി.എന്‍.ബി ഗില്‍റ്റിന്റെ ഓഹരി വില ഇന്ന് 20 ശതമാനം മുന്നേറി അപ്പര്‍ സര്‍കീട്ടിലെത്തി. നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ 5 ഓഹരികളില്‍ യൂണിയന്‍ ബാങ്കും (5.39%) കനറാ ബാങ്കുമുണ്ട് (4.38%).
ബെര്‍ജര്‍ പെയിന്റ്‌സ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, ആര്‍.ഇ.സി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
അഞ്ച് ഓഹരിക്ക് ഒന്ന് വീതം ബോണസ് ഓഹരി വിതരണം ചെയ്ത നടപടിയാണ് (എക്‌സ്-ബോണസ്) ഇന്ന് ബെര്‍ജര്‍ പെയിന്റ്‌സ് ഓഹരികള്‍ക്ക് കരുത്തായത്. ഓഹരി വില ഇന്ന് 6.85 ശതമാനം കുതിച്ച് 670.70 രൂപയിലെത്തി.
ഇന്നലെ ബെര്‍ജര്‍ പെയിന്റ്‌സ് ഓഹരി വില വ്യാപാരാന്ത്യം 753.25 രൂപയായിരുന്നു. ബോണസ് ഇഷ്യൂ വിതരണത്തിന്റെ പശ്ചാത്തലത്തിലെ ക്രമീകരണം വഴി വില 627.70 രൂപയായി നിശ്ചയിച്ചു. ഇതില്‍ നിന്നാണ് പിന്നീട് 670.70 രൂപയിലേക്ക് ഓഹരി വില ഇന്ന് കുതിച്ചത്.
സെന്‍സെക്‌സില്‍ ഇന്ന് വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, അള്‍ട്രടെക് സിമന്റ് എന്നിവയാണ് നഷ്ടത്തിലേക്ക് വീണ മുന്‍നിര ഓഹരികള്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ., മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നേട്ടത്തിലേറി.
ഇന്‍ഫോ എഡ്ജ്, സൈഡസ് ലൈഫ് സയന്‍സസ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, അല്‍കെം ലാബ്, ആസ്ട്രല്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്.
രൂപയ്ക്ക് ഇന്നും നേട്ടം
ബോണ്ട് യീല്‍ഡുകളുടെ വളര്‍ച്ച, രാജ്യത്തേക്ക് കൂടുതല്‍ വിദേശ നാണയം ഇതുവഴി ഒഴുകുമെന്ന വിലയിരുത്തല്‍ തുടങ്ങിയ അനുകൂല ഘടകങ്ങള്‍ രൂപയെ ഇന്ന് നേട്ടത്തിലേക്ക് നയിച്ചു. ഡോളറിനെതിരെ 82.93ലാണ് വ്യാപാരാവസാനം രൂപയുള്ളത്; ഇന്നലെ മൂല്യം 83.09 ആയിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കും വണ്ടര്‍ലയും തിളങ്ങി
കേരള കമ്പനികളില്‍ നിരവധിപേര്‍ ഇന്ന് മികച്ച പ്രകടനം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് 4.24 ശതമാനം നേട്ടവുമായി 26.78 രൂപയിലാണുള്ളത്. വണ്ടര്‍ല ഹോളിഡേയ്‌സ് ഓഹരി 3.33 ശതമാനം വര്‍ദ്ധിച്ച് 635.9 രൂപയിലുമെത്തി.
സഫ സിസ്റ്റംസ് 6.21 ശതമാനം, മണപ്പുറം ഫിനാന്‍സ് 2.40 ശതമാനം, ഇന്‍ഡിട്രേഡ് 3.14 ശതമാനം, ഫാക്ട് 2.52 ശതമാനം, സി.എസ്.ബി ബാങ്ക് 2.71 ശതമാനം, ബി.പി.എല്‍ 4.31 ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില 3.61 ശതമാനം ഇടിഞ്ഞു. ഇന്ത്യയുടെ രണ്ടാം തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണച്ചുമതലയും കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഓഹരി വില താഴേക്കാണ്. ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, വി-ഗാര്‍ഡ്, റബ്ഫില എന്നിവയും നഷ്ടത്തിലാണ്.
Next Story
Videos