നഷ്ടത്തിലവസാനിപ്പിച്ച് സെന്‍സെക്‌സ്‌; അടുത്തിടെ ലിസ്റ്റ് ചെയ്ത ഈ കമ്പനി ഇന്ന്‌ 20% ഉയര്‍ന്നു

നിഫ്റ്റി 19,850ലും സെന്‍സെക്‌സ് 66,017ലും
stock market closing points
Published on

തുടക്കം മുതല്‍ നിലനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. യു.എസ് വിപണിയുടെ കയറ്റവും ക്രൂഡ് ഓയില്‍ വില ഇടിവും പിന്‍പറ്റി വ്യാപാരത്തിന്റെ ആദ്യമണിക്കൂറുകളില്‍ നേട്ടത്തിലേക്ക് കയറിയ വിപണി പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ഒരുവേള 19,875 വരെയെത്തിയ നിഫ്റ്റി 19,850ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 66,235ല്‍ നിന്ന് 66,017ല്‍ എത്തി.

ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ് സൂചിക നേട്ടത്തിലേറിയപ്പോള്‍ സിയോള്‍, ഹോംങ്കോഗ് വിപണികള്‍ താഴേക്ക് പോയി.

രൂപ ഇന്ന് ഡോളറിനെതിരെ രണ്ട് പൈസയിടിഞ്ഞ് 83.34 രൂപയിലായി. ക്രൂഡ് ഓയില്‍ വില ബാരലിന് 1.33 ശതമാനം ഇടിഞ്ഞ് 80.87 രൂപയായി.

സെന്‍സെക്‌സ് കമ്പനികളില്‍ വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, നെസ്‌ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.ടി.സി എന്നിവരാണ് നേട്ടമുണ്ടാക്കിയത്. അള്‍ട്രാ ടെക് സിമന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നഷ്ടത്തില്‍ മുന്‍നിരക്കാരായി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ 3,844 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 2,066 ഓഹരികള്‍ നേട്ടവും 1,638 ഓഹരികള്‍ നഷ്ടവും രുചിച്ചു. 140 ഓഹരികളുടെ വില മാറിയില്ല.

278 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും 25 ഓഹരികള്‍ താഴ്ന്ന വിലയും തൊട്ടു. 335 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍കീട്ടിലെത്തിയപ്പോള്‍ 190 ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലായി. എക്‌സ്ച്‌ഞ്ചേുകളില്‍ നിന്ന് ലഭ്യമായ കണക്കുകളനുസരിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (FIIs) 306.56 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.

വിശാല വിപണിയില്‍ നിഫ്റ്റി മിഡ് ക്യാപ് 100 സൂചിക നഷ്ടം നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിന്നപ്പോള്‍ നിഫ്റ്റി സ്‌മോള്‍ക്യാപ് 100 ബെഞ്ച് മാര്‍ക്ക് സൂചികകളെയും മറികടന്ന് 0.70 ശതമാനം ഉയര്‍ന്നു.

മെറ്റല്‍, റിയല്‍ എസ്‌റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ ഇന്ന് വീഴാതെ പിടിച്ചു നിന്നപ്പോള്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ടത് ഐ.ടി, ഫാര്‍മ ഓഹരികളാണ്.

നേട്ടത്തിലേറിയവര്‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപ്പറേഷന്‍, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍, യെസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, ദീപക് നൈട്രൈറ്റ് എന്നിവയാണ് ഇന്ന് നേട്ടത്തിൽ മുന്നിലുള്ള ഓഹരികൾ. 

എച്ച്.പി.സി.എല്ലിന് കൂടുതല്‍ ഹരിതോര്‍ജ്ജപദ്ധതികള്‍ നടപ്പാക്കാനുള്ള മൂലധനം കണ്ടെത്താന്‍ എണ്ണകമ്പനിയായ ഒ.എന്‍.ജിസിയോട് അവകാശ ഓഹരികളിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത്. ഓഹരി ഏഴ് ശതമാനത്തോളം കയറി. അതേസമയം, ഒ.എന്‍.ജി.സി ഓഹരി ഇന്ന് 0.16 ശതമാനം ഇടിഞ്ഞ് 190.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഉത്സവകാല വില്‍പ്പന കുതിച്ചത് ഹീറോ മോട്ടോകോര്‍പ് ഓഹരികള്‍ക്ക് നേട്ടമായി. ഓഹരി 33 മാസത്തെ ഉയര്‍ച്ചയിലാണ്. കഴിഞ്ഞ ഒമ്പതു ദിവസത്തിനുള്ളില്‍ 15 ശതമാനമാണ് ഓഹരിയിലെ മുന്നേറ്റം. 32 ദിവസത്തെ ഉത്സവ കാലയളവില്‍ 14 ലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

മാമാഎര്‍ത്ത് ഉത്പന്നങ്ങളുടെ മാതൃകമ്പനിയായ ഹാനാസ കണ്‍സ്യൂമറിന്റെ ഓഹരി മികച്ച രണ്ടാം പാദഫലങ്ങളുടെ പിന്‍ബലത്തില്‍ 20 ശതമാനത്തോളം കുതിച്ചു. നവംബര്‍ 7ന് ലിസ്റ്റ് ചെയ്ത കമ്പനി ഇതുവരെ 25 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.

പഞ്ചാസാര കമ്പനികളും ടെക്‌സ്‌റ്റൈല്‍ ഓഹരികളും ഇന്ന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. മഗദ് ഷുഗര്‍ ആന്‍ഡ് എനര്‍ജി, അവദ് ഷുഗര്‍ ആന്‍ഡ് എനര്‍ജി, ഉത്തം ഷുഗര്‍ മില്‍സ്, ഡാല്‍മിയ ഭാരത് ഷുഗര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവ 10 മുതല്‍ 13 ശതമാനം വരെ വളര്‍ച്ച നേടി.

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നന്ദന്‍ ഡെനിം, നഹര്‍ സ്പിന്നിംഗ്, എസ്.ബി.സി എക്‌സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ 5 ശതമാനം മുതല്‍ 12 ശതമാനം വരെ ഉയര്‍ന്നു.

നഷ്ടത്തിലിവര്‍

ട്യൂബ് ഇന്‍വസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, സിപ്ല, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഡോ.ലാല്‍ പാത് ലാബ്‌സ്, ഇന്‍ഫോ എഡ്ജ് എന്നിവയാണ് ഇന്ന് നഷ്ടത്തിലേറിയ പ്രമുഖ ഓഹരികള്‍.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

മുന്നേറി വണ്ടര്‍ലാ ഹോളിഡേയ്‌സ്

കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ വലിയ മുന്നേറ്റമുണ്ടായില്ല. വണ്ടര്‍ലാ ഹോളിഡേയ്‌സ് ഇന്ന് 4.20 ശതമാനം ഉയര്‍ന്ന് 969.40 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഓഹരികള്‍ രണ്ട് ശതമാനത്തിനു മുകളിലേക്ക് ഉയര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരളം ആസ്ഥാനമായുള്ള ബാങ്ക് ഓഹരികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, കല്യാണ്‍ ജുവലേഴ്‌സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്.

ടാറ്റ ടെക്കിന് രണ്ടാം ദിനവും മികച്ച പ്രതികരണം

ഇന്നലെ ആരംഭിച്ച ടാറ്റ ടെക്ക് ഐ.പി.ഒയ്ക്ക് രണ്ടാം ദിനവും മികച്ച പ്രതികരണം ലഭിച്ചു. 14.85 മടങ്ങാണ് ടാറ്റ ടെക്കിന് ലഭിച്ച അപേക്ഷകള്‍. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ഫിനയുടെ ഐ.പി.ഒ 90 ശതമാനം സബ്‌സ്‌ക്രൈബ്ഡ് ആയി. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി സംവരണം ചെയ്ത ഓഹരികള്‍ക്ക് 1.25 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. സ്ഥാപന ഇതര നിക്ഷേപകര്‍ക്ക് നീക്കി വച്ചത് 52 ശതമാനവും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ളത് (QIB) 56 ശതമാനവും സബ്‌സ്‌ക്രൈബ്ഡ് ആയി.

 ഫെയര്‍ റൈറ്റിംഗ്‌സിന്റെ ഓഹരികള്‍ക്ക് രണ്ടാം ദിനത്തില്‍ ആറ് മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. ഐ.ആര്‍.ഇ.ഡി.എ ഐ.പി.ഒയ്ക്ക് 38.79 മടങ്ങ് അപേക്ഷകളും ഗാന്ധാര്‍ ഓയില്‍ റിഫൈനറിയ്ക്ക് 15.17 മടങ്ങ് അപേക്ഷകളുമാമാണ് ലഭിച്ചത്‌.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com