അദാനിക്കുതിപ്പ് വീണ്ടും; സെന്‍സെക്‌സിന് ആലസ്യം

ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ കാര്യമായ നേട്ടമോ കോട്ടമോ ഇല്ലാതെ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് 29.07 പോയിന്റ് (0.04%) നഷ്ടത്തോടെ 66,355.71ലും നിഫ്റ്റി 8.25 പോയിന്റ് (0.04%) നേട്ടവുമായി 19,680.60ലുമാണുള്ളത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം


അതേസമയം, ഇന്ന് താരമായത് അദാനി ഗ്രൂപ്പ് ഓഹരികളും ജ്യോതി ലാബ്‌സുമാണ്. പ്രമുഖ മലയാളി സംരംഭകനായ എം.പി. രാമചന്ദ്രന്‍ സ്ഥാപിച്ച ജ്യോതി ലാബ്‌സിന്റെ ഓഹരി ഇന്ന് 20 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ തട്ടി. 52-ആഴ്ചത്തെ ഉയരവും കടന്ന് 290.70 രൂപയാണ് ഓഹരി വില.

അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ഓഹരികളും ഇന്ന് നേട്ടത്തിലാണ്. മാത്രമല്ല അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി 10 ശതമാനം, അദാനി പവര്‍ 9.96 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 8.13 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനം, അദാനി വില്‍മാര്‍ 4.94 ശതമാനം, എന്‍.ഡി.ടിവി 5 ശതമാനം, എ.സി.സി 4.68 ശതമാനം, അംബുജ സിമന്റ് 4.44 ശതമാനം എന്നിങ്ങനെയാണ് കുതിച്ചത്.
അദാനി കാപ്പിറ്റലിന്റെ 90 ശതമാനം ഓഹരികളും കമ്പനിയില്‍ അദാനി കുടുംബത്തിനുള്ള മുഴുവന്‍ സ്വകാര്യ നിക്ഷേപവും അമേരിക്കന്‍ കമ്പനിയായ ബെയിന്‍ കാപ്പിറ്റല്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ് ഓഹരികള്‍ക്ക് കുതിപ്പായത്.
ഓഹരികള്‍ക്ക് ഒരു വ്യാപാരദിനത്തില്‍ മുന്നേറാന്‍ നിശ്ചയിക്കുന്ന പരമാവധി പരിധിയാണ് അപ്പര്‍ സര്‍ക്യൂട്ട്.
നേട്ടത്തിലേറിയവരും നിരാശപ്പെടുത്തിയവരും
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഈ മാസത്തെ ധനനയം നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കാനിരിക്കേയാണ് ആഗോള ഓഹരികളും ഇന്ത്യന്‍ സൂചികകളും ആലസ്യത്തിലായത്. വാഹനം, ധനകാര്യം, ലോഹം, മീഡിയ ഓഹരികള്‍ മുന്നേറിയെങ്കിലും എഫ്.എം.സി.ജി., ഐ.ടി., പി.എസ്.യു ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് തിരിച്ചടിയായി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ജൂണ്‍പാദ ലാഭം 52.5 ശതമാനം വര്‍ദ്ധിച്ച് 1,550 കോടി രൂപയിലെത്തിയെങ്കിലും ഏഷ്യന്‍ പെയിന്റ്‌സ് ഓഹരി ഇന്ന് 4.04 ശതമാനം ഇടിഞ്ഞു. ജൂണ്‍പാദ ലാഭം 26 ശതമാനം വര്‍ദ്ധിച്ച ഐ.ടി.സിയുടെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. ഹോട്ടല്‍ ബിസിനസ് വിഭാഗത്തെ വേര്‍തിരിക്കാനുള്ള നീക്കമാണ് ഇന്നും ഐ.ടി.സി ഓഹരികളെ തളര്‍ത്തിയത്.
എസ്.ബി.ഐ., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോട്ടക് ബാങ്ക്, വിപ്രോ, ആക്‌സിസ് ബാങ്ക് എന്നിവ നേരിട്ട വില്‍പന സമ്മര്‍ദ്ദവുമാണ് ഇന്ന് സെന്‍സെക്‌സിനെ നേട്ടത്തില്‍ നിന്ന് അകറ്റിയത്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ എന്നിവ മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. എന്‍.ടി.പി.സി., അള്‍ട്രാടെക് സിമന്റ്, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റന്‍ എന്നിവ മുന്നേറിയെങ്കിലും സെന്‍സെക്‌സിന് നഷ്ടത്തില്‍ നിന്ന് കരകയറാനായില്ല.
2021-22ലെ ജൂണ്‍പാദത്തില്‍ 5,007 കോടി രൂപയുടെ നഷ്ടം നേരിട്ട ടാറ്റാ മോട്ടോഴ്‌സ് ഇക്കുറി ജൂണ്‍പാദത്തില്‍ 3,203 കോടി രൂപയുടെ ലാഭത്തിലേക്ക് കുതിച്ചുകയറിയിട്ടുണ്ട്. നിരീക്ഷകര്‍ പ്രവചിച്ച 2,400-2,500 കോടി രൂപയെ ബഹുദൂരം പിന്നിലാക്കാന്‍ കഴിഞ്ഞതും ടാറ്റാ ഓഹരികള്‍ക്ക് ഇന്ന് നേട്ടമായി.
അദാനിക്കുതിപ്പ്
നിഫ്റ്റിയില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, മദേഴ്‌സണ്‍ സുമി, ടി.വി.എസ് മോട്ടോര്‍ എന്നിവയാണ്. ജൂണ്‍പാദ ലാഭം 46 ശതമാനം ഉയര്‍ന്നതാണ് ടി.വി.എസിന് നേട്ടമായത്.
നിഫ്റ്റിയില്‍ ഏറ്റവുമധികം നഷ്ടത്തിലായത് ഏഷ്യന്‍ പെയിന്റ്‌സ്, പി.ബി ഫിന്‍ടെക്, എല്‍ ആന്‍ഡ് ടി ഹോള്‍ഡിംഗ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), ഡി.എല്‍.എഫ് എന്നിവയാണ്.
ഇന്ന് ഏറ്റവുമധികം ഇടിവ് നേരിട്ടവർ

ബാങ്ക് നിഫ്റ്റി 0.17 ശതമാനം നഷ്ടത്തിലാണ്. മിഡ്ക്യാപ്പ് ഓഹരികള്‍ 0.39 ശതമാനം മുന്നേറി. എന്നാല്‍, സ്‌മോള്‍ക്യാപ്പ് 0.11 ശതമാനം തളര്‍ന്നു.
സെന്‍സെക്‌സില്‍ 1,731 ഓഹരികള്‍ ഇന്ന് നേട്ടത്തിലും 1,808 ഓഹരികള്‍ നഷ്ടത്തിലുമാണ്. 140 ഓഹരികളുടെ വില മാറിയില്ല. 249 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 39 എണ്ണം താഴ്ചയിലുമായിരുന്നു. 11 കമ്പനികള്‍ അപ്പര്‍സര്‍ക്യൂട്ടിലെത്തി; 6 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ആലസ്യത്തില്‍ കേരള ഓഹരികളും
കേരളം ആസ്ഥാനമായുള്ള മുന്‍നിര ഓഹരികളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കേരള കമ്പനി ബി.പി.എല്‍ ആണ് (5.95 ശതമാനം).
ആസ്പിന്‍വാള്‍ (5.51 ശതമാനം), വെസ്റ്റേണ്‍ ഇന്ത്യ (5 ശതമാനം), ഇന്‍ഡിട്രേഡ് (4.83 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (4.17 ശതമാനം) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ഇന്ന് കേരള കമ്പനികളുടെ നിലവാരം

ധനലക്ഷ്മി ബാങ്ക് 3.93 ശതമാനവുമായി നഷ്ടക്കണക്കില്‍ മുന്നിലെത്തി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.35 ശതമാനം), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (2.82 ശതമാനം), ടി.സി.എം (2.63 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.18 ശതമാനം) എന്നിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
രൂപയ്ക്ക് ക്ഷീണം
രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ഡോളറിനെതിരെ രൂപയും ഇന്ന് നഷ്ടത്തിലായി. 81.81ല്‍ നിന്ന് 81.87ലേക്കാണ് മൂല്യം കുറഞ്ഞത്. വിദേശ നാണയശേഖരത്തിലേക്ക് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it