
2025ന്റെ തുടക്കത്തിലെ നിരാശയ്ക്കു ശേഷം വീണ്ടും തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി വിപണി. തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടംകൊയ്ത വിപണി ബജറ്റ് ആകാംക്ഷകളിലേക്ക് കടന്നു. ഇന്ന് സെന്‍സെക്‌സ് 226.85 പോയിന്റ് (0.30 ശതമാനം) ഉയര്‍ന്ന് 76,759.81ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 86.40 ഉയര്‍ന്ന് (0.37) 23,249.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
യു.എസ് ഫെഡ് പലിശനിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചതോടെ വിപണിയെ ഇനി സ്വാധീനിക്കുക ശനിയാഴ്ചത്തെ കേന്ദ്ര ബജറ്റാകും. ബജറ്റിന് മുമ്പേ വിപണി കൂടുതല്‍ സ്ഥിരതയില്‍ മുന്നോട്ടു പോകുന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയ്ക്കും. അതേസമയം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയാണ്.
സൂചികകളെല്ലാം തുടര്‍ച്ചയായ രണ്ടാം ദിവസവും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്. കഴിഞ്ഞ വാരം തിരിച്ചടി നേരിട്ട ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.55 ശതമാനം നേട്ടത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തി. എഫ്.എം.സി.ജി സൂചിക നേട്ടത്തിലെത്തിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരകയറുന്നതിന്റെ സൂചനയായിട്ട് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. മൂന്നാം പാദത്തില്‍ ഒട്ടുമിക്ക എഫ്.എം.സി.ജി ഓഹരികളും വലിയ നഷ്ടം നേരിട്ടിരുന്നു. റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ പൊതുമേഖല ബാങ്ക് സൂചികകളിലെ പിന്‍നടത്തം ആശങ്കയുണ്ടാക്കുന്നതാണ്.
ഇന്ന് ഏറെ നേട്ടം കൊയ്ത ഓഹരികളിലൊന്ന് എസ്ആര്‍എഫ് ലിമിറ്റഡാണ്. തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, പാക്കേജിംഗ് ഫിലിമുകള്‍, അലുമിനിയം ഫോയിലുകള്‍, മറ്റ് പോളിമറുകള്‍ എന്നിവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണിത്. മൂന്നാം പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധനയുണ്ടായതും കൂടുതല്‍ വളര്‍ച്ച നേടുമെന്ന വിലയിരുത്തലുമാണ് ഓഹരികള്‍ക്ക് കരുത്തായത്. ഇന്ന് 5.89 ശതമാനം ഉയര്‍ന്ന ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും പിന്നിട്ടു.
സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ഓഹരികള്‍ക്കും ഇന്ന് മികച്ച നേട്ടമാണ് സ്വന്തമാക്കാനായത്. 5.57 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ 5.12 ശതമാനവും മുന്നേറ്റം കാഴ്ചവച്ചു.
തുടര്‍ച്ചയായി താഴേക്ക് പതിക്കുന്ന ടാറ്റാ മോട്ടോഴ്‌സിന് ഇന്നും തിരിച്ചടി. ഇന്ന് ഒരുഘട്ടത്തില്‍ 52 ആഴ്ചയിലെ താഴ്ന്ന വിലയിലേക്കും ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ വീണിരുന്നു. മൂന്നാംപാദ ലാഭത്തില്‍ 22.5 ശതമാനം കുറഞ്ഞതാണ് ടാറ്റാ മോട്ടോഴ്‌സ് ഓഹരികളെ താഴ്ചയിലേക്ക് വീഴ്ത്തിയത്. 7.37 ശതമാനമാണ് ഇന്ന് ഈ ഓഹരികള്‍ താഴ്ന്നത്.
നഷ്ടം നേരിട്ട മറ്റൊരു ഓഹരി എ.ബി.ബി ഇന്ത്യയാണ്. 6.27 ശതമാനമാണ് ഇന്ന് ഓഹരികള്‍ക്ക് താഴേണ്ടിവന്നത്. ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്ട്‌വെയര്‍ (-5.63), ഐ.ടി.സി ഹോട്ടല്‍സ് ലിമിറ്റഡ് (-5.00), പേയ്ടിഎം (-4.66) ഓഹരികള്‍ക്കും വ്യാഴം ശുഭകരമായിരുന്നില്ല.
ഇന്നലെ മികച്ച നേട്ടം കൊയ്ത ഫാക്ട് ഓഹരികള്‍ക്ക് ഇന്ന് അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. 1.05 ശതമാനം താഴ്ന്നാണ് വ്യാപാരം ക്ലോസ് ചെയ്തത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടര്‍ച്ചയായ ദിവസങ്ങളിലെ മികവ് ആവര്‍ത്തിക്കുകയാണ്. 1.38 ശതമാനമാണ് ഉയര്‍ന്നത്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.13), മുത്തൂറ്റ് ഫിനാന്‍സ് (0.88), മണപ്പുറം ഫിനാന്‍സ് (0.12) ഓഹരികള്‍ക്കും നേട്ടത്തില്‍ ദിനം അവസാനിപ്പിക്കാനായി.
Read DhanamOnline in English
Subscribe to Dhanam Magazine