ഊര്‍ജമായി എച്ച്.ഡി.എഫ്.സി ലയനം; ഓഹരി സൂചികകളില്‍ മുന്നേറ്റം

ആഗോളതലത്തില്‍ നിന്ന് ആഞ്ഞടിച്ച നെഗറ്റീവിന്റെ കാറ്റിനെ ഗൗനിക്കാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് മുന്നേറിയത് വന്‍ നേട്ടത്തിലേക്ക്. സെന്‍സെക്‌സ് 446.03 പോയിന്റ് (0.71 ശതമാനം) കുതിച്ച് 63,416.03ലും നിഫ്റ്റി 126.20 പോയിന്റ് (0.68 ശതമാനം) മുന്നേറി 18,817.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


എച്ച്.ഡി.എഫ്.സി ഇനി ഇല്ല, എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രം

എച്ച്.ഡി.എഫ്.സി 'ഇരട്ടകളുടെ' ഓഹരികളിലുണ്ടായ മുന്നേറ്റമാണ് ഇന്ന് ഇന്ത്യന്‍ ഓഹരികളുടെ കുതിപ്പിന് പ്രധാന കരുത്തായത്. എച്ച്.ഡി.എഫ്.സി ബാങ്ക് 1.38 ശതമാനവും എച്ച്.ഡി.എഫ്.സി 1.59 ശതമാനവും നേട്ടമുണ്ടാക്കി.
എച്ച്.ഡി.എഫ്.സിയുടെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ഡയറക്ടര്‍ ബോര്‍ഡുകളുടെ യോഗം ജൂണ്‍ 30ന് ചേര്‍ന്ന് ഇരു സ്ഥാപനങ്ങളുടെയും ലയനത്തിന് അനുമതി നല്‍കുമെന്ന എച്ച്.ഡി.എഫ്.സി ചെയര്‍മാന്‍ ദീപക് പരേഖിന്റെ പ്രഖ്യാപനമാണ് ഇന്ന് നേട്ടമായത്.
ജൂലായ് ഒന്നിന് ലയനം പ്രാബല്യത്തില്‍ വരുന്നതോടെ എച്ച്.ഡി.എഫ്.സി ഇല്ലാതാകും; ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രമാകും. എച്ച്.ഡി.എഫ്.സിയുടെ ഉപഭോക്താക്കള്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഉപഭോക്താക്കളായി മാറും. ലയനത്തിന് എല്ലാവിധ നിയമാനുമതികളും ലഭിച്ചുവെന്ന് ദീപക് പരേഖ് പറഞ്ഞു.
ലയനശേഷം ലോകത്തെ അഞ്ചാമത്തെ വലിയ ബാങ്കെന്ന പെരുമയാണ് എച്ച്.ഡി.എഫ്.സി ബാങ്കിന് സ്വന്തമാകുക. ജൂലായ് 13നാണ് എച്ച്.ഡി.എഫ്.സിയുടെ ഓഹരികള്‍ ഓഹരി വിപണിയില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടുക.
നേട്ടത്തിലേറിയവര്‍
ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്.എം.സി.ജി ഓഹരികള്‍ നേരിയ നഷ്ടം നേരിട്ടുവെന്നത് ഒഴിച്ചാല്‍ എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് മികച്ച നേട്ടമാണ് കുറിച്ചത്.
നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലധികം മുന്നേറി. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.60 ശതമാനവും മിഡ്ക്യാപ്പ് 0.50 ശതമാനവും ഉയര്‍ന്നു.
ഇന്ന് കൂടുതൽ മുന്നേറിയവർ

എച്ച്.ഡി.എഫ്.സി ഇരട്ടകള്‍ക്ക് പുറമേ എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, ഭാരതി എര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എന്‍.ടി.പി.സി എന്നിവയുടെ കുതിപ്പുമാണ് ഇന്ന് സെന്‍സെക്‌സിനെ മികച്ച ഉയരത്തിലെത്തിച്ചത്.
മാക്‌സ് ഫൈനാന്‍ഷ്യല്‍, ആദിത്യ ബിര്‍ള, എച്ച്.ഡി.എഫ്.സി ലൈഫ്, പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍, എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ച ഓഹരികള്‍.
നഷ്ടത്തിലേക്ക് വീണവര്‍
ഭാരത് ഇലക്ട്രോണിക്‌സ്, ദേവയാനി ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ടവേഴ്‌സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചത്.
ഇന്ന് കൂടുതൽ ഇടിവ് നേരിട്ടവർ

മാരുതി, എച്ച്.യു.എല്‍., ഐ.ടി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയും ഇന്ന് നഷ്ടത്തിലാണ്. സെന്‍സെക്‌സില്‍ ഇന്ന് രണ്ട് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു.
സെന്‍സെക്‌സില്‍ 1,970 ഓഹരികള്‍ നേട്ടത്തിലും 1,530 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 138 ഓഹരികളുടെ വില മാറിയില്ല. 133 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലാണ്; 27 ഓഹരികള്‍ താഴ്ചയിലും.
ബി.എസ്.ഇയുടെ മൂല്യവും രൂപയും
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.46 ലക്ഷം കോടി രൂപ മുന്നേറി 292.13 ലക്ഷം കോടി രൂപയിലെത്തി. രൂപ ഇന്ന് ഡോളറിനെതിരെ 82.04ല്‍ നിന്ന് 82.02ലേക്ക് നേരിയതോതില്‍ നില മെച്ചപ്പെടുത്തി. മറ്റ് ഏഷ്യന്‍ കറന്‍സികളിലുണ്ടായ മികച്ച നേട്ടത്തില്‍ നിന്ന് കരുത്ത് നേടാന്‍ രൂപയ്ക്ക് ഇന്ന് കഴിഞ്ഞില്ല.
ഫാക്ടാണ് താരം
കേരള ഓഹരികളില്‍ ഇന്ന് ഏറെ മുന്നേറിയത് ഫാക്ട് ആണ്. വ്യാപാരാന്ത്യം 10.92 ശതമാനം നേട്ടവുമായി 464.05ലാണ് ഫാക്ട് ഓഹരി വിലയുള്ളത്. ആക്‌സിസ് സെക്യൂരിറ്റീസില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് ലഭിച്ചത് ഫാക്ട് ഓഹരികള്‍ക്ക് ഗുണമായി. പൊതുവേ ഇന്ന് വളം നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു എന്നതും ഫാക്ടിന് ഗുണം ചെയ്തു.
ഇന്ന് കേരള ഓഹരികളുടെ പ്രകടനം

ഹാരിസണ്‍സ് മലയാളം (6.03 ശതമാനം), ഇന്‍ഡിട്രേഡ് (4.70 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (4.49 ശതമാനം), വെര്‍ട്ടെക്‌സ് (4.01 ശതമാനം), വി-ഗാര്‍ഡ് (3.29 ശതമാനം), സ്‌കൂബീഡേ (3 ശതമാനം) എന്നിവയും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
അപ്പോളോ ടയേഴ്‌സ്, എ.വി.ടി., കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, വണ്ടര്‍ല, കെ.എസ്.ഇ., നിറ്റ ജെലാറ്റിന്‍ എന്നിവ ഇന്ന് നഷ്ടം നേരിട്ടവയുടെ ശ്രേണിയിലാണുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it