ഇന്നും തളര്‍ച്ച, നിഫ്റ്റി 19,300ന് താഴെ; എല്ലാ കണ്ണുകളും ജെറോം പവലിലേക്ക്

തുടര്‍ച്ചയായ രണ്ടാംനാളിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. ഇന്നൊരുവേള 65,106 വരെ ഉയരുകയും 64,732 വരെ താഴുകയും ചെയ്ത സെന്‍സെക്‌സ്, വ്യാപാരം അവസാനിപ്പിച്ചത് 365.83 പോയിന്റ് (0.56%) നഷ്ടത്തോടെ 64,886.51ല്‍. 120.90 പോയിന്റ് (0.62%) നഷ്ടവുമായി 19,265.80ലാണ് നിഫ്റ്റിയുള്ളത്. ഇന്നൊരുവേള നിഫ്റ്റി 19,339 വരെ ഉയരുകയും 19,229 വരെ താഴുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയിലാണ് ഇന്ത്യന്‍ ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം


സെന്‍സെക്‌സില്‍ ഇന്ന് 1,444 ഓഹരികള്‍ നേട്ടത്തിലും 2,200 ഓഹരികള്‍ നഷ്ടത്തിലും ആയിരുന്നു. 119 ഓഹരികളുടെ വില മാറിയില്ല. 197 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 20 എണ്ണം താഴ്ചയിലും ആയിരുന്നു. അപ്പര്‍ സര്‍കീട്ടില്‍ ഇന്നും കമ്പനികളെ കണ്ടില്ല. രണ്ട് ഓഹരികള്‍ ലോവര്‍-സര്‍കീട്ടില്‍ ആയിരുന്നു. ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.83 ലക്ഷം കോടി രൂപ കൊഴിഞ്ഞ് 306.84 ലക്ഷം കോടി രൂപയായി.

ഇടിവിന് പിന്നില്‍
അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവല്‍, ജാക്‌സണ്‍ ഹോള്‍ സിമ്പോസിയത്തില്‍ ഇന്നാണ് പ്രഭാഷണം നടത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ശേഷമായിരിക്കും ചടങ്ങില്‍ അദ്ദേഹം സംസാരിക്കുക.
പണപ്പെരുപ്പം, പണനയം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം എന്ത് പറയുമെന്ന ആകാംക്ഷയിലാണ് ആഗോള നിക്ഷേപക ലോകം.
ആഗോള ഓഹരികളില്‍ ഇന്ന് കണ്ടത് സമ്മിശ്ര പ്രകടനമാണ്. അമേരിക്കന്‍, യൂറോപ്യന്‍ ഓഹരികള്‍ പൊതുവേ നേട്ടത്തിലായിരുന്നു. ഏഷ്യയില്‍, ജാപ്പനീസ് നിക്കേയ് തളര്‍ന്നു. പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയ്ക്ക് നിര്‍മ്മാണ ഘടകങ്ങള്‍ നല്‍കുന്ന കമ്പനിയായ അഡ്‌വാന്റസ്റ്റ് 10 ശതമാനം ഇടിഞ്ഞതാണ് നിക്കേയ്ക്ക് കൂടുതല്‍ തിരിച്ചടിയായത്.
നിരാശപ്പെടുത്തിയവര്‍
എല്ലാ വിഭാഗം ഓഹരികളിലും ഇന്ന് വില്‍പന സമ്മര്‍ദ്ദം കനത്തു. നിഫ്റ്റിയില്‍ എഫ്.എം.സി.ജി., മെറ്റല്‍, ഫാര്‍മ, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 1.02 മുതല്‍ 1.51 ശതമാനം വരെ ഇടിവിലാണ്.
നിഫ്റ്റി ധനകാര്യ സേവനം, ഓട്ടോ, മീഡിയ, സ്വകാര്യബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും 0.34 മുതല്‍ 0.78 ശതമാനം വരെ ഇടിഞ്ഞു. എല്‍ ആന്‍ഡ് ടി., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ഐ.ടി.സി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ തളര്‍ന്ന മുന്‍നിര ഓഹരികള്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, അംബുജ സിമന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ്, എംഫസിസ്, ആദിത്യ ബിര്‍ള ഫാഷന്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം കുറിച്ചവ.
ബാങ്ക് നിഫ്റ്റി 0.59 ശതമാനം ഇടിഞ്ഞ് 44,231ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.82 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.41 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി 19,100 വരെ താഴ്‌ന്നേക്കാമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ബാങ്ക് നിഫ്റ്റി 43,900ലേക്കും എത്തിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നേട്ടത്തില്‍ തന്നെ പിടിച്ചുനിന്ന പ്രമുഖര്‍.
വൊഡഫോണ്‍-ഐഡിയ 8.81 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ മുന്നിലെത്തി. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ജിയോ ഫിനാന്‍ഷ്യല്‍, സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, ഇന്‍ഡസ് ടവേഴ്‌സ് എന്നിവയാണ് കൂടുതല്‍ നേട്ടം കുറിച്ച മറ്റ് ഓഹരികള്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

65,000 കോടി രൂപയുടെ 4-വര്‍ഷ വികസന പദ്ധതികള്‍ വൊഡാഫോണ്‍-ഐഡിയ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനുള്ള ധനസമാഹരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചനകള്‍. ധനസമാഹരണത്തിന് വിവിധ നിക്ഷേപകരുമായി ചര്‍ച്ചയിലാണെന്നും 2022ലെ സ്‌പെക്ട്രം ഫീസ് ഗഡുവായ 1,680 കോടി രൂപ ഉടന്‍ വീട്ടുമെന്നും കേന്ദ്ര ടെലികോം മന്ത്രാലയത്തെ കമ്പനി അറിയിച്ചിരുന്നു. ഇത്, ഓഹരിക്കുതിപ്പിന് വളമായെന്ന് കരുതുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ക്ഷീണം
പുതിയ എം.ഡിയെ തിരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവാരം മികച്ച നേട്ടമുണ്ടാക്കിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ ഇപ്പോള്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിലാണ്.
ഇന്ന് ഓഹരി 2.71 ശതമാനം നഷ്ടത്തിലാണ്. സെല്ല സ്‌പേസ്, കല്യാണ്‍ ജുവലേഴ്‌സ്, സി.എസ്.ബി ബാങ്ക്, ആസ്പിന്‍വാള്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട് മറ്റ് കേരള ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

ഇന്‍ഡിട്രേഡ് 4.98 ശതമാനം നേട്ടവുമായി കേരള ഓഹരികളില്‍ ഇന്ന് മുന്നിലെത്തി. സഫ സിസ്റ്റംസ്, സ്റ്റെല്‍ ഹോള്ഡിംഗ്‌സ്, കേരള ആയുര്‍വേദ, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
രൂപ തളര്‍ന്നു
ജെറോം പവലിന്റെ പ്രഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ മുന്നേറുകയാണ്. പ്രമുഖ ആറ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 0.12 ശതമാനം ഉയര്‍ന്ന് 104.1ലെത്തി. രൂപയുടെ മൂല്യം 0.09 ശതമാനം ഇടിഞ്ഞ് 82.65ലാണുള്ളത്.

ജിയോ ഫിന്‍ ലോവര്‍ സര്‍കീട്ടില്‍ നിന്ന് മുക്തം

തുടര്‍ച്ചയായി നാല് ദിവസം ലോവര്‍-സര്‍കീട്ടില്‍ തുടര്‍ന്ന ജിയോ ഫിന്‍ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം കരകയറി. ബ്ലോക്ക് ഡീല്‍ വഴി 6.46 കോടി ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടത് ജിയോ ഫിന്നിന് രക്ഷയായി. ഇതോടെ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയില്‍ നിന്ന് ഓഗസ്റ്റ് 31ന് ജിയോ ഫിന്നിനെ ഒഴിവാക്കും. നേരത്തേ, ഓഗസ്റ്റ് 25ന് ഒഴിവാക്കേണ്ടിയിരുന്നതാണ്, ഓഹരികള്‍ തുടര്‍ച്ചയായി ലോവര്‍-സര്‍കീട്ടില്‍ വീണതിനെ തുടര്‍ന്ന് ഓഗസ്റ്റ് 31ലേക്ക് നീട്ടിയത്.


Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it