
വലിയ അസ്ഥിരമായ പ്രകടനത്തിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയതായി ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ആരോപിച്ച് ഇസ്രയേല്‍ രംഗത്തെത്തിയതോടെ വീണ്ടും മിഡില്‍ ഈസ്റ്റ് ആശങ്കയുടെ മുള്‍മുനയിലായി. ഉച്ചയ്ക്ക് 12:20 ന് സെൻസെക്സ് 1,045.47 പോയിന്റ് ഉയർന്ന് 82,942.26 ലും നിഫ്റ്റി 318.45 പോയിന്റ് ഉയർന്ന് 25,290.35 ലുമായിരുന്നു. എന്നാല്‍ ഇസ്രയേലും ഇറാനും തമ്മിലുളള പുതിയ വെടിനിർത്തൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വിപണിയുടെ ആക്കം പെട്ടെന്ന് മങ്ങുകയായിരുന്നു. തുടര്‍ന്ന് സെൻസെക്സ് 1,118.04 പോയിന്റ് ഇടിഞ്ഞ് 81,900.12 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം നിഫ്റ്റി 25,050 ന് താഴെയെത്തി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണിക്കൂറുകൾക്ക് മുമ്പ് ഉണ്ടാക്കിയ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ടെഹ്‌റാനിൽ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. ഇറാന്റെ ഐഎസ്‌എൻഎ വാർത്താ ഏജൻസി ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ് രംഗത്തെത്തി. അത്തരം മിസൈലുകളൊന്നും പ്രയോഗിച്ചിട്ടില്ലെന്ന് ഏജന്‍സി പറഞ്ഞു. പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. വെടിനിർത്തലിന്റെ ഫലപ്രാപ്തിയിലും 12 ദിവസത്തെ ശത്രുത പെട്ടന്ന് അവസാനിപ്പിക്കുന്നതായുളള പ്രഖ്യാപനങ്ങളിലും നിക്ഷേപകര്‍ സംശയങ്ങൾ ഉയർത്തിയത് വിപണിക്ക് തിരിച്ചടിയായി.
ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതും വിപണി നഷ്ടത്തിലാകാനുളള കാരണങ്ങളിലൊന്നാണ്. സെൻസെക്സ് ഇന്‍ട്രാഡേയില്‍ 1,100 പോയിന്റിലധികം ഉയർന്നതും നിഫ്റ്റി 25,300 പോയിന്റിന് മുകളിലേക്ക് ഉയർന്നതും നിക്ഷേപകരെ വലിയ തോതില്‍ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷൻസ് കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്നതിന് മുമ്പായുളള അസ്ഥിരതയും വിപണിയെ ബാധിച്ചു.
സെന്‍സെക്സ് 0.19 ശതമാനം (158 പോയിന്റ്) ഉയര്‍ന്ന് 82,055 ലും നിഫ്റ്റി 0.29 ശതമാനം (72 പോയിന്റ്) ഉയര്‍ന്ന് 25,044 ലുമാണ് ക്ലോസ് ചെയ്തത്. മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ വിപണി നേരിയ തോതിൽ ഉയർന്ന് വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
മേഖലാ സൂചികകളിൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.5 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ 1 ശതമാനം നേട്ടമുണ്ടാക്കി.
നിഫ്റ്റി ബാങ്ക്, ഓട്ടോ, പ്രൈവറ്റ് ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയും 0.7 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി മീഡിയ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.
836 കോടി രൂപയുടെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (BESS) ശേഷിയുടെ ഓർഡർ നേടിയതായി കമ്പനി അറിയിച്ചതിനെത്തുടർന്ന് ബൊണ്ടാഡ എഞ്ചിനീയറിംഗ് ഓഹരി വില 5 ശതമാനം ഉയർന്നു. തമിഴ്‌നാട് ഗ്രീൻ എനർജി കോർപ്പറേഷൻ ലിമിറ്റഡിൽ (TNGECL) നിന്നാണ് ഓര്‍ഡര്‍ ലഭിച്ചത്. ഓഹരി 466 രൂപയില്‍ ക്ലോസ് ചെയ്തു.
അദാനി ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ ചെയർമാൻ ഗൗതം അദാനി അടുത്ത അഞ്ച് വർഷത്തേക്ക് 15-20 ബില്യൺ ഡോളർ മൂലധനം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരികൾ 4 ശതമാനം വരെ ഉയർന്നു.
ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ഡിമാൻഡും താരിഫ് സംബന്ധമായ സമ്മർദ്ദങ്ങളും കണക്കിലെടുത്ത് ഭാവി അനിശ്ചിതത്വത്തിലാണെന്ന് കമ്പനി പറഞ്ഞതിനെത്തുടർന്ന് കെപിഐടി ടെക് ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. കെ.പി.ഐ.ടി ടെക് ഓഹരികള്‍ 1,305 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഭാരത് ഡൈനാമിക്സ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികള്‍ ഇന്ന് സമ്മിശ്രപ്രകടനമാണ് നടത്തിയത്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സാണ് നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നത്. ഓഹരി 19 ശതമാനത്തിലധികം നേട്ടവുമായി 173 രൂപയില്‍ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റല്‍ (5.44%), മുത്തൂറ്റ് മൈക്രോഫിന്‍ (4.19%), കിറ്റെക്സ് (4.99%), കേരള ആയുര്‍വേദ (4.57%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 2.42 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഫാക്ട് ഓഹരി നേരിയ നഷ്ടത്തിലാണ് (0.89%) ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.
പോപ്പീസ് കെയര്‍ 4.93 ശതമാനം നഷ്ടത്തില്‍ 31 രൂപയിലെത്തി. മൂത്തൂറ്റ് ഫിനാന്‍സ് (-1.68%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (-0.34%), ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് (-0.87%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് കാര്യമായി ശോഭിക്കാനായില്ല.
Stock market closing analysis 24 June 2025.
Read DhanamOnline in English
Subscribe to Dhanam Magazine