
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് നീങ്ങിയത് ഇന്ത്യന്‍ ഓഹരി സൂചികകളെയും ഇന്ന് വീഴ്ത്തി. ഇസ്രായേലിനൊപ്പം ചേര്‍ന്ന അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതാണ് ഇന്ത്യന്‍ സൂചികകളിലും വന്‍ ഇടിവുണ്ടാക്കിയത്.
സെന്‍സെക്‌സ് 511 പോയിന്റ് ഇടിഞ്ഞ് 81,896.79ലും നിഫ്റ്റി 141 പോയിന്റ് താഴ്ന്ന് 24,971.90 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 900 പോയിന്റും നിഫ്റ്റി 24,850ന് താഴെ വരെയും എത്തിയിരുന്നു. അതേ സമയം, മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ വീഴാതെ പിടിച്ചു നിന്നുവെന്നതാണ് ഇന്ന് ശ്രദ്ധേയമായത്.
സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന മുന്‍വിശ്വാസത്തെ തകര്‍ക്കുംവിധം ഇസ്രായേലും ഇറാനും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ വിപണിയുടെ ആത്മവിശ്വാസത്തെ കാര്യമായി മുറിപ്പെടുത്തി. യുഎസ് ആക്രമണത്തോടുള്ള ഇറാന്റെ പ്രതികരണം എങ്ങനെയിരിക്കുമെന്നതിനെ ആശ്രയിച്ചാണ് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ ദിശ നിര്‍ണയിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇതിനിടെ ആഗോള വ്യാപാരത്തിന്റെ മുഖ്യ പങ്കും നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രൂഡ് ഓയില്‍ വിതരണത്തെ ഇത് സാരമായി ബാധിക്കും. എണ്ണ വില ക്രമാതീതമായി ഉയരാം. ഇന്ത്യയിലെ മുഖ്യ എണ്ണക്കമ്പനികള്‍ക്കെല്ലാം അത് തിരിച്ചടിയാകുകയും ചെയ്യും. ക്രൂഡ് ഓയില്‍ വില ബാരലിന് 80 രൂപയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍ സാമ്പത്തിക മേഖലയെ ബാധിക്കുകയും വ്യാപാര കമ്മി ഉയര്‍ത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില പണപ്പെരുപ്പം വര്‍ധിപ്പിക്കാനും, രൂപയെ ദുര്‍ബലപ്പെടുത്താനും, ബിസിനസ് ചെലവുകള്‍ ഉയര്‍ത്താനും കമ്പനികളുടെ ലാഭം കുറയ്ക്കാനും കാരണമാകും.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ശനിയാഴ്ച യുഎസ് ആക്രമിച്ചതിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ വിതരണ തടസമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്ന് ബാരലിന് 79 ഡോളറിനടുത്തെത്തിയിരുന്നു.
അതേസമയം, ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 17 പൈസ ഇടിഞ്ഞ് 86.72ലെത്തി.
ഡോളര്‍ സൂചിക 0.5 ശതമാനത്തോളം ഉയര്‍ന്നത് സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നത് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ചും ആഗോള സംഘര്‍ഷങ്ങള്‍ അപകടസാധ്യത കൂടുതലുള്ള ഓഹരികളെ ഒഴിവാക്കാനും സുരക്ഷിതമായ ആസ്തികള്‍ തിരഞ്ഞെടുക്കാനും പ്രേരിപ്പിക്കുന്ന സാഹചര്യത്തില്‍.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആഭ്യന്തര ചെലവുകളെ ആശ്രയിച്ചാണിരിക്കുന്നത്, പക്ഷേ ആഗോള പ്രശ്നങ്ങള്‍ അതിനെ ബാധിക്കുകയും വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്‌തേക്കാമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഭെല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഓഹരികള്‍ ഇന്ന് മുന്നേറ്റത്തിലായിരുന്നു. ഭാരത് ഫോര്‍ജ്, ഐഡിയ ഫോര്‍ജ് എന്നിവ ഇന്ന് ശ്രദ്ധേകേന്ദ്രമായി. ഐഡിയ ഫോര്‍ജ് 10 ശതമാനം നേട്ടത്തിലുമായി. കപ്പല്‍ശാലാ ഓഹരികളും മുന്നേറ്റത്തിലായിരുന്നു. അതേസമയം ഐ.ടി ഓഹരികള്‍ക്ക് വീഴ്ചയുണ്ടായി. നിഫ്റ്റി ഐ.ടി സൂചിക ഒരു ശതമാനത്തോളം ഇടിവിലാണ്.
ബ്ലോക്ക് ഡീല്‍ നടന്നതിനെ തുടര്‍ന്ന് ഓല ഇലക്ട്രിക് ഓഹരി വില 4 ശതമാനം ഇടിഞ്ഞു.
മീഡിയ കമ്പനിയായ സീ എന്റര്‍ടെയിന്‍മെന്റിന്റെ ഓഹരികള്‍ ഇന്ന് 11 ശതമാനത്തിലധികം ഉയര്‍ന്നു. ഡിജിറ്റല്‍ ബിസിനസിനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതി കമ്പനി ആസൂത്രണം ചെയ്തതിനെ തുടര്‍ന്നാണ് ഓഹരി വില മുന്നേറിയത്. ടി.വി വ്യൂവര്‍ഷിപ്പ് 16.8 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമാക്കി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. കഴിഞ്ഞയാഴ്ച പ്രമോട്ടര്‍മാര്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം 4.28 ശതമാനത്തില്‍ നിന്ന് 18.39 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. 2,237 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
കേരള ആയുര്‍വേദ ഓഹരികളാണ് ഇന്ന് കേരള ഓഹരികളില്‍ വമ്പന്‍ മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. കമ്പനിയുടെ 22 ലക്ഷം ഓഹരികള്‍ വിവിധ ഇടപാടുകള്‍ വഴി കൈമാറ്റം നടത്തിയതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിത്. 100 കോടി രൂപയുടെ ഇടപാടാണ് ഓഹരിയില്‍ നടന്നത്. ഓഹരിയൊന്നിന് എത്ര രൂപ പ്രകാരമായിരുന്നു ഇടപാടെന്നത് വ്യക്തമല്ല.
കമ്പനിയുടെ പ്രമോട്ടര്‍മാരാണ് ഓഹരികള്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് (HNIs) വിറ്റഴിച്ചതെന്നാണ് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചിലെ കണക്കുപ്രകാരം പ്രമോട്ടര്‍മാര്‍ക്ക് കേരള ആയുര്‍വേദയില്‍ 58.58 ശതമാനം ഓഹരിയുണ്ട്. ബാക്കി പൊതു ഓഹരിയുടമകളുടെ കൈവശമാണ്. പ്രമുഖ നിക്ഷേപകന്‍ പൊറിഞ്ചു വെളിയത്തിന് 5.18 ശതമാനം ഓഹരിയുള്ള കമ്പനിയാണ് കേരള ആയുര്‍വേദ.
റിസര്‍വ് ബാങ്ക് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പാ വിഹിതം വെട്ടിക്കുറച്ചത് സ്‌മോള്‍ ഫിനാന്‍സ് ഓഹരികളില്‍ ഇന്ന് മുന്നേറ്റത്തിനിടയാക്കിയിരുന്നു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതിരോധ ഓഹരികളുടെ മുന്നേറ്റത്തിനൊപ്പം ചേര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 2.43 ശതമാനം നേട്ടം കാഴ്ചവച്ചു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, പോപ്പീസ്, വെര്‍ട്ടെക്‌സ് എന്നിവയാണ് ഇന്ന് മോശമല്ലാത്ത നേട്ടം കാഴ്ചവച്ച മറ്റ് ഓഹരികള്‍.
ഇന്ന് വീഴ്ചയില്‍ മുന്നില്‍ യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സാണ്. അഞ്ച് ശതമാനം ഇടിവിലാണ് ഓഹരി, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സും അഞ്ച് ശതമാനം താഴ്ചയിലാണ്. കിറ്റെക്‌സ് ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine