സൂചികകളില്‍ നേരിയ ഇടിവ്, 18 കേരള ഓഹരികളും നഷ്ടത്തില്‍

നേട്ടത്തോടെ തുടങ്ങിയ വ്യാപാരത്തിന് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വിരാമമിട്ടത് നേരിയ നഷ്ടത്തോടെ. ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച ബാങ്കിംഗ് പ്രതിസന്ധി അയയുന്നുവെന്ന സൂചനകളാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടമായത്. എന്നാല്‍, പിന്നീട് ഓഹരികളില്‍ ലാഭമെടുപ്പ് തകൃതിയായതോടെ സൂചികകള്‍ നഷ്ടത്തിലേക്ക് വീണു.

ഇന്ന് നഷ്ടത്തിലേക്ക് വീണ പ്രധാന ഓഹരികൾ


സെന്‍സെക്‌സ് 40.14 പോയിന്റ് കുറഞ്ഞ് 57,613.72ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 16,951.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ 1,042 ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ 2,502 ഓഹരികള്‍ നഷ്ടം നേരിട്ടു. 100 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല. ഇന്ന് 717 കമ്പനികളുടെ ഓഹരികളാണ് 52 ആഴ്ചത്തെ (അവയുടെ ഒരുവര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന മൂല്യം) താഴ്ചയിലെത്തിയത്. 60 കമ്പനികളുടെ ഓഹരികള്‍ 52 ആഴ്ചത്തെ ഉയരത്തിലുമെത്തി.

സണ്‍ടെക് റിയാല്‍റ്റി, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഡെന്‍ നെറ്റ്‌വര്‍ക്ക്, എ.സി.സി എന്നിവയാണ് 52 ആഴ്ചത്തെ താഴ്ചയിലെത്തിയ പ്രമുഖ ഓഹരികള്‍. 11 കമ്പനികളുടെ ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടിലെത്തി (ഉയര്‍ച്ചയുടെ നിയന്ത്രണപരിധി. ഇതിനുമേല്‍ ഒരു വ്യാപാര സെഷനില്‍ ഉയരാന്‍ അനുവദിക്കാതെ വ്യാപാരം താത്കാലികമായി നിര്‍ത്തും). രണ്ട് കമ്പനികളുടെ ഓഹരിവില ലോവര്‍ സര്‍ക്യൂട്ടിലുമെത്തി.

കൂടുതൽ നേട്ടം കുറിച്ച മുൻനിര ഓഹരികൾ

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യു.പി.എല്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
മെറ്റല്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി. ഐറ്റി, ഓട്ടോ, പവര്‍, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 0.8-1 ശതമാനം ഇടിഞ്ഞു. ബി.എസ്.ഇ മിഡ്കാപ് സൂചിക 0.4 ശതമാനവും സ്മോള്‍കാപ് സൂചിക 0.8 ശതമാനവുമാണ് ഇടിഞ്ഞത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം

18 കേരളം ഓഹരികളും നഷ്ടത്തിൽ
കേരളം ആസ്ഥാനമായ 11 കമ്പനികളുടെ ഓഹരിവില ഇന്ന് ഉയര്‍ന്നപ്പോള്‍ 18 കമ്പനികളുടെ ഓഹരിവില താഴ്ന്നു. സ്‌കൂബീഡേ (4.71 ശതമാനം), സിഎസ്ബി ബാങ്ക് (4.32 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.49 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.26 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.16 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.59 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (0.89 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.82 ശതമാനം), കെ.എസ്.ഇ (0.45 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.കല്യാണ്‍ ജൂവലേഴ്സ്, പാറ്റ്സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, നിറ്റ ജലാറ്റിന്‍, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ്, കിറ്റെക്സ് തുടങ്ങിയവ നഷ്ടം നേരിട്ടു.

കേരള കമ്പനികളുടെ ഇന്നത്തെ ഓഹരി നിലവാരം


കല്യാണില്‍ ബ്ലോക്ക് വില്‍പന!
തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരിവില ഇന്ന് 9.77 ശതമാനം കുറഞ്ഞ് 107.15 രൂപയിലെത്തി. കല്യാണ്‍ ഓഹരികള്‍ വന്‍തോതില്‍ (ബ്ലോക്ക് ഡീല്‍) കുറഞ്ഞവിലയില്‍ വിറ്റഴിഞ്ഞതാണ് കാരണം. കല്യാണ്‍ ജുവലേഴ്‌സില്‍ 26.36 ശതമാനം ഓഹരി പങ്കാളിത്തമുള്ള നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന്റെ ഉപസ്ഥാപനമായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സാണ് പ്രധാനമായും ഇന്ന് ഓഹരികള്‍ വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി 2.5 ശതമാനം ഓഹരികള്‍ ഇന്ന് വിറ്റൊഴിഞ്ഞെന്നാണ് സൂചന.
എന്‍.എസ്.ഇയില്‍ കല്യാണിന്റെ 3.3 ശതമാനവും (3.38 കോടി) ബി.എസ്.ഇയില്‍ 0.56 ശതമാനവും (58 ലക്ഷം) ഓഹരികള്‍ വിറ്റഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. 288 കോടി രൂപ മതിക്കുന്ന ബ്ലോക്ക് ഡീല്‍ നടന്നുവെന്നാണ് സൂചനകള്‍. ഇതിന് 60-ദിവസത്തെ ലോക്ക്-ഇന്‍ കാലാവധിയും (60 ദിവസത്തിന് ശേഷമേ ഇനി വില്‍ക്കാനാകൂ) ഉണ്ടെന്നറിയുന്നു.
2021 മാര്‍ച്ച് 21നാണ് കല്യാണ്‍ പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തിയത്. 87 രൂപയായിരുന്നു ഇഷ്യൂ വില. കഴിഞ്ഞ ഡിസംബര്‍ 29ന് വില എക്കാലത്തെയും ഉയരമായ 134.20 രൂപയിലെത്തിയിരുന്നു. പിന്നീട് വില 16 ശതമാനം താഴേക്കിറങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ജുവലറി ഗ്രൂപ്പുകളിലൊന്നാണ് കല്യാണ്‍ ജുവലേഴ്‌സ്. രാജ്യത്ത് 135ലധികം ഷോറൂമുകള്‍ കമ്പനിക്കുണ്ട്.
Related Articles
Next Story
Videos
Share it