പച്ചക്കുന്നില്‍ കാല്‍ വഴുതി ഓഹരികള്‍, ഏഴു ദിവസത്തെ കയറ്റം തുടരാനാകാതെ വിപണി; എയര്‍ടെല്ലും കിറ്റെക്‌സും ഇടിവില്‍, പതറാതെ ടാറ്റാ മോട്ടോഴ്‌സ്, ഹാരിസണ്‍സ്‌

1.41 ശതമാനത്തിന്റെ നഷ്ടം നിഫ്റ്റി റിയല്‍റ്റി രേഖപ്പെടുത്തി
പച്ചക്കുന്നില്‍ കാല്‍ വഴുതി ഓഹരികള്‍, ഏഴു ദിവസത്തെ കയറ്റം തുടരാനാകാതെ വിപണി; എയര്‍ടെല്ലും കിറ്റെക്‌സും ഇടിവില്‍, പതറാതെ ടാറ്റാ മോട്ടോഴ്‌സ്, ഹാരിസണ്‍സ്‌
Published on

ഏഴ് ദിവസത്തെ വിജയ പരമ്പരയ്ക്ക് വിരാമമിട്ട് ഓഹരി വിപണി. എഫ്എംസിജി മേഖലയിലെ നഷ്ടങ്ങള്‍ വിപണിയുടെ ഇടിവിന് ആക്കം കൂട്ടി. കശ്മീരിലെ ഭീകരാക്രമണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണം, സ്വഭാവം, വ്യാപ്തി, അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കയോടെയുളള സമീപനം സ്വീകരിച്ചതും വിപണി നഷ്ടത്തിലാകാനുളള കാരണമാണ്. തുടര്‍ന്നുളള ദിവസങ്ങളിലും നിക്ഷേപകര്‍ ജാഗ്രതയോടെയുളള സമീപനം സ്വീകരിക്കാനാണ് സാധ്യത.

ദിവസം മുഴുവനും വിപണി അസ്ഥിരതയുടെ പാതയാണ് സ്വീകരിച്ചത്. തുടര്‍ച്ചയായ റാലിക്ക് ശേഷം വിപണി ഇന്ന് നേരിയ ലാഭമെടുപ്പിന് സാക്ഷ്യം വഹിച്ചു.

സെൻസെക്സ് 0.39 ശതമാനം (315.06 പോയിന്റ്) ഇടിഞ്ഞ് 79,801.43 ലും നിഫ്റ്റി 0.34 ശതമാനം ( 82.25 പോയിന്റ്) ഇടിഞ്ഞ് 24,246.70 ലും ക്ലോസ് ചെയ്തു.

പ്രധാന എഫ്.എം.സി.ജി കമ്പനികളുടെ നാലാം പാദ വരുമാനം ദുര്‍ബലമായതാണ് എഫ്എംസിജി മേഖലയെ ദുര്‍ബലമാക്കിയത്. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയ കമ്പനികളുടേത് മോശം റിസല്‍ട്ടായിരുന്നു. എഫ്‌എംസിജി സൂചിക ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

റിയല്‍റ്റിയാണ് തിരുത്തലിന് വിധേയമായ മറ്റൊരു മേഖല. 1.41 ശതമാനത്തിന്റെ നഷ്ടം നിഫ്റ്റി റിയല്‍റ്റി രേഖപ്പെടുത്തി.

മിഡ്, സ്മോൾക്യാപ്പ് സൂചികകള്‍ക്ക് ഫ്രണ്ട്‌ലൈൻ സൂചികയെ മറികടക്കാൻ കഴിഞ്ഞു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഇരുചക്ര വാഹന വായ്പകൾ, ഭവന നിർമ്മാണം, കുറഞ്ഞ നിരക്കിലുള്ള സ്വർണ്ണ വായ്പകൾ എന്നിവയ്ക്കായി ഭാരത് ബാങ്കിംഗ് എന്ന പേരിൽ മൈക്രോഫിനാൻസ് വിഭാഗത്തെ റീബ്രാൻഡ് ചെയ്യാന്‍ ഇൻഡസ്ഇൻഡ് ബാങ്ക് നീക്കം നടത്തുന്നുണ്ട്. ഓഹരി 3.17 ശതമാനം നേട്ടത്തില്‍ 819 രൂപയില്‍ ക്ലോസ് ചെയ്തു.

ജലവൈദ്യുത പദ്ധതികളിൽ നിന്നുളള 1,250 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനായി ഉത്തർപ്രദേശ് പവർ കോർപ്പറേഷനുമായി (യുപിപിസിഎൽ) കരാറിൽ അദാനി ഗ്രീൻ എനർജിയുടെ ഉപകമ്പനിയായ അദാനി ഹൈഡ്രോ എനർജി ഫൈവ് ഏർപ്പെട്ടു. ഓഹരി 2 ശതമാനം നേട്ടത്തില്‍ 971 രൂപയില്‍ ക്ലോസ് ചെയ്തു.

അൾട്രാടെക് സിമന്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

സ്‌പെക്ട്രം കുടിശ്ശിക ഓഹരികളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാരതി എയർടെൽ കേന്ദ്ര സർക്കാരിന് കത്തെഴുതി. എയര്‍ടെല്‍ ഓഹരി 1.89 ശതമാനം നഷ്ടത്തില്‍ 1,846 രൂപയില്‍ ക്ലോസ് ചെയ്തു.

ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരി 4 ശതമാനം നഷ്ടത്തില്‍ 2,324 രൂപയില്‍ ക്ലോസ് ചെയ്തു. ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എറ്റേണൽ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

കല്യാണ്‍ നഷ്ടത്തില്‍

കേരളാ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. കല്യാണ്‍ ജുവലേഴ്സ് 3.54 ശതമാനം നഷ്ടത്തില്‍ 518 രൂപയില്‍ ക്ലോസ് ചെയ്തു. ഹാരിസണ്‍സ് മലയാളം 6.37 ശതമാനം ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു.

ഫാക്ട് നേരിയ (0.18%) നേട്ടത്തിലും കൊച്ചിൻ ഷിപ്പ്‌യാർഡ് (0.59%) നേരിയ നഷ്ടത്തിലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

കേരളാ കമ്പനികളുടെ പ്രകടനം
കേരളാ കമ്പനികളുടെ പ്രകടനം

കിറ്റെക്സ് ഗാര്‍മെന്റ്സ് 4 ശതമാനം നഷ്ടത്തില്‍ 245 രൂപയില്‍ ക്ലോസ് ചെയ്തു. എ.വി.ടി, ജിയോജിത്ത്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില്ലാ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

Stock market closing analysis 24 april 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com