നാലാം നാള്‍ ശക്തമായ തിരിച്ചു വരവില്‍ വിപണി; ജിയോ ഫിനാൻഷ്യൽ, അദാനി പവർ, സ്കൂബി ഡേ നേട്ടത്തില്‍, കിറ്റെക്സ് ഇടിവില്‍

നിഫ്റ്റി സ്മാള്‍ക്യാപ് 1.03 ശതമാനവും മിഡ്ക്യാപ് 0.81 ശതമാനവും നേട്ടം രേഖപ്പെടുത്തി
stock close
Published on

മൂന്ന് ദിവസം തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന വിപണി ചൊവ്വാഴ്ച നേട്ടത്തിലെത്തി. എല്ലാ മേഖലകളിലും മികച്ച വാങ്ങലുകള്‍ നടന്നത് വിപണിക്ക് കരുത്തായി. സമീപകാല ഇടിവിന് ശേഷം മെറ്റൽ, റിയൽറ്റി മേഖലകളില്‍ മികച്ച വാങ്ങൽ താൽപ്പര്യമാണ് ഇന്ന് പ്രകടമായത്. ആഗോള വിപണികളിലെ പോസിറ്റീവ് വികാരവും ആഭ്യന്തര വിപണിക്ക് ഊര്‍ജം പകര്‍ന്നു. ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടത്തിലായിരുന്നു. വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്‌സും ഉയര്‍ന്നാണ് വ്യാപാരം നടത്തിയത്.

ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര കരാറിന്റെ അഭാവം മൂലം നിക്ഷേപകര്‍ ജാഗ്രതയോടെയുളള സമീപനമാണ് സ്വീകരിക്കുന്നത്. താരിഫ് ഏർപ്പെടുത്തുന്നതിനുള്ള അവസാന തീയതിയായ ഓഗസ്റ്റ് 1 അടുക്കുന്നത് നിക്ഷേപകരുടെ വികാരത്തെ വളരെയധികം ബാധിക്കുന്നതായി വിദഗ്ധർ വ്യക്തമാക്കുന്നു.

സെൻസെക്സ് 0.55 ശതമാനം ( 446 പോയിന്റ്) ഉയർന്ന് 81,337.95 ലും നിഫ്റ്റി 0.57 ശതമാനം (140 പോയിന്റ്) ഉയർന്ന് 24,821.10 ലും എത്തി.

എല്ലാ മേഖലകളും പച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. റിയൽറ്റി, മെറ്റൽ, ഫാർമ, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.

ടിസിഎസ് തങ്ങളുടെ ജീവനക്കാരിൽ രണ്ട് ശതമാനം പേരെ പിരിച്ചുവിട്ടേക്കുമെന്ന അപ്‌ഡേറ്റിനെത്തുടർന്ന് ഐടി സൂചിക (0.01%) മാത്രമാണ് പിന്നോട്ട് പോയത്.

നിഫ്റ്റി സ്മാള്‍ക്യാപ് 1.03 ശതമാനവും മിഡ്ക്യാപ് 0.81 ശതമാനവും നേട്ടം രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഏഷ്യൻ പെയിന്റ്സിന്റെ അറ്റാദായം ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 6 ശതമാനം കുറഞ്ഞ് 1,100 കോടി രൂപയായി. കഴിഞ്ഞ വർഷം സമാന പാദത്തിൽ ഇത് 1,170 കോടി രൂപയായിരുന്നു. എങ്കിലും ഓഹരി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ പെയിന്റ്സ് ഓഹരി 1.97 ശതമാനം ഉയര്‍ന്ന് 2,406 രൂപയിലെത്തി.

ഓഗസ്റ്റ് 1 ന് ഓഹരി വിഭജനം പരിഗണിക്കുമെന്ന് അദാനി ഗ്രൂപ്പ് കമ്പനി ബോർഡ് അറിയിച്ചതിനെത്തുടർന്ന് അദാനി പവർ ഓഹരികൾ ഏകദേശം 4 ശതമാനം ഉയർന്നു. കമ്പനി ജൂൺ പാദത്തിലെ ഫലങ്ങൾ ഓഗസ്റ്റ് 1 ന് പ്രഖ്യാപിക്കും. ഓഹരി 591 രൂപയിലാണ് ക്ലോസ് ചെയ്തത്.

ജിയോ ഫിനാൻഷ്യൽ (4.77%), റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

പ്രതിരോധ കമ്പനികളുടെ ഓഹരികൾ ഇന്ന് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. കമ്പനികളുടെ ത്രൈമാസ വരുമാനം മങ്ങിയത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. പാരസ് ഡിഫൻസ് ഓഹരികള്‍ ഏകദേശം 4 ശതമാനം ഇടിഞ്ഞ് 678 രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം അവലോകന പാദത്തിൽ 25 ശതമാനം ഇടിഞ്ഞ് 14.87 കോടി രൂപയായി. സെൻ ടെക്നോളജീസ് ഓഹരികൾ 5 ശതമാനം ഇടിഞ്ഞ് 1,606 രൂപയായി. 2026 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരികൾ ഏകദേശം 3 ശതമാനം ഇടിഞ്ഞു.

എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ്, ടി‌സി‌എസ്, ആക്സിസ് ബാങ്ക്, എച്ച്ഡി‌എഫ്‌സി ലൈഫ്, ടൈറ്റൻ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

മികച്ച പ്രകടനവുമായി കേരള ആയുര്‍വേദ

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. സ്കൂബി ഡേ ഗാര്‍മെന്റ്സ് 6 ശതമാനത്തിലധികം ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 119 രൂപയിലെത്തി. കേരള ആയുര്‍വേദ (4.99%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (3.56%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (4.15%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 1.40 ശതമാനവും ഫാക്ട് 1.31 ശതമാനവും നേട്ടം രേഖപ്പെടുത്തി.

കിറ്റെക്സ് ഗാര്‍മെന്റ്സ് 3.07 ശതമാനം നഷ്ടത്തില്‍ 240 രൂപയില്‍ ക്ലോസ് ചെയ്തു. വീ ഗാര്‍ഡ് (-1.67%), ടോളിന്‍സ് ടയേഴ്സ് (-0.98%), ഈസ്റ്റേണ്‍ ട്രെഡ്സ് (-1.80%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് കാര്യമായ പ്രകടനം നടത്താനായില്ല.

Stock market closing analysis 29 July 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com