

തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ നിന്ന് കരകയറാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും കമ്പനികളുടെ മോശം പാദഫല കണക്കുകളും ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളിലെ അനിശ്ചിതത്വവുമൊക്കെയാണ് വിപണിയെ തളര്‍ത്തുന്നത്.
സെന്‍സെക്‌സ് 572 പോയിന്റ് താഴ്ന്ന് 80,891.02 ലും നിഫ്റ്റി 156 പോയിന്റ് താഴ്ന്ന് 24,680.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.73 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.31 ശതമാനവും ഇടിഞ്ഞു. നിഫ്റ്റിയില്‍ ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, എഫ്.എം.സി.ജി എന്നിവ ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടം നേരിട്ടു. റിയല്‍ എസ്റ്റേറ്റ് സൂചിക നാല് ശതമാനവും മീഡിയ മൂന്ന് ശതമാനവും ക്യാപ്പിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, പി.എസ്.യു ബാങ്ക് എന്നിവ ഒരു ശതമാനവും ഇടിഞ്ഞു.
നിക്ഷേപകര്‍ക്ക് ഇന്ന് ഒറ്റ ദിവസം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 451.7 ലക്ഷം കോടിയില്‍ നിന്ന് 448 ലക്ഷം കോടിയായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകള്‍ക്കിടെ സെന്‍സെക്‌സിന്റെ വീഴ്ച 2.2 ശതമാനവും നിഫ്റ്റിയുടേത് 2.1 ശതമാനവുമാണ്. മൂന്നു ദിവസം കൊണ്ട് നിക്ഷേപകര്‍ക്കുണ്ടായത് 12 ലക്ഷം കോടി രൂപയുടെ നഷ്ടവും.
ഇന്ത്യ-യു.എസ് വ്യാപാരകരാര്‍ യാഥാര്‍ത്ഥമാകുന്നതിലെ കാലതാമസവും ദുര്‍ബലമായ പാദഫലക്കണക്കുകളും വിദേശികളുടെ വില്‍പ്പനയുമെല്ലാം കളം നിറയുമ്പോള്‍ വിപണിക്ക് പോസിറ്റീവ് നീക്കം നല്‍കുന്ന കാര്യങ്ങളൊന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിക്കുന്നില്ല.
വരും ദിവസങ്ങളില്‍ അമേരിക്കയുടേയും ജപ്പാന്റെയും കേന്ദ്ര ബാങ്കുകളുടെ പണനയ തീരുമാനങ്ങള്‍ വരും. ഇതാകും ഇനി സമീപ ഭാവിയിലെ വിപണിയ്ക്ക് ദിശ പകരുക എന്നാണ് വിലയിരുത്തലുകള്‍.
ടി.സി.എസ് ഈ വര്‍ഷം 12,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഐ.ടി ഓഹരികള്‍ കൂട്ടത്തോടെ ഇടിവിലായി. കമ്പനികളുടെ ഡിമാന്‍ഡില്‍ കുറവുണ്ടായേക്കുമെന്ന ആശങ്കയ്ക്ക് ഇത് വഴിവെച്ചതാണ് കാരണം. ഇതിനൊപ്പം മോശം പ്രവര്‍ത്തനഫലക്കണക്കുകളും ഓഹരി ഇടിവിന് കാരണമായി.
ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും മോശം പ്രകടനം കാഴ്ചവച്ചത് കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയെ എട്ട് ശതമാനം ഇടിവിലാക്കി. കമ്പനിയുടെ വിപണി മൂല്യത്തില്‍ 30,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ബജാജ് ഫിനാന്‍സ് വെള്ളിയാഴ്ചത്തെ നഷ്ടക്കഥ ഇന്നും തുടര്‍ന്നു. നാല് ശതമാനത്തോളം ആണ് ഇന്നത്തെ ഇടിവ്. പാദഫല പ്രഖ്യാപനം നടക്കാനിരിക്കെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.
എസ്.ബി.ഐ കാര്‍ഡ് ഓഹരികളും ഇന്ന് ആറ് ശതമാനം ഇടിവിലായി.
ഭെല്‍ ഇലക്ട്രോണിക്‌സ് ഓഹരി വലിയ താഴ്ചയില്‍ നിന്ന് കരകയറിയെങ്കിലും വ്യാപാരാന്ത്യത്തില്‍ ഒരു ശതമാനം നഷ്ടത്തിലാണ്.
ശ്രീറാം ഫിനാന്‍സ് മികച്ച റിസള്‍ട്ട് കാഴ്ചവച്ചത് ഓഹിരളെ മുന്നേറ്റത്തിലാക്കി. സിപ്ലയും 2025 സാമ്പത്തിക വര്‍ഷത്തെ മികച്ച നേട്ടത്തില്‍ മൂന്ന് ശതമാനം ഉയര്‍ന്നു. വരുമാനത്തില്‍ 36 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.
വിപണിയുടെ പൊതുവികാരത്തിനൊപ്പമായിരുന്നു കേരള ഓഹരികളുടെയും ഇന്നത്തെ പോക്ക്. വിരലിലെണ്ണാവുന്ന ഓഹരികള്‍ മാത്രം പച്ചവെളിച്ചം കാണിച്ചു. സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് ആറ് ശതമാനത്തിലധികം ഉയര്‍ച്ചയുമായി നേട്ടപട്ടികയില്‍ ഒന്നാമതെത്തി. കിംഗ്‌സ് ഇന്‍ഫ്രാവെഞ്ച്വേഴ്‌സ് ഓഹരികളും 3.98 ശതമാനം നേട്ടം കാഴ്ചവച്ചു.
അതേസമയം കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലാണ്. ആഡ്‌ടെക് സിസ്റ്റംസ്, എ.വി.റ്റി നാച്വറല്‍ എന്നിവ അഞ്ച് ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി. കൊച്ചിന്‍ഷിപ്പ്യാര്‍ഡ്, ഫാക്ട്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, ടി.സി.എം, വി-ഗാര്‍ഡ് തുടങ്ങിയ മൂന്ന് ശതമാനത്തിനു മുകളിലും നഷ്ടം രേഖപ്പെടുത്തി.
Indian stock market declines for third consecutive day due to foreign selling and weak earnings, with Scoobee Garments shining amid Kerala stocks.
Read DhanamOnline in English
Subscribe to Dhanam Magazine