
രണ്ട് ദിവസത്തെ വിജയ കുതിപ്പിന് വിരാമമിട്ട് വിപണി. നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് വിപണി നഷ്ടത്തിലാകാനുളള കാരണങ്ങളിലൊന്ന്. ആഗോള വിപണികളിലെ ദുർബലമായ സൂചനകളാണ് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നികുതി ഇളവ് ബിൽ യുഎസിന്റെ ധനക്കമ്മി വർദ്ധിപ്പിക്കുമെന്ന ആശങ്കകൾ വ്യാപകമാണ്.
വിദേശ മൂലധന വരവ് കുറഞ്ഞുവരുന്ന പ്രവണതയാണ് ഉളളത്. ഉയര്‍ന്ന മൂല്യനിർണ്ണയങ്ങളും വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിക്ഷേപകരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുന്നു. കാര്യമായ പോസിറ്റീവ് പ്രവണതകളുടെ അഭാവവും, മണ്‍സൂണ്‍ പതിവിനേക്കാള്‍ കൂടുതലാണെന്ന പ്രവചനവും വിപണിയെ ക്ഷീണിപ്പിക്കുന്നു.
മെയ് 30 ന് വരാനിരിക്കുന്ന നാലാം പാദ ജി.ഡി.പി ഫലങ്ങളിലും ജൂൺ 6 ന് നടക്കാനിരിക്കുന്ന ആർബിഐ യുടെ പണനയ അവലോകന യോഗത്തിലുമാണ് ഇപ്പോള്‍ നിക്ഷേപകര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 445 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 444 ലക്ഷം കോടി രൂപയായി കുറഞ്ഞു.
സെൻസെക്സ് 0.76 ശതമാനം (625 പോയിന്റ്) ഇടിഞ്ഞ് 81,551.63 ലും നിഫ്റ്റി 0.70 ശതമാനം (175 പോയിന്റ്) ഇടിഞ്ഞ് 24,826.20 ലും ക്ലോസ് ചെയ്തു.
എന്നിരുന്നാലും, മിഡ്, സ്മോൾ ക്യാപ് വിഭാഗങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു, നേരിയ നേട്ടത്തോടെയാണ് ഈ മേഖലകള്‍ ക്ലോസ് ചെയ്തത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.15 ശതമാനവും 0.10 ശതമാനവും ഉയർന്നു.
നിഫ്റ്റി എഫ്.എം.സി.ജി 0.88 ശതമാനത്തിന്റെയും ഐ.ടി സൂചിക 0.75 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
ബോണ്ടാഡ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഓഹരി ഏകദേശം 6 ശതമാനം നേട്ടം രേഖപ്പെടുത്തി. തെലങ്കാന പവർ ജനറേഷൻ കോർപ്പറേഷനിൽ നിന്ന് 204 കോടി രൂപയുടെ ഓർഡർ കമ്പനിക്ക് ലഭിച്ചതാണ് ഓഹരിയുടെ നേട്ടത്തിന് കാരണമായത്. ഓഹരി 494 രൂപയിലാണ് ക്ലോസ് ചെയ്തത്.
എഫ്എംസിജി കമ്പനികളുടെ ഓഹരികൾ ചൊവ്വാഴ്ച ശക്തമായ നഷ്ടം രേഖപ്പെടുത്തി. ഐടിസി ഓഹരികള്‍ ഏകദേശം 1.85 ശതമാനം ഇടിഞ്ഞ് 434 രൂപയിലാണ് ക്ലോസ് ചെയ്തത്. ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് എന്നീ കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് ഓഹരികളുടെ ഇടിവിനുളള കാരണം.
നൗക്കരി.കോമിന്റെ മാതൃ കമ്പനിയായ ഇൻഫോ എഡ്ജിന്റെ (ഇന്ത്യ) ലാഭം നാലാം പാദത്തിൽ 647 ശതമാനം വർധിച്ച് 740 കോടി രൂപയിലധികമായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വർദ്ധിച്ച് 750 കോടി രൂപയായി. പക്ഷെ ഓഹരി 0.85 ശതമാനം നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ടാറ്റ മോട്ടോഴ്‌സ്, എൻ.ടി.പി.സി തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. പോപ്പുലര്‍ വെഹിക്കിള്‍സ് 3.21 ശതമാനം നേട്ടത്തില്‍ 123 രൂപയിലാണ് ക്ലോസ് ചെയ്തത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (4.74%), കേരള ആയുര്‍വേദ (2.26%), കിറ്റെക്സ് ഗാര്‍മെന്റ്സ് (2.75%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 2.07 ശതമാനം നേട്ടത്തില്‍ 1923 രൂപയിലും ഫാക്ട് ഓഹരി (0.84%) നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഇന്ന് നഷ്ടം നേരിട്ടവരില്‍ പ്രമുഖന്‍ കെ.എസ്.ഇ യാണ്. ഓഹരി 4 ശതമാനം നഷ്ടത്തില്‍ 2349 രൂപയില്‍ ക്ലോസ് ചെയ്തു. സ്കൂബി ഡേ (3.19%), എ.വി.ടി (1.87%), കല്യാണ്‍ ജുവലേഴ്സ് തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു.
Stock market closing analysis 27 may 2025.
Read DhanamOnline in English
Subscribe to Dhanam Magazine