സെന്‍സെക്‌സ് 65,000 ഭേദിച്ചു; ബി.എസ്.ഇയുടെ മൂല്യം 300 ലക്ഷം കോടിയിലേക്ക്‌

റെക്കോഡുകള്‍ കടപുഴക്കിയുള്ള ഇന്ത്യന്‍ ഓഹരി സൂചികകളുടെ കുതിപ്പ് തുടരുന്നു. ലയിച്ചൊന്നായ എച്ച്.ഡി.എഫ്.സി - എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളിലുണ്ടായ മൂന്ന് ശതമാനം വരെ മുന്നേറ്റത്തിന്റെ കരുത്തില്‍ സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 65,000 ഭേദിച്ചു. നിഫ്റ്റി 19,300 കടന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം


വ്യാപാരത്തിനിടെ ഒരുവേള 65,300 വരെയെത്തിയ സെന്‍സെക്‌സ്, വ്യാപാരാന്ത്യമുള്ളത് 486.49 പോയിന്റ് (0.75 ശതമാനം) നേട്ടവുമായി 65,205.05ല്‍. എക്കാലത്തെയും ഉയരമായ 19,345.10 വരെ മുന്നേറിയ നിഫ്റ്റി 133.50 പോയിന്റ് (0.70 ശതമാനം) നേട്ടവുമായി 19,322.55ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഹരി സൂചികകള്‍ നേട്ടത്തിലേറുന്നത്.

298.20 ലക്ഷം കോടി
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.80 ലക്ഷം കോടി രൂപ വര്‍ധിച്ച് 298.20 ലക്ഷം കോടി രൂപയിലെത്തി. ഇത് സര്‍വകാല റെക്കോഡാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂല്യത്തിലുണ്ടായ വര്‍ധന 14.08 ലക്ഷം കോടി രൂപയാണ്.
സെന്‍സെക്‌സില്‍ ഇന്ന് 1,972 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,721 കമ്പനികള്‍ നേരിട്ടത് നഷ്ടം. 147 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. 244 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 42 കമ്പനികള്‍ താഴ്ചയിലുമായിരുന്നു ഇന്ന് വ്യപാരം ചെയ്യപ്പെട്ടത്. 12 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 6 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമെത്തി. വെറും രണ്ടുലക്ഷം കോടി രൂപയ്ക്ക് താഴെ അകലത്തിലാണ് 300 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലില്‍ നിന്ന് ഇപ്പോള്‍ ബി.എസ്.ഇ.
മുന്നേറിയവര്‍
എച്ച്,ഡി.എഫ്.സി ഇരട്ടകള്‍ക്ക് പുറമേ ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐ.ടി.സി., ബി.പി.സി.എല്‍., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫൈനാന്‍സ് എന്നിവയുടെ ഓഹരികളിലുണ്ടായ നേട്ടവുമാണ് ഇന്ന് റെക്കോഡ് മുന്നേറ്റത്തിന് ഓഹരി സൂചികകള്‍ക്ക് ആവേശമായത്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

എല്‍ ആന്‍ഡ് ടി ഫൈനാന്‍സ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം മുന്നേറി ഓഹരികള്‍.
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 3.61 ശതമാനവും മെറ്റല്‍ 1.05 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 2.26 ശതമാനവും മുന്നേറി. 1.05 ശതമാനമാണ് എഫ്.എം.സി.ജി സൂചികയുടെ നേട്ടം. 18,000 കോടി രൂപയുടെ അവകാശ ഓഹരി വില്‍പനയ്ക്കുള്ള (Rights Issue) ബി.പി.സി.എല്ലിന്റെ നീക്കം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) ആദ്യ പകുതിയില്‍ നേരിട്ട നഷ്ടം നികന്നത് തുടങ്ങിയ ഘടകങ്ങളാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ ഓഹരിക്കുതിപ്പിന് ഇന്ന് ഇന്ധനമായത്.
നിഫ്റ്റി മിഡ്ക്യാപ്പ് 0.25 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.23 ശതമാനവും നേട്ടം ഇന്ന് രേഖപ്പെടുത്തി.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ വാഹനം, ഐ.ടി., ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ ഇന്ന് 0.27 മുതല്‍ 1.11 ശതമാനം വരെ ഇടിഞ്ഞു. പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, ബന്ധന്‍ ബാങ്ക്, കമിന്‍സ് ഇന്ത്യ, ലോറസ് ലാബ്‌സ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടത്തിലേക്ക് വീണത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. അദാനി ടോട്ടല്‍ ഗ്യാസ്, ട്രാന്‍സ്മിഷന്‍, അംബുജ സിമന്റ്, എ.സി.സി എന്നിവ മികച്ച നേട്ടം കൈവരിച്ചു. എന്നാല്‍ ഗ്രീന്‍ എനര്‍ജി, പോര്‍ട്‌സ്, പവര്‍, എന്‍.ഡി.ടിവി എന്നിവ നഷ്ടത്തിലേക്ക് വീണു. ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ്, സണ്‍ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് എന്നിവയും ഇന്ന് നിരാശപ്പെടുത്തി.

സണ്‍ ഫാര്‍മ ഓഹരികളുടെ മൂല്യം യഥാര്‍ത്ഥത്തില്‍ വേണ്ടതിനേക്കാള്‍ ഉയരത്തിലാണെന്ന (ഓവര്‍ വാല്യുവേഷന്‍) വിലയിരുത്തലുകളുണ്ട്. വിപണിയില്‍ കമ്പനിക്ക് വലിയ വെല്ലുവിളികള്‍ വൈകാതെ ഉണ്ടായേക്കാമെന്ന വിലയിരുത്തലുകളും ശക്തമാണ്. ഇതോടെ, കമ്പനിയുടെ ഓഹരികള്‍ നേരിട്ട തളര്‍ച്ച മറ്റ് ഫാര്‍മ ഓഹരികളെയും വലയ്ക്കുകയായിരുന്നു.
തിളങ്ങി ഫാക്ടും സൗത്ത് ഇന്ത്യന്‍ ബാങ്കും ഈസ്റ്റേണും
കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളില്‍ നിന്ന് ഏറ്റവും തിളക്കം ഫാക്ട്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയ്ക്കായിരുന്നു. വളം ഓഹരികളില്‍ പൊതുവേയുണ്ടായ കുതിപ്പിന്റെ കരുത്തില്‍ ഫാക്ട് ഓഹരികള്‍ ഇന്ന് 8.24 ശതമാനം കുതിച്ചു.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

ജൂണ്‍പാദത്തില്‍ മികച്ച വായ്പാ വളര്‍ച്ചയുണ്ടായത് ഉള്‍പ്പെടെ മികച്ച കണക്കുകള്‍ പുറത്തുവിട്ടത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളെ ഇന്ന് 6.28 ശതമാനം ഉയരത്തിലെത്തിച്ചു. 9.66 ശതമാനം കുതിപ്പാണ് ഈസ്റ്റേണ്‍ ട്രെഡ്‌സ് നടത്തിയത്.

പ്രൈമ ഇന്‍ഡസ്ട്രീസ്, സഫ സിസ്റ്റംസ്, ധനലക്ഷ്മി ബാങ്ക് എന്നിവയും ഇന്ന് മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
പ്രൈമ അഗ്രോ, അപ്പോളോ ടയേഴ്‌സ്, മണപ്പുറം ഫൈനാന്‍സ്, വണ്ടര്‍ല ഹോളിഡെയ്‌സ് എന്നിവ ഇന്ന് നഷ്ടം നേരിട്ടവയുടെ ശ്രേണിയിലാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it