ആഗോള, ആഭ്യന്തര തലങ്ങളില്‍ നിന്നുള്ള അനുകൂല ട്രെന്‍ഡിന്റെ കരുത്തില്‍ പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് എക്കാലത്തെയും ഉയരത്തിലെത്തി. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 64,000 പോയിന്റ് എന്ന നാഴികക്കല്ല് കടന്നു; നിഫ്റ്റി ആദ്യമായി 19,000വും.
വിവിധ ഓഹരി സൂചികകളുടെ ഇന്നത്തെ പ്രകടനം
19,011.25 വരെയാണ് നിഫ്റ്റി മുന്നേറിയത്. സെന്‍സെക്‌സ് 64,050.44 വരെയും. ഇക്കഴിഞ്ഞ ജൂണ്‍ 21ന് കുറിച്ച 63,523 പോയിന്റിന്റെ റെക്കോഡാണ് സെന്‍സെക്‌സ് പഴങ്കഥയാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിലെ 18,888 പോയിന്റാണ് ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നിഫ്റ്റി മറികടന്നത്. ഇന്ന് വ്യാപാരാന്ത്യം 499.39 പോയിന്റ് (0.79) നേട്ടവുമായി 63,915.42ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 154.70 പോയിന്റ് (0.82 ശതമാനം) ഉയര്‍ന്ന് 18,972ലും. വലിയ പെരുന്നാള്‍ (ബക്രീദ്) പ്രമാണിച്ച് ഓഹരി വിപണിക്ക് നാളെ അവധിയാണ്.
വിപണിമൂല്യം: മുന്നേറ്റത്തില്‍ ഒന്നാമത് ഇന്ത്യ
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.84 ലക്ഷം കോടി രൂപ ഉയര്‍ന്ന് 294.14 ലക്ഷം കോടി രൂപയായി (ഏകദേശം 3.5 ലക്ഷം കോടി ഡോളര്‍). വിപണിമൂല്യത്തില്‍ ലോകത്ത് അഞ്ചാംസ്ഥാനമാണ് ഇന്ത്യയ്ക്ക്.
അമേരിക്ക (45.90 ലക്ഷം കോടി ഡോളര്‍), ചൈന (10.02 ലക്ഷം കോടി ഡോളര്‍), ജപ്പാന്‍ (5.83 ലക്ഷം കോടി ഡോളര്‍), ഹോങ്കോംഗ് (5.13 ലക്ഷം കോടി ഡോളര്‍) എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നില്‍ യഥാക്രമമുള്ളത്.
എന്നാല്‍, വളര്‍ച്ചാനിരക്കില്‍ ഇവയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഈവര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തിലെ ഇതുവരെയുള്ള കണക്കുപ്രകാരം ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ച 13.77 ശതമാനമാണ്. 9.50 ശതമാനം വളര്‍ന്ന സൗദി അറേബ്യയാണ് രണ്ടാമത്. മൂന്നാമതുള്ള അമേരിക്കയുടെ വളര്‍ച്ച 6.38 ശതമാനം.
ജപ്പാന്‍ 3.11 ശതമാനവുമായി നാലാമതും യു.കെ 0.14 ശതമാനവുമായി അഞ്ചാമതുമാണ്. ചൈനീസ് വിപണി കുറിച്ചത് 8.46 ശതമാനം ഇടിവാണ്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോംഗ് എന്നിവയും ഒന്നുമുതല്‍ 5.19 ശതമാനം വരെ നഷ്ടത്തിലാണുള്ളത്.
നേട്ടത്തിന് പിന്നില്‍
ഇന്നലെ മണ്‍സൂണ്‍ മഴ ശരാശരിയിലും കൂടുതലാണെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരികള്‍ക്ക് ആവേശം പകര്‍ന്ന ഒരു മുഖ്യഘടകം. ശരാശരി നിരക്കായ 7.5 മില്ലീമീറ്ററിനേക്കാൾ 50 ശതമാനത്തോളം അധികമായി 11.5 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്. ഈമാസം ഇത് ആദ്യമായാണ് മണ്‍സൂണ്‍ വര്‍ഷം ശരാശരിക്കും മുകളിലെത്തുന്നത്.
മണ്‍സൂണ്‍ മെച്ചപ്പെടുന്നത്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ കാര്‍ഷിക മേഖലയ്ക്ക് നേട്ടമാകും. ഇതാണ്, ഇന്ന് ഓഹരി നിക്ഷേപകരെ ഊര്‍ജ്ജസ്വലരാക്കിയത്.
വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും നേട്ടമാണ്. 2021-22ല്‍ 1.4 ലക്ഷം കോടി രൂപയും 2022-23ല്‍ 37,632 കോടി രൂപയും ഇന്ത്യയില്‍ നിന്ന് തിരിച്ചെടുത്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPI) നടപ്പുവര്‍ഷം (2023-24) ഇതിനകം 85,983 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞു.
കുതിച്ചവരും കിതച്ചവരും
ഒരു ശതമാനത്തിലധികം ഉയര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികളുടെ പ്രകടനമാണ് ഇന്ന് സൂചികകളുടെ റെക്കോഡ് നേട്ടത്തിന് വഴിയൊരുക്കിയത്. അദാനി ഓഹരികളുടെ നേട്ടവും തുണച്ചു.
അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, അദാനി പോര്‍ട്‌സ്, പോളിക്യാബ് ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ
നിഫ്റ്റിയില്‍ മീഡിയ ഒഴികെയുള്ള സൂചികകളെല്ലാം നേട്ടത്തിലാണ്. ലോഹം, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മീഡിയയുടെ നഷ്ടം 0.67 ശതമാനം. നിഫ്റ്റി മിഡ്ക്യാപ്പ് 0.63 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.35 ശതമാനവും ഉയര്‍ന്നു.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ
പി.ബി ഫിന്‍ടെക്, ഗുജറാത്ത് ഫ്‌ളൂറോ കെമിക്കല്‍സ്, സൊമാറ്റോ, ടോറന്റ് പവര്‍, മാരീകോ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
അദാനിയുടെ മുന്നേറ്റം
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളിന്മേലുള്ള അമേരിക്കന്‍ അന്വേഷണം വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കകള്‍ കാറ്റില്‍പ്പറത്തി അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് മുന്നേറി. ഓഹരി സൂചികകളുടെ റെക്കോഡ് കുതിപ്പിന് ഇതും വലിയ ആവേശമായി.
അദാനി ഗ്രീന്‍ എനര്‍ജിയും എന്‍.ഡി.ടിവിയും ഒഴികെയുള്ള ഗ്രൂപ്പ് ഓഹരികളെല്ലാം മികച്ച നേട്ടത്തിലാണ്. ബള്‍ക്ക് ഡീല്‍ വഴിയുള്ള വിറ്റൊഴിയലാണ് അദാനി ഗ്രീന്‍ എനര്‍ജിയെ നഷ്ടത്തിലാക്കിയത്.
ആഗോള ഓഹരികളിലും നേട്ടം
അമേരിക്കന്‍, യൂറോപ്യന്‍ ഓഹരികളിലുണ്ടായ നേട്ടവും ഇന്ന് ഇന്ത്യന്‍ ഓഹരികളെ സ്വാധീനിച്ചു. അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നെന്ന വാര്‍ത്തകളും ചൈന വളര്‍ച്ച മെച്ചപ്പെടുത്താന്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരം നടത്തിയേക്കുമെന്ന സൂചനകളുമാണ് ആഗോള ഓഹരികള്‍ക്ക് നേട്ടമായത്.
കിറ്റെക്‌സിന്റെ കുതിപ്പ്
ഇന്ന് ബി.എസ്.ഇയില്‍ ഏറ്റവുമധികം മുന്നേറിയ ഓഹരികളിലൊന്നാണ് കേരളം ആസ്ഥാനമായുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. 9.07 ശതമാനം നേട്ടത്തോടെ 183.9 രൂപയിലാണ് കമ്പനിയുടെ ഓഹരിവിലയുള്ളത്. വിപണിമൂല്യം ഇന്ന് ഒരുവേള 1,222 കോടി രൂപ കടന്നിരുന്നു.
തെലങ്കാനയില്‍ കിറ്റെക്‌സ് ഒരുക്കുന്ന മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്ക് ഉടന്‍ തുറക്കുമെന്ന വാര്‍ത്തകള്‍ ഇന്ന് പുറത്തുവന്നിരുന്നു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
കേരളത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് പിന്‍വലിച്ചശേഷം കിറ്റെക്‌സ് തെലങ്കാനയിലേക്ക് മാറ്റിയത്.
കല്യാണ്‍ ജുവലേഴ്‌സ് 4.45 ശതമാനവും അപ്പോളോ ടയേഴ്‌സ് 2.24 ശതമാനവും സ്‌കൂബീഡേ 2.32 ശതമാനവും ഇന്ന് നേട്ടമുണ്ടാക്കി. വി-ഗാര്‍ഡ് 4.91 ശതമാനം നഷ്ടം നേരിട്ടു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 3.04 ശതമാനവും വെര്‍ട്ടെക്‌സ് 4.91 ശതമാനവും നഷ്ടം രേഖപ്പെടുത്തി.