Begin typing your search above and press return to search.
നിരാശപ്പെടുത്തി റിലയന്‍സ്, ഐ.ടി.സി; രണ്ടാംനാളിലും ഇടിഞ്ഞ് ഓഹരികള്‍
വന്‍കിട ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം തകൃതിയായതോടെ തുടര്‍ച്ചയായ രണ്ടാംദിവസവും നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരികള്‍. വെള്ളിയാഴ്ചത്തെ വന്‍ വീഴ്ചയുടെ തുടര്‍ച്ചയെന്നോണം ഇന്നും ഓഹരികള്‍ 'ചോരപ്പുഴ'യാകുമെന്നാണ് ഒട്ടുമിക്ക നിക്ഷേപകരും കരുതിയിരുന്നത്. കനത്ത വീഴ്ച വിട്ടുനിന്നെങ്കിലും പ്രധാന ഓഹരി വിഭാഗങ്ങളെല്ലാം നഷ്ടത്തിലായത് നിരാശ പടര്‍ത്തിയിട്ടുണ്ട്.
സെന്‍സെക്‌സ് ഇന്ന് 66,629ല്‍ തുടങ്ങി ഒരുവേള 66,808 വരെ ഉയര്‍ന്നിരുന്നു. വ്യാപാരാന്ത്യമുള്ളതാകട്ടെ 299.48 പോയിന്റ് (0.45%) ഇടിഞ്ഞ് 66,384.78ലാണ്. 19,748ല്‍ തുടങ്ങിയ നിഫ്റ്റി 19,782 വരെ ഉയര്‍ന്നെങ്കിലും വില്‍പന സമ്മര്‍ദ്ദം മുറുകിയതോടെ വ്യാപാരം നിറുത്തിയത് 19,672.35ലാണ്. ഇന്നത്തെ നഷ്ടം 72.65 പോയിന്റ് (0.37%).
വന്‍കിടക്കാരുടെ വീഴ്ച
പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ജൂണ്‍പാദ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് 2.02 ശതമാനം ഇടിഞ്ഞു.
ഹോട്ടല്‍ ബിസിനസ് വിഭാഗത്തെ വേര്‍പെടുത്താനുള്ള (Demerger) പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സിയുടെ നീക്കത്തോട് നിക്ഷേപകര്‍ പ്രതികരിച്ചത് പ്രതികൂലമായാണ്. ഓഹരി 4.30 ശതമാനം ഇടിഞ്ഞു. ഹോട്ടല്‍ വിഭാഗത്തെ വേര്‍തിരിക്കാന്‍ ഐ.ടി.സിയുടെ ഡയറക്ടര്‍ ബോര്‍ഡ് തത്വത്തിലുള്ള അംഗീകാരം (in-principle approval) നല്‍കിയിട്ടുണ്ട്. 70 കേന്ദ്രങ്ങളിലായി 120 ഹോട്ടലുകളുണ്ട് ഐ.ടി.സിക്ക്. മുറികളുടെ എണ്ണം 11,600ഓളമാണ്. മൊത്തം 5.84 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് ഐ.ടി.സി.
നിരീക്ഷകര്‍ വിലയിരുത്തിയതിനേക്കാള്‍ ഉയര്‍ന്ന ലാഭം കഴിഞ്ഞപാദത്തില്‍ നേടിയിട്ടും വില്‍പന സമ്മര്‍ദ്ദം മൂലം കോട്ടക് മഹീന്ദ്ര ബാങ്കോഹരികള്‍ ഇന്ന് ഇടിഞ്ഞു. വന്‍കിടക്കാരുടെ വീഴ്ചയാണ് ഇന്ന് സൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്.
നഷ്ടത്തില്‍ ഇവരും
ടെക് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയും ഇന്ന് നഷ്ടത്തിലാണ്. ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം കഴിഞ്ഞ ബുധനാഴ്ച 304.53 ലക്ഷം കോടി രൂപയായിരുന്നത് ഇന്ന് വ്യാപാരാന്ത്യമുള്ളത് 301.97 ലക്ഷം കോടി രൂപയിലാണ്. സന്‍സെക്‌സില്‍ ഇന്ന് 1,759 ഓഹരികള്‍ നേട്ടത്തിലും 1,940 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 കമ്പനികളുടെ ഓഹരി വില മാറിയില്ല.
259 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി. 53 എണ്ണം താഴ്ചയിലും. 11 കമ്പനികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലായിരുന്നു; 9 എണ്ണം ലോവര്‍ സര്‍ക്യൂട്ടിലും. നിഫ്റ്റിയില്‍ മിഡ്ക്യാപ്പ് ഓഹരികള്‍ 0.15 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ക്യാപ്പ് 0.37 ശതമാനം ഉയര്‍ന്നു. 0.33 ശതമാനം ഇടിഞ്ഞ് 45,923.05ലാണ് ബാങ്ക് നിഫ്റ്റി.
നിഫ്റ്റി ധനകാര്യം, എഫ്.എം.സി.ജി., ഐ.ടി., മീഡിയ. ലോഹം, സ്വകാര്യബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഇന്ന് നഷ്ടത്തിലാണ്.
യുണൈറ്റഡ് സ്പിരിറ്റ്‌സ്, ബയോകോണ്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഐ.ടി.സി., വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം) എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവുമധികം ഇടിവ് നേരിട്ടവ. കര്‍ണാടക സര്‍ക്കാര്‍ മദ്യനികുതി 20 ശതമാനം കൂട്ടിയതാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന് തിരിച്ചടിയായത്.
നേട്ടത്തിലേറിയവര്‍
നിഫ്റ്റിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ആര്‍.ഇ.സി., പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍, എന്‍.എച്ച്.പി.സി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവ ഇന്ന് വലിയ കുതിപ്പ് നടത്തി.
5 ലക്ഷം കോടി രൂപയുടെ ഹരിതോര്‍ജ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധാരണയായതാണ് കേന്ദ്ര എന്‍.ബി.എഫ്.സികളായ ആര്‍.ഇ.സിക്കും പവര്‍ ഫൈനാന്‍സിനും കരുത്തായത്. ഇതും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വാങ്ങല്‍ (buy) സ്റ്റാറ്റസ് നല്‍കിയതും ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന് നേട്ടമായി.
1.76 ലക്ഷം കോടി രൂപയുടെ ഹൈഡ്രോ പവര്‍ പദ്ധതികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എന്‍.എച്ച്.പി.സി ഓഹരികള്‍ക്ക് കുതിപ്പേകി. ബ്രോക്കറേജുകളില്‍ നിന്നുള്ള വാങ്ങല്‍ സ്റ്റാറ്റസ്, ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മികച്ച ജൂണ്‍പാദ ഫലം എന്നിവയുടെ കരുത്തില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
നിഫ്റ്റിയില്‍ ഓട്ടോ, ഫാര്‍മ, പി.എസ്.യു ബാങ്ക്, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രടെക് സമിന്റ്, എല്‍ ആന്‍ഡ് ടി., ടി.സി.എസ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ വലിയ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചുനിറുത്തിയ ഓഹരികള്‍.
തിളങ്ങാതെ കേരള ഓഹരികള്‍
മുന്‍നിര കേരള ഓഹരികളൊന്നും ഇന്ന് മികച്ച പ്രകടനം നടത്തിയില്ല. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് (4.98%) ആണ് ഇന്ന് ഏറ്റവുമധികം നേട്ടവുമായി മുന്നിലെത്തിയത്.
പ്രൈമ ഇന്‍സ്ട്രീസ് (2.63%), നിറ്റ ജെലാറ്റിന്‍ (2.60%), സെല്ല സ്‌പേസ് (2.47%), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.29%) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
സഫ സിസ്റ്റംസ് 14.82 ശതമാനം ഇടിവുമായി നഷ്ടത്തില്‍ ഒന്നാംസ്ഥാനം നേടി. പ്രൈമ അഗ്രോ 4.76 ശതമാനം ഇടിഞ്ഞു. യൂണിറോയല്‍ മറീന്‍ (4.60%), കൊച്ചിന്‍ മിനറല്‍സ് (2.79%), ടി.സി.എം (2.60%) എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് കേരള ഓഹരികള്‍.
രൂപയ്ക്ക് നേട്ടം
ഓഹരികള്‍ തളര്‍ന്നെങ്കിലും രൂപ ഇന്ന് നേട്ടമുണ്ടാക്കി. 81.94ല്‍ നിന്ന് 81.81ലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടത്. ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം കൂടുന്നതാണ് കരുത്താകുന്നത്.
Next Story
Videos