റിലയന്‍സ് ആവേശമായില്ല; ഓഹരി സൂചികകളില്‍ നേരിയ നേട്ടം മാത്രം

നിക്ഷേപക ലോകം കാത്തിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം നിരവധി പുതിയ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായെങ്കിലും ഓഹരി വിപണിക്ക് ആവേശമായില്ല. ഇന്ന് സെന്‍സെക്‌സില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ ഓഹരിയും റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.

രണ്ട് ദിവസത്തെ നഷ്ടയാത്രയ്ക്ക് വിരാമമിട്ടെങ്കിലും നേരിയ നേട്ടത്തില്‍ മാത്രം വ്യാപാരം അവസാനിപ്പിക്കാനാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് കഴിഞ്ഞത്. സെന്‍സെക്‌സ് 110.09 പോയിന്റ് (0.17%) നേട്ടവുമായി 64,996.60ലും നിഫ്റ്റി 40.25 പോയിന്റ് (0.21%) ഉയര്‍ന്ന് 19,306.05ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം

ഇന്നൊരുവേള സെന്‍സെക്‌സ് 65,213 വരെ ഉയരുകയും 64,776 വരെ താഴുകയും ചെയ്തിരുന്നു. ഒരുവേള 19,366 വരെ ഉയരുകയും 19,249 വരെ താഴുകയും ചെയ്തശേഷമാണ് നിഫ്റ്റി 19,306ല്‍ വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സും വിപണിയുടെ ട്രെന്‍ഡും
ഇന്ന് നേട്ടത്തോടെയാണ് ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത്. റിലയന്‍സ് ഇഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗാനന്തരം (എ.ജി.എം/Reliance AGM) നേട്ടം കുറയുകയായിരുന്നു. റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജിയോ എന്നിവയുടെ പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ/IPO) സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന നിക്ഷേപകരുടെ പ്രതീക്ഷ പൊലിഞ്ഞതാണ് മുഖ്യ കാരണമായത്.
1.11 ശതമാനം നഷ്ടവുമായി ഇന്ന് 2,442.55ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായുള്ള 'ലോവര്‍ സര്‍കീട്ട്' ക്ഷീണത്തിന് കഴിഞ്ഞ വെള്ളിയാഴ്ച വിരാമമിട്ട ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിയാകട്ടെ ഇന്ന് 2.05 ശതമാനം നഷ്ടത്തിലാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മുകേഷ് അംബാനിയുടെ പത്‌നി നിത അംബാനി ഒഴിഞ്ഞു. മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി തലമുറ മാറ്റത്തിലേക്കുള്ള സൂചനയും റിലയന്‍സ് നല്‍കിക്കഴിഞ്ഞു.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 1.2 ലക്ഷം കോടി രൂപയുടെ മൂലധന ആസ്തിയുണ്ടെന്ന് വ്യക്തമാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വൈകാതെ ഇന്‍ഷ്വറന്‍സ് രംഗത്തേക്കും ചുടുവയ്ക്കുമെന്ന് പറഞ്ഞതാണ് ഇന്നത്തെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്ന്. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍ കമ്പനി അവതരിപ്പിക്കും.
സെപ്റ്റംബര്‍ 19ന് ഉപയോക്താക്കളിലേക്ക് എത്തുന്ന ജിയോ എയര്‍ഫൈബര്‍, 4ജി സൗകര്യമുള്ള ജിയോ ഭാരത് ഫോണ്‍, ജിയോ ട്രൂ5ജി ഡെവലപ്പര്‍ പ്രോഗ്രാം, എ.ഐ അധിഷ്ഠിത ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഒരുക്കല്‍, 100 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജോത്പാദനം ലക്ഷ്യമിട്ട് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും ഇന്ന് റിലയന്‍സ് എ.ജി.എമ്മിലുണ്ടായി.
നേട്ടത്തിലേറിയവര്‍
എല്‍ ആന്‍ഡ് ടി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നേട്ടത്തില്‍ നിലനിറുത്താന്‍ സഹായിച്ചത്. സണ്‍ ഫാര്‍മ, മാരുതി സുസുക്കി, കോട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയും പിന്തുണച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്.
നിഫ്റ്റിയില്‍ എഫ്.എം.സി.ജി., ഐ.ടി., ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഫാര്‍മ, റിയല്‍റ്റി എന്നിവ 0.90 ശതമാനത്തിന് മുകളിലും ഹെല്‍ത്ത്‌കെയര്‍, പി.എസ്.യു ബാങ്ക്, സ്വകാര്യബാങ്ക്, ഓട്ടോ, ധനകാര്യ സേവനം എന്നിവ 0.55 മുതല്‍ 0.86 ശതമാനം വരെയും നേട്ടമുണ്ടാക്കി.
ഇന്ന് കൂടുതൽ നേട്ടം രേഖപ്പെടുത്തിയവർ

നിഫ്റ്റി ബാങ്ക് (Bank nifty) 0.60 ശതമാനം കുതിച്ച് 44,494.65ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.50 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.74 ശതമാനവും നേട്ടത്തിലേറി.
നിഫ്റ്റി 200ല്‍ ടാറ്റാ ടെലി മഹാരാഷ്ട്ര, പ്രോക്റ്റര് ആന്‍ഡ് ഗാംബിള്‍, പിരാമല്‍ എന്റര്‍പ്രൈസസ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയത്.
തിളങ്ങിയവര്‍
കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ വൊഡാഫോണ്‍-ഐഡിയ ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാംനാളിലും നേട്ടം രേഖപ്പെടുത്തി.
അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്റെ ഇന്ത്യാ വിഭാഗത്തിന് വീട്ടാനുള്ള കടത്തിന്റെ (OCDs) തിരിച്ചടവിന് 18-മാസക്കാലാവധി ലഭിച്ചെന്ന് വൊഡാഫോണ്‍-ഐഡിയ വ്യക്തമാക്കിയതും ഓഹരികള്‍ക്ക് കരുത്തായി.
സുസ്‌ലോണ്‍ എനര്‍ജി ഓഹരികള്‍ ഇന്ന് 5 ശതമാനം കുതിച്ച് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 201.6 മെഗാവാട്ടിന്റെ പുതിയ വിന്‍ഡ് എനര്‍ജി പ്രോജക്റ്റ് കരാര്‍ ലഭിച്ചതാണ് കമ്പനിക്ക് നേട്ടമായത്. ബ്ലോക്ക് ഡീലിന്റെ കരുത്തില്‍ സൊമാറ്റോ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ ഐ.ടി സൂചിക 0.46 ശതമാനം നഷ്ടം നേരിട്ടു. എഫ്.എം.സി.ജി 0.23 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.12 ശതമാനവും താഴ്ന്നു.
പൂനാവാല ഫിന്‍കോര്‍പ്പ്, എംഫസിസ്, ഓയില്‍ ഇന്ത്യ, വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം), ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

സെന്‍സെക്‌സില്‍ ഇന്ന് 2,206 ഓഹരികള്‍ നേട്ടത്തിലും 1,722 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 228 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി; 37 കമ്പനികള്‍ താഴ്ചയിലും. ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം 1.1 ലക്ഷം കോടി രൂപയോളം വര്‍ദ്ധിച്ച് 307.92 ലക്ഷം കോടി രൂപയായി.

കേരള ഓഹരികള്‍ സമ്മിശ്രം
കേരള ഓഹരികള്‍ ഇന്ന് പൊതുവേ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. പ്രൈമ ഇന്‍ഡസ്ട്രീസ്, ബി.പി.എല്‍., കല്യാണ്‍ ജുവലേഴ്‌സ്, ജിയോജിത്, സഫ സിസ്റ്റംസ്, വെര്‍ട്ടെക്‌സ്, മണപ്പുറം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, ആസ്റ്റര്‍ ഡി.എം., മുത്തൂറ്റ് ഫിനാന്‍സ് എന്നിവ 2-4.9 ശതമാനം നേട്ടമുണ്ടാക്കി.
കേരള ഓഹരികളുടെ പ്രകടനം

ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, യൂണിറോയല്‍, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ടി.സി.എം എന്നിവ 1.6-4.2 ശതമാനം നഷ്ടത്തിലാണ്.

ആഗോള ചലനങ്ങള്‍
സാമ്പത്തിക ഞെരുക്കം അകറ്റാനും വിപണിക്ക് ഉണര്‍വേകാനുമുള്ള നടപടികളെടുക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്, ആഗോള ഓഹരികള്‍ക്കൊരു ആശ്വാസ വാര്‍ത്തയാണ്.
അതേസമയം അമേരിക്കന്‍, യൂറോപ്യന്‍ സാമ്പത്തിക വളര്‍ച്ചാക്കണക്കുകള്‍ ഉടന്‍ അറിയാമെന്ന ആശങ്കയുമുണ്ട്. യൂറോപ്യന്‍ ഓഹരി വിപണികളില്‍ ജാഗ്രതയോടെയാണ് വ്യാപാരം നടക്കുന്നത്.
രൂപയ്ക്ക് നേരിയ നേട്ടം
രൂപ ഇന്ന് ഡോളറിനെതിരെ നേരിയ നേട്ടത്തിലാണ്. 82.64ല്‍ നിന്ന് 82.63 ആയാണ് ഇന്ന് മൂല്യം മെച്ചപ്പെട്ടത്.
ഇനി നോട്ടം ജി.ഡി.പിയിലേക്ക്
ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണിലെ ജി.ഡി.പി വളര്‍ച്ചാക്കണക്ക് കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റ് 31ന് പുറത്തുവിടും. ഏവരും ഈ കണക്കുകളിലേക്കാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
2022-23 ജൂണ്‍പാദ വളര്‍ച്ച 13.1 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനവും. 7.8 മുതല്‍ 8.3 ശതമാനം വരെ വളര്‍ച്ചയാണ് ഇക്കുറി ജൂണ്‍പാദത്തില്‍ നിരീക്ഷകരും സാമ്പത്തിക വിദഗ്ദ്ധരും വിവിധ ഏജന്‍സികളും പ്രവചിക്കുന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it