Begin typing your search above and press return to search.
വിപണിയില്‍ സമ്മര്‍ദ്ദപ്പെരുമഴ; രണ്ടരലക്ഷം കോടി ഒലിച്ചുപോയി, വീഴ്ചയ്ക്ക് ആക്കംകൂട്ടി റിലയന്‍സും ബാങ്കുകളും
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതും ഫലം പുറത്തുവരാന്‍ ഇനി ഒരാഴ്ചപോലും ശേഷിക്കുന്നില്ല എന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിക്കുന്നത് കടുത്ത സമ്മര്‍ദ്ദം. ഇന്ത്യന്‍ ഓഹരി വിപണിയിലെ സമ്മര്‍ദ്ദത്തിന്റെ അളവുകോലായ ഇന്ത്യ വിക്‌സ് സൂചിക (India VIX) കഴിഞ്ഞ ഒരുമാസത്തിനിടെ 122 ശതമാനം ഉയര്‍ന്നുകഴിഞ്ഞു.
നിലവില്‍ ഇന്ത്യ വിക്‌സ് സൂചികയുള്ളത് ഇന്നലത്തേതിനേക്കാള്‍ 5.2 ശതമാനം വര്‍ധനയുമായി 24.41ലാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിന് മുമ്പായി സൂചിക 30 കടന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. അതായത്, ഇന്ത്യന്‍ ഓഹരി വിപണികള്‍ വരുംദിവസങ്ങളിലും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടേക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു.
അമേരിക്കയുടെ പണപ്പെരുപ്പം, ഇന്ത്യയുടെ കഴിഞ്ഞപാദത്തിലെയും വര്‍ഷത്തെയും ജി.ഡി.പി വളര്‍ച്ചാക്കണക്ക് എന്നിവ ഈയാഴ്ച പുറത്തുവരുമെന്നതും വിപണിക്ക് സമ്മര്‍ദ്ദമാവുകയാണ്.
കലമുടയ്ക്കുന്ന വിപണി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിക്കുന്നതെങ്കിലും വൈകിട്ടോടെ വിപണി കലമുടയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ സെന്‍സെക്‌സ് 76,000 പോയിന്റ് ചരിത്രത്തിലാദ്യമായി ഭേദിച്ചെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലായിരുന്നു.
ഇന്ന് 75,585 പോയിന്റില്‍ നേട്ടത്തോടെ തുടങ്ങിയ സെന്‍സെക്‌സ് 220.05 പോയിന്റിടിഞ്ഞ് (-0.29%) 75,150.45ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുള്ളത് 44.30 പോയിന്റ് (-0.19%) താഴ്ന്ന് 22,888.15ല്‍.
രണ്ടരലക്ഷം കോടി നഷ്ടം
നിക്ഷേപകര്‍ക്ക് ഇന്ന് ഒറ്റയടിക്ക് നഷ്ടമായത് 2.53 ലക്ഷം കോടി രൂപയാണ്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 419.95 ലക്ഷം കോടി രൂപയില്‍ നിന്ന് 416.92 ലക്ഷം കോടി രൂപയായി താഴ്ന്നു.
ബി.എസ്.ഇയില്‍ 3,933 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,236 ഓഹരികളേ നേട്ടം കുറിച്ചുള്ളൂ. 2,594 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
103 ഓഹരികളുടെ വില മാറിയില്ല. 175 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 37 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍ക്യൂട്ട് ഇന്ന് ശൂന്യമായിരുന്നു.
നിഫ്റ്റിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ 22 ഓഹരികള്‍ നേട്ടത്തിലും 28 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മികച്ച മാര്‍ച്ചുപാദ ഫലവും ലക്ഷ്യവില കൂട്ടിയ ബ്രോക്കറേജുകളുടെ നടപടിയും കരുത്താക്കി ഡിവീസ് ലാബ് ഇന്നും തിളങ്ങി.
3.05 ശതമാനം ഉയര്‍ന്ന് ഡിവീസ് ലാബ് നിഫ്റ്റി50ല്‍ ഇന്ന് നേട്ടത്തില്‍ ഒന്നാമതെത്തി. ഇന്‍ഷ്വറന്‍സ് ഓഹരികള്‍ ഇന്ന് പൊതുവേ നേട്ടത്തിലായിരുന്നു. എസ്.ബി.ഐ ലൈഫ് 2.96 ശതമാനവും എച്ച്.ഡി.എഫ്.സി ലൈഫ് 2.44 ശതമാനവും ഉയര്‍ന്ന് നിഫ്റ്റി50ല്‍ ഡിവീസ് ലാബിന് തൊട്ടടുത്തുണ്ട്.
2.17 ശതമാനം താഴ്ന്ന് അദാനി പോര്‍ട്‌സാണ് നിഫ്റ്റി50ലെ നഷ്ടത്തില്‍ ഒന്നാമത്. അദാനി എന്റര്‍പ്രൈസസ് 16,600 കോടി രൂപയും അദാനി എനര്‍ജി സൊല്യൂഷന്‍സ് 12,500 കോടി രൂപയും സമാഹരിക്കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും ഇന്ന് എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി പവറാണ് 4.02 ശതമാനം താഴ്ന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
തിളക്കമില്ലാത്ത വിശാല വിപണി
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി റിയല്‍റ്റി സൂചിക 2.16 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തി. ഇന്നലെ മികച്ച പ്രകടനം നടത്തിയ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക ഇന്ന് പൊതുമേഖലാ ബാങ്കോഹരികളിലുണ്ടായ ലാഭമെടുപ്പ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1.28 ശതമാനം ഇടിഞ്ഞു.
ക്രൂഡോയില്‍ വിലവര്‍ധന ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെ 1.02 ശതമാനം താഴ്ത്തി. ഡബ്ല്യു.ടി.ഐ ക്രൂഡ് 79 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് 83.3 ഡോളറിലേക്കും കയറിയിട്ടുണ്ട്. നേട്ടത്തില്‍ മുന്നില്‍ ഇന്ന് 0.54 ശതമാനം ഉയര്‍ന്ന നിഫ്റ്റി ഫാര്‍മയാണ്.
ബാങ്ക് നിഫ്റ്റി 0.28 ശതമാനം, നിഫ്റ്റി മിഡ്ക്യാപ്പ് 0.89 ശതമാനം, സ്‌മോള്‍ക്യാപ്പ് 0.85 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു. സ്‌മോള്‍, മിഡ്ക്യാപ്പ് ഓഹരികളില്‍ തുടക്കംമുതലേ ഇന്ന് വിറ്റൊഴില്‍ ട്രെന്‍ഡായിരുന്നു.
കുതിച്ചവരും കിതച്ചവരും
ഐനോക്‌സ് വിന്‍ഡ് ഓഹരി ഇന്ന് 10 ശതമാനം ഇടിഞ്ഞ് ലോവര്‍-സര്‍ക്യൂട്ടിലെത്തി. പ്രൊമോട്ടര്‍മാരായ ഐനോക്‌സ് വിന്‍ഡ് എനര്‍ജി കുറഞ്ഞവിലയ്ക്ക് 5 ശതമാനം ഓഹരി ബ്ലോക്ക് ഡീലിലൂടെ വിറ്റത് തിരിച്ചടിയായി.
മാര്‍ച്ചുപാദ ലാഭം 29 ശതമാനം ലാഭവളര്‍ച്ചയുമായി ഗംഭീരമാക്കിയ ഡോംസ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി ഇന്ന് 2.6 ശതമാനം ഉയര്‍ന്നു.
സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഐ.ടി.സി., പവര്‍ഗ്രിഡ്. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ വില്‍പനസമ്മര്‍ദ്ദത്തില്‍പ്പെട്ടത് സൂചികയെ നഷ്ടത്തിലേക്ക് തള്ളുകയായിരുന്നു.
ഭാരത് ഡൈനാമിക്‌സ് 10 ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് ഇന്ന് 5.88 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 200ലെ നഷ്ടത്തിലും കമ്പനിയാണ് ഒന്നാമത്. ലാഭമെടുപ്പാണ് വിനയായത്.
പോളിസിബസാര്‍ (പി.ബി. ഫിന്‍ടെക്), ഐ.ഡി.ബി.ഐ ബാങ്ക്, അദാനി പവര്‍, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) എന്നിവ 3.8 മുതല്‍ 4.6 ശതമാനം വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്.
ടെന്‍സെന്റ് ക്ലൗഡ് യൂറോപ്പ് എന്ന കമ്പനി 1.2 ശതമാനം ഓഹരികള്‍ വിറ്റൊഴിഞ്ഞതാണ് പോളിസിബസാറിന് ക്ഷീണമായത്. ഏകദേശം 677 കോടി രൂപയുടെ ഓഹരികളാണ് കമ്പനി ബ്ലോക്ക് ഡീലിലൂടെ വിറ്റതെന്ന് കരുതുന്നു. 2024 മാര്‍ച്ചുപ്രകാരം പോളിസിബസാറില്‍ കമ്പനിക്ക് 6.26 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.
പതഞ്ജലി ഫുഡ്‌സ്, സണ്‍ ടിവി, ഡിവീസ് ലാബ്, എസ്.ബി.ഐ ലൈഫ്, സിന്‍ജീന്‍ ഇന്റര്‍നാഷണല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് 2.9 മുതല്‍ 3.7 ശതമാനം വരെ ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലുള്ളത്. മോശം മാര്‍ച്ചുപാദ ഫലത്തെ തുടര്‍ന്ന് ഇന്നലെ 4 ശതമാനത്തിലധികം ഇടിഞ്ഞശേഷമാണ് ഇന്ന് സണ്‍ ടിവി ഓഹരികളുടെ കരകയറ്റം.
ഉഷാറില്ലാതെ കേരളക്കമ്പനികളും
കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളിലും ഇന്ന് തിളക്കം കണ്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയ കൊച്ചിന്‍ ഷിപ്പ്‌യാഡ് ഓഹരി ഇന്ന് 3.19 ശതമാനം താഴ്ന്നു.
ഫെഡറല്‍ ബാങ്ക്, ജിയോജിത്, കിംഗ്‌സ് ഇന്‍ഫ്ര, കെ.എസ്.ഇ., റബ്ഫില, ടി.സി.എം എന്നിവയാണ് നഷ്ടത്തില്‍ മുന്നിലുള്ളവ.
സഫ സിസ്റ്റംസ് 9.96 ശതമാനം ഉയര്‍ന്നു. സ്‌കൂബിഡേ 5.54 ശതമാനം നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ്, കേരള ആയുര്‍വേദ, യൂണിറോയല്‍ മറീന്‍, ആസ്റ്റര്‍ എന്നിവയും ഭേദപ്പെട്ട നേട്ടം രേഖപ്പെടുത്തി. ആസ്റ്റര്‍ മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടും.
Next Story
Videos